ബോൾ ചെയ്തില്ല, ക്യാച്ചെടുത്തില്ല, ബാറ്റിങ്ങിനും ഇറങ്ങിയില്ല; കിട്ടിയത് ലക്ഷങ്ങൾ!

ആദിൽ റഷീദ് (ഫയൽ ചിത്രം)

ലണ്ടൻ∙ ഒരു പന്തുപോലും ഏറിഞ്ഞില്ല. ബാറ്റിങ്ങിന് ഇറങ്ങിയതേയില്ല. ഒരു ക്യാച്ചുപോലും എടുത്തില്ല, റണ്ണൗട്ടിലും പങ്കാളിയായില്ല. എന്നിട്ടും വിജയിച്ച ടീമിന്റെ ഭാഗമായി ഈ താരം. കാര്യമായി വിയർക്കാതെ വിജയികൾക്കൊപ്പം നിലയുറപ്പിച്ച ഈ താരം മറ്റാരുമല്ല. ഇംഗ്ലണ്ടിന്റെ സ്പിന്‍ ബോളർ ആദിൽ റഷിദ്. ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് റഷീദിന്റെ ഈ ‘നേട്ടം’.

ഒരു ടെസ്റ്റ് മൽസരത്തിൽ ഒരു ബോൾ പോലും ചെയ്യാതെ, ഒരു പന്തുപോലും ബാറ്റു ചെയ്യാതെ, ക്യാച്ചിലോ റണ്ണൗട്ടിലോ പങ്കാളിയാകാതെ പോകുന്ന 14–ാമത്തെ താരമാണ് റഷീദ്. കഴിഞ്ഞ 13 വർഷത്തിനിടെ ഈ ‘നേട്ടം’ കൈവരിക്കുന്ന ആദ്യ ഇംഗ്ലിഷ് താരവും. എന്തായാലും കാര്യമായ അധ്വാനമൊന്നും വേണ്ടിവന്നില്ലെങ്കിലും മറ്റു താരങ്ങൾക്കു ലഭിച്ചതുപോലെ ആദിൽ റഷീദിന് ഈ മൽസരത്തിൽനിന്ന് പ്രതിഫലമായി ലഭിക്കുന്നത് പത്തു ലക്ഷത്തിലധികം രൂപയാണ്!

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലിഷ് പേസ് പടയ്ക്കു മുന്നിൽ പൊരുതാതെ കീഴടങ്ങിയതോടെയാണ് സ്പിന്നറായ റഷീദിന് ബോൾ ചെയ്യാൻ അവസരം ലഭിക്കാതെ പോയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ അഞ്ചിന് 131 റൺസ് എന്ന നിലയിൽ തകർന്നെങ്കിലും ആറാം വിക്കറ്റിൽ ക്രിസ് വോക്സ്–ജോണി ബെയർസ്റ്റോ സഖ്യം 189 റൺസ് കൂട്ടുകെട്ട് തീർത്തതോടെ വാലറ്റത്തിന് ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല. ജോണി ബെയർസ്റ്റോയ്ക്ക് പിന്നാലെ വോക്സിനൊപ്പം സാം കറനും അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് പുറത്തായതോടെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയും ചെയ്തു.

289 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിലും ഇംഗ്ലിഷ് പേസ് പടയ്ക്കു മുന്നിൽ തകർന്നടിഞ്ഞതോടെ ഇക്കുറിയും റഷീദിന് ബോളെടുക്കേണ്ടി വന്നില്ല. ഇംഗ്ലണ്ട് ഫീൽഡ് ചെയ്യുമ്പോൾ റഷീദിന്റെ സ്ഥാനം സ്ലിപ്പിലല്ലാത്തതിനാൽ ക്യാച്ചുകൾക്കും സാധ്യതയില്ലാതെ പോയി. ഇതോടെ ‘പണിയെടുക്കാതെ’ തന്നെ കൂലി കിട്ടുന്ന അവസ്ഥയിലാണ് 12–ാമത്തെ മാത്രം ടെസ്റ്റ് മൽസരം കളിക്കുന്ന റഷീദ്.

എന്തായാലും ടെസ്റ്റ് ക്രിക്കറ്റിന്റെ 141 വർഷത്തെ ചരിത്രത്തിൽ ഇത്തരമൊരു റെക്കോർഡ് തീർത്തും വിരളമാണ്. റഷീദിനു മുൻപ് ഒരു കളിയിൽ ബാറ്റിങ്ങിനോ ബോളിങ്ങിനോ ഇറങ്ങാതിരിക്കുകയും ക്യാച്ചോ, സ്റ്റംപിങ്ങോ നേടാതെ പോവുകയും ചെയ്ത താരങ്ങൾ 13 പേർ മാത്രം.

ഇംഗ്ലണ്ട് ടീമിൽ ഇത്തരമൊരു സംഭവം ഇതിനു മുൻപ് നടന്നത് 2005ൽ ഇതേ വേദിയിലാണ്. അന്ന് ബംഗ്ലദേശിനെതിരെ ആതിഥേയർ ഇന്നിങ്സിനും 261 റൺസിനും ജയിച്ചപ്പോൾ ടീമിലുണ്ടായിരുന്ന ഗാരത് ബാറ്റിയ്ക്ക് കാര്യമായൊന്നും ചെയ്യേണ്ടിവന്നില്ല. റാഷിദിനെ ടീമിലെടുത്തതിന്റെ പേരിൽ അദ്ദേഹത്തിന്റെ കൗണ്ടി ടീമായ യോർക്‌ഷയറിൽനിന്ന് ഇംഗ്ലിഷ് സെലക്ടർമാർ കടുത്ത വിമർശനം നേരിട്ടിരുന്നുവെന്നതും മറ്റൊരു കൗതുകം.

ഇന്ത്യ തോറ്റ എ‍ജ്ബാസ്റ്റൻ ടെസ്റ്റിൽ റഷീദ് ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയിരുന്നു. ഒന്നാം ഇന്നിങ്സിൽ 13 റൺസും രണ്ടാം ഇന്നിങ്സിൽ 16 റൺസും നേടിയ റഷീദ്, മൽസരം ഇന്ത്യയിൽനിന്നകറ്റിയ രണ്ടാം ഇന്നിങ്സിലെ അർധസെഞ്ചുറി കൂട്ടുകെട്ടിൽ സാം കറനൊപ്പം പങ്കാളിയാവുകയും ചെയ്തു. ഈ മൽസരത്തിൽ 40 റൺസ് വഴങ്ങി റഷീദ് മൂന്നു വിക്കറ്റും വീഴ്ത്തി.