Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാം ടെസ്റ്റും തോറ്റ ഇന്ത്യ പരമ്പര നഷ്ടത്തിന്റെ വക്കിൽ; കൈവിട്ടല്ലോ ‘ലോർഡ്സ്’!

CRICKET-TEST-ENG-IND/ കണ്ണുതള്ളുന്ന കാഴ്ചകൾ: രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ലോർഡ്സിന്റെ ബാൽക്കണിയിൽ ശാസ്ത്രിയും കോഹ്‌ലിയും

ലണ്ടൻ∙ ബർമിങ്ങാം, ലോർഡ്സ്... ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ കൂട്ടക്കുരുതി അവസാനിക്കുന്നില്ല. ക്രിക്കറ്റിന്റെ കളിത്തൊട്ടിലായ ലോർഡ്സിലിതാ ഇന്നിങ്സ് തോൽവി. ആശ്വസിക്കാം, 1974ൽ ഇന്നിങ്സിനും 285 റൺസിനും ഇംഗ്ലണ്ടിനോട് ഇവിടെ തോറ്റിട്ടുണ്ട് ! നാട്ടിലെ പുലിക്കുട്ടികൾ ലോർഡ്സിൽ പുല്ലുതിന്നുമെന്ന് ഒരിക്കൽകൂടി തെളിയിച്ചു. പന്തിന്റെ ഗതിയറിയാതെ ബാറ്റ്സ്മാൻമാർ വിറച്ചുവീണപ്പോൾ തുടർച്ചയായി രണ്ടാം ജയത്തിന്റെ പകിട്ടോടെ ഇംഗ്ലണ്ട് ചിരിക്കുന്നു.

ലോർഡ്സിലെ 18 ടെസ്റ്റുകളിൽ ഇന്ത്യയുടെ 12–ാം തോൽവി. ജയം രണ്ടു തവണ മാത്രം. നിരുത്തുരവാദ ബാറ്റിങ് എന്ന് ആരാധകരും വിദഗ്ധരും കുറ്റപ്പെടുത്തുമ്പോൾ നായകൻ വിരാട് കോഹ്‌ലി വിരൽ ചൂണ്ടുന്നതു മറ്റൊരു പ്രശ്നത്തിലേക്ക്. ബാറ്റ്സ്മാൻമാരുടെ പിഴവുകൾ സാങ്കേതികമല്ല, മാനസികമാണത്രെ. പന്തിന്റെ ഗതിയെക്കുറിച്ച് ആവശ്യമില്ലാത്ത ആശങ്കകൾക്കു ബാറ്റ്സ്മാൻമാർ കീഴ്പ്പെടുന്നു. 2–0 ജയത്തോടെ ഇംഗ്ലണ്ട് അഞ്ചു മൽസര പരമ്പരയിൽ മികച്ച ലീഡ് സ്വന്തമാക്കിക്കഴിഞ്ഞു.

ആൻഡേഴ്സൻ–ബ്രോഡ്

ഇംഗ്ലണ്ടിന്റെ സീമർമാരായ ജയിംസ് ആൻഡേഴ്സനും സ്റ്റുവർട്ട് ബ്രോഡിനും ലോർഡ്സിൽ വീര്യം കൂടും. രണ്ടാം ടെസ്റ്റിനിടെ ലോർഡ്സിലെ വിക്കറ്റു നേട്ടത്തിൽ സെഞ്ചുറി തികച്ച ആൻഡേഴ്സനാണു ടെസ്റ്റ് ക്രിക്കറ്റിൽ ലോർഡ്സിലെ വിക്കറ്റു വേട്ടക്കാരിൽ ഒന്നാമൻ. 23 കളികളിൽനിന്ന് 103 വിക്കറ്റുകൾ. 21 കളികളിൽനിന്ന് സ്വന്തമാക്കിയ 83 വിക്കറ്റുകളോടെ ബ്രോഡ് തൊട്ടുപിന്നിൽ.

രണ്ടാം ടെസ്റ്റിൽ ഒൻപതു വിക്കറ്റെടുത്ത ആൻഡേഴ്സനും അഞ്ചു വിക്കറ്റെടുത്ത ബ്രോഡുമാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്. എജ്ബാസ്റ്റൻ ടെസ്റ്റിൽ തിളങ്ങാനാകാതെപോയ ബ്രോഡും ഫോമിലേക്കുയർന്നതോടെ ഇംഗ്ലണ്ടിന്റെ ബോളിങ് വിഭാഗം കൂടുതൽ കരുത്തുറ്റതായി. 

ദയനീയം പുജാര

ഇംഗ്ലിഷ് ക്ലബ്ബായ യോർക്‌ഷെറുമായി വീണ്ടും കരാറിൽ ഏർപ്പെട്ടതു ചേതേശ്വർ പുജാരയ്ക്കു ഗുണത്തെക്കാളേറെ ദോഷമായോ ? അടുത്തിടെ അവസാനിച്ച റോയൽ ലണ്ടൻ ഏകദിന കപ്പിൽ യോർക്‌ഷെറിനായി നിരാശപ്പെടുത്തുന്ന പ്രകടനമാണു പുജാര കാഴ്ചവച്ചത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും തിളങ്ങാത്തതോടെ ടീമിൽ പുജാരയുടെ സ്ഥാനം സംശയത്തിലായി.

ആദ്യ ഇന്നിങ്ങ്സിൽ 87 പന്തുകൾ നേരിട്ട പുജാര പലവട്ടവും ഭാഗ്യം കൊണ്ടു മാത്രമാണു പുറത്താകലിൽനിന്നു രക്ഷപ്പെട്ടത്. നേടാനായത് 17 റൺസ്. രണ്ടാം ഇന്നിങ്ങ്സിൽ പുറത്തായത് ഒരു റണ്ണിനും. 21.76 ആണ് ഇംഗ്ലണ്ടിലെ ടെസ്റ്റുകളിൽ താരത്തിന്റെ ശരാശരി. 

നിറം മങ്ങി പാണ്ഡ്യ

ഇന്ത്യയുടെ രണ്ടാം കപിൽ ദേവ് എന്ന വിളിപ്പേരോടെയായിരുന്നു ഹാർദിക് പാണ്ഡ്യയുടെ അരങ്ങേറ്റം. പക്ഷേ, 11, 26 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ടെസ്റ്റിൽ ഹാർദിക്കിന്റെ റൺ സംഭാവന. നേടാനായത് രണ്ടു വിക്കറ്റുകൾ. കഴിഞ്ഞ വർഷത്തെ ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കു പിന്നാലെ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ടു കളികളിലും നിരാശപ്പെടുത്തിയ ഹാർദിക്കിനെ മൂന്നാം ടെസ്റ്റിൽ ഉൾപ്പെടുത്തുമോയെന്നു കണ്ടറിയണം.

സൂപ്പർ ഫിനിഷർ എന്ന നിലയിൽ പേരെടുത്ത ദിനേശ് കാർത്തിക് ആണ് വിമർശന ശരങ്ങളേൽക്കുന്ന മറ്റൊരു താരം. പരമ്പരയിലെ നാല് ഇന്നിങ്സുകളിൽ രണ്ടു വട്ടമാണു കാർത്തിക് ‘സംപൂജ്യനായി’ മടങ്ങിയത്. തുടർച്ചയായി നിരാശപ്പെടുത്തുന്ന കാർത്തിക്കിനു പകരം യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ പരീക്ഷിക്കണം എന്ന അഭിപ്രായമുയരുന്നുണ്ട്. 

പാളുന്ന പരീക്ഷണങ്ങൾ 

ലോർഡ്സിലെ വിക്കറ്റിൽ പന്തു തിരിയുമെന്നു കണക്കാക്കി ഉമേഷ് യാദവിനു പകരം കുൽദിപ് യാദവിനെ ടീമിലെടുത്തത് ഇന്ത്യയ്ക്കു ഗുണം ചെയ്തില്ല. ആദ്യ രണ്ടു ദിവസങ്ങളിലും തകർത്തു പെയ്ത മഴയിൽ കുതിർന്ന പിച്ചിൽ ഒൻപത് ഓവർ മാത്രം ബോൾ ചെയ്ത കുൽദീപിന് ഒരു വിക്കറ്റ് പോലും നേടാനായില്ല.

ആദ്യ കളിയിൽ നിരാശപ്പെടുത്തിയ ശിഖർ ധവാനു പകരം ഓപ്പണറായി ഇറക്കിയ രാഹുലും നിരാശപ്പെടുത്തിയതോടെ ഓപ്പണിങ് വിക്കറ്റിൽ ആര് എന്നത് ഇന്ത്യയ്ക്കു തലവേദനയായി തുടരുകയാണ്. പരുക്കേറ്റു വിശ്രമത്തിലിരിക്കുന്ന ജസ്പ്രിത് ബുമ്ര അടുത്ത കളിയിൽ ടീമിലേക്കു മടങ്ങിയെത്തുമോ എന്നുള്ള കാര്യവും സംശയത്തിലാണ്. 

പിഴവുകൾ മാനസികമെന്ന് കോഹ്‌ലി

ഇന്ത്യൻ ബാറ്റ്സ്മാൻമാർ നേരിടുന്നത് സാങ്കേതിക പ്രശ്നമല്ല, മറിച്ചു മാനസിക പ്രശ്നമാണെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു കളികളിലും പരാജയപ്പെട്ട ഇന്ത്യൻ‌ ബാറ്റ്സ്മാൻമാരോട് സമ്മർദത്തിന് അടിപ്പെടരുതെന്നും കാര്യങ്ങൾ ലളിതമാക്കാനുമാണു കോഹ്‌ലിയുടെ ഉപദേശം. ഇംഗ്ലണ്ടിലെ ദുർഘടമായ സാഹചര്യങ്ങളെ മനഃക്കരുത്തുകൊണ്ടു മാത്രമേ നേരിടാനാകൂ എന്നാണു മൽസരത്തിനുശേഷം കോഹ്‌ലി പറഞ്ഞത്.

‘ബാറ്റിങ് ദുർഘടമായ സാഹചര്യത്തിലാണു രണ്ട് ഇന്നിങ്സിലും ഇന്ത്യയ്ക്കു ബാറ്റ് ചെയ്യേണ്ടിവന്നത്, നല്ല കാലാവസ്ഥയിലിരുന്ന മൂന്നാം ദിനത്തിലാണു ഞങ്ങൾക്കു പന്തെറിയേണ്ടിവന്നത് എന്നുള്ളതൊന്നും തോൽവിക്കുള്ള ന്യായീകരണങ്ങളല്ല, മുന്നിലുള്ള മൽസരങ്ങളിൽ പ്രകടനം എങ്ങനെ മെച്ചപ്പെടുത്താമെന്ന് ആലോചിക്കുകയാണു വേണ്ടത്’, കോഹ്‌ലിയുടെ വാക്കുകൾ. ഏതെങ്കിലും ഒരു താരത്തിനു മാത്രമല്ല തോൽവിയുടെ ഉത്തരവാദിത്തമെന്നും ഇന്ത്യൻ നായകൻ പറഞ്ഞു.

related stories