ലോർഡ്സിൽ ഇന്ത്യ ഇന്നിങ്സിനും 159 റൺസിനും തോറ്റു; പരമ്പരയിൽ 2–0ന് പിന്നിൽ

ലോർഡ്സിൽ ഇന്ത്യയെ തോൽപ്പിച്ച ഇംഗ്ലണ്ട് ടീമിന്റെ ആഹ്ലാദം.

ലണ്ടൻ ∙ ലോർഡ്സിൽ അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ല. മഴ വിട്ടുനിന്ന നാലാം ദിനം ഇംഗ്ലണ്ട് പേസർമാർക്കു മുന്നിൽ തകർന്നടിഞ്ഞ ഇന്ത്യ രണ്ടാം ടെസ്റ്റ് സുന്ദരമായി തോറ്റു. 289 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്ങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 130 റൺസെടുക്കുന്നതിനിടെ ഇംഗ്ലണ്ട് പേസർമാർ ചുരുട്ടിക്കെട്ടി. ഇന്നിങ്ങ്സിനും 159 റൺസിനുമാണ് ഇംഗ്ലണ്ടിന്റെ ജയം. 

നാലു വിക്കറ്റുവീതം വീഴ്ത്തിയ ജയിംസ് ആൻഡേർസനും സ്റ്റുവർട്ട് ബ്രോഡുമാണ് ഇംഗ്ലണ്ട് ജയം അനായാസമാക്കിയത്. മൂന്നാം ദിനം സെഞ്ചുറി നേടിയ ക്രിസ് വോക്സ് രണ്ടു വിക്കറ്റെടുത്തു. 33 റൺസോടെ പുറത്താകാതെനിന്ന അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ വിരാട് കോഹ്‌ലി 17 റൺസിനു പുറത്തായി. ആദ്യ ഇന്നിങ്ങ്സ് പുനരാരംഭിച്ച ഇംഗ്ലണ്ട് ഇന്നലെ 7–396 എന്ന സ്കോറിൽ ഡിക്ലയർ ചെയ്തിരുന്നു. ക്രിസ് വോക്സ് 137 റൺസോടെ പുറത്താകാതെനിന്നു. വോക്സാണ് മാൻ ഓഫ് ദ് മാച്ച്. ജയത്തോടെ അഞ്ചു കളികളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 2–0നു മുന്നിലെത്തി.

ഇംഗ്ലണ്ടിന്റെ വമ്പൻ സ്കോർ പിന്തുടർന്ന ഇന്ത്യയ്ക്ക് മൂന്നാം ഓവറിൽത്തന്നെ ആദ്യ ആഘാതമേറ്റു. ജയിംസ് ആൻഡേഴ്സന്റെ ഇൻസ്വിങ്ങർ പ്രതിരോധിക്കാൻ ശ്രമിച്ച മുരളി വിജയ്‌ (0) വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയ്ക്കു ക്യാച്ച് നൽകി പുറത്ത്. ആദ്യ ഇന്നിങ്ങ്സിലും വിജയ് പൂജ്യത്തിനാണു പുറത്തായത്. ആൻഡേഴ്സന്റെ മറ്റൊരു തകർപ്പൻ ഇൻ സ്വിങ്ങറിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി രാഹുലും (10) മടങ്ങി. സ്കോർബോർഡിൽ 13 റൺസ് ചേർക്കുന്നതിനിടെ രണ്ട് ഓപ്പണർമാരെയും നഷ്ടമായതോടെ നായകൻ വിരാട് കോഹ്‌ലി അജിങ്ക്യ രഹാനെയ്ക്കു സ്ഥാനക്കയറ്റം നൽകി.

മികച്ച ലെങ്തിൽ പന്തെറിഞ്ഞ ഇംഗ്ലണ്ട് പേസർമാർക്കെതിരെ പുജാര– രഹാനെ സഖ്യം തപ്പിത്തടഞ്ഞു മുന്നേറുന്നതിനിടെ മഴ അൽപനേരം കളിമുടക്കി. മൽസരം പുനരാരംഭിച്ചപ്പോൾ പിച്ചിലെ ഈർ‌പ്പം മുതലെടുത്ത ഇംഗ്ലണ്ട് പേസർമാർ പന്ത് നന്നായി സ്വിങ് ചെയ്യിച്ചതോടെ ഇന്ത്യ പൂർണമായും പ്രതിരോധത്തിലേക്കു വലിഞ്ഞു.ആദ്യ സ്പെല്ലിൽ നിരാശപ്പെടുത്തിയ സ്റ്റുവർട്ട് ബ്രോഡിന്റെ ഊഴമായിരുന്നു പിന്നീട്. മികച്ച രീതിയിൽ ബാറ്റുചെയ്തിരുന്ന രഹാനെ ബ്രോഡിന്റെ പന്തിൽ അനാവശ്യ ഷോട്ടിനു ശ്രമിച്ച് സ്ലിപ്പിൽ ക്യാച്ച് നൽകി പുറത്തായി. പിന്നീടു ക്രീസിലെത്തിയ വിരാട് കോഹ്‌ലിയും അമിതാവേശത്തിനു മുതിരാതെയിരുന്നതോടെ ഇന്ത്യയുടെ റൺ നിരക്ക് രണ്ടിലും താഴെയായി. 

പിഴവുകൾ തുടരെ ആവർത്തിച്ച പുജാരയുടെ (17) വിക്കറ്റ് ബ്രോഡിന്റെ ഇൻസ്വിങ്ങറിൽ തെറിച്ചതോടെ കോഹ്‌ലിക്കു കൂട്ടാളിയായി ഹാർദിക് ക്രീസിൽ. അധികം താമസിയാതെ കോഹ്‌ലിയെയും ബ്രോഡ് മടക്കി. കോഹ്‌ലിയുടെ കൈയുറയിലുരസിയ പന്ത് ഷോട്ട് ലെഗിൽ ഒലി പോപ്പ് കൈപ്പിടിയിലൊതുക്കി. ഏഴാമനായിറങ്ങിയ ദിനേഷ് കാർത്തിക് (0) തൊട്ടടുത്ത പന്തിൽ ബ്രോഡ് വിക്കറ്റിനുമുന്നിൽ കുടുക്കി. പരമ്പരയിലെ നാല് ഇന്നിങ്ങ്സുകളിൽ രണ്ടാം വട്ടമാണു കാർത്തിക് പൂജ്യത്തിനു പുറത്താകുന്നത്. 

ഏഴാം വിക്കറ്റിൽ ഒത്തു ചേർന്ന ഹാർദിക്– അശ്വിൻ സഖ്യം ചേർത്ത 55 റൺസാണ് ഇന്ത്യൻ സ്കോർ നൂറു കടത്തിയത്. ക്രിസ് വോക്സിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയതോടെ ഹാർദികിന്റെ (26) പോരാട്ടം അവസാനിച്ചു. ഇന്ത്യൻ വാലറ്റവും കാര്യമായ സംഭാവനകൾ നൽകാതെ ഇംഗ്ലണ്ട് പേസർമാർക്കു മുന്നിൽ വീണതോടെ 47 ഓവറിൽ ഇന്ത്യയുടെ പതനം പൂർണമായി. 

∙ സ്കോർബോർഡ്

ആദ്യ ഇന്നിങ്ങ്സിൽ ഇന്ത്യ 107നു പുറത്ത്, ഇംഗ്ലണ്ട് ആദ്യ ഇന്നിങ്ങ്സിൽ‌ 7–396 ഡിക്ലയേർഡ്.ഇന്ത്യ രണ്ടാം  ഇന്നിങ്ങ്സ്: വിജയ് സി ബെയർസ്റ്റോ ബി ആൻഡേർസൻ 0, രാഹുൽ എൽബിഡബ്ല്യു ബി ആൻഡേർസൻ 10, പുജാര ബി ബ്രോഡ് ‌17, രഹാനെ സി ജെന്നിങ്ങ്സ് ബി ബ്രോഡ് 13, കോഹ്‌ലി സി പോപ്പ് ബി ബ്രോഡ് 17, ഹാർദിക് എൽബിഡബ്ല്യു ബി വോക്സ് 26, കാർത്തിക് എൽബിഡബ്ല്യു ബി ബ്രോഡ് 0, അശ്വിൻ 33, കുൽദീപ് ബി ആൻഡേഴ്സൻ 0, ഷമി എൽബിസബ്ല്യു ബി ആൻഡേഴ്സൻ 0, ഇഷാന്ത് സി പോപ്പ് ബി വോക്സ് 2, എക്സ്ട്രാസ് 12. ആകെ 130നു പുറത്ത്. 

ബോളിങ്: ആൻഡേർസൻ 12–5–23–4, ബ്രോഡ് 16–6–44–4, വോക്സ് 10–2–24–2, കറൻ 9–1–27–0.

വിക്കറ്റുവീഴ്ച്ച: 1–0 (വിജയ്), 2–13 (രാഹുൽ), 3–35 (രഹാനെ), 4–50 (പുജാര), 5–61 (കോ‌ഹ്‌ലി), 6–61 (കാർത്തിക്), 7–116 (ഹാർദിക്), 8–121 (കുൽദീപ്), 9–125 (ഷമി), 10–130 (ഇഷാന്ത്)