Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശാസ്ത്രി ചാപ്പലിനേക്കാൾ ദോഷം, ഞങ്ങൾക്ക് കുംബ്ലെ മതി: ആരാധകർ രോഷത്തിലാണ്!

shastri-kumble-kohli രവി ശാസ്ത്രി, അനിൽ കുംബ്ലെ, വിരാട് കോഹ്‍ലി.

മുംബൈ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തുടർച്ചയായി തോൽവി വഴങ്ങിയ ഇന്ത്യൻ ടീം പരിശീലകൻ രവിശാസ്ത്രിക്കെതിരെ ട്വിറ്ററിൽ ആരാധക രോഷം ഇരമ്പുന്നു. പൊരുതാനുള്ള മനസ്സുപോലും കാട്ടാതെ ടീം ദയനീയമായി തോറ്റതോടെ, ശാസ്ത്രിയെ ഇന്ത്യൻ പരിശീലക സ്ഥാനത്തുനിന്നു പുറത്താക്കണമെന്ന ആവശ്യം ശക്തമായി. ശാസ്ത്രിക്കു വഴിമാറി കൊടുക്കേണ്ടിവന്ന അനിൽ കുംബ്ലെയെ തിരികെ കൊണ്ടുവരണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യത്തിനും വലിയ പിന്തുണയാണ് ലഭിക്കുന്നത്. പരിശീലകനെന്ന നിലയിൽ ഇന്ത്യയ്ക്ക് മികച്ച നേട്ടങ്ങൾ സമ്മാനിച്ചിരുന്ന കുംബ്ലെയെ, ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുൾപ്പെടെയുള്ള മുതിർന്ന താരങ്ങളുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിലാണ് പുറത്താക്കിയത്.

സമനിലയ്ക്കായി കളിക്കാനല്ല ഇന്ത്യ ഇംഗ്ലണ്ടിൽ വന്നിരിക്കുന്നതെന്ന് പരമ്പരയ്ക്കു മുന്നോടിയായി ശാസ്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. വന്നത് തോൽക്കാനാണെന്നാണ് ഇതിനർഥമെന്ന് അറിയില്ലായിരുന്നുവെന്നാണ് ആരാധകരുടെ പ്രതികരണം. രവി ശാസ്ത്രി ‘കാറ്റുനിറച്ച ബലൂണാ’ണെന്നും എത്രയും വേഗം അദ്ദേഹത്തെ പുറത്താക്കി പ്രഫഷനലായിട്ടുള്ള ഒരാളെ കൊണ്ടുവരണമെന്നുമാണ് ഇവരുടെ ആവശ്യം. പരിശീലകനെന്ന നിലയിൽ ഗ്രെഗ് ചാപ്പലിനേക്കാൾ ഇന്ത്യൻ ക്രിക്കറ്റിന് ഉപദ്രവകാരിയാകും ശാസ്ത്രിയെന്ന് മുന്നറിയിപ്പു നൽകുന്ന ആരാധകരുമുണ്ട്.

സമീപകാലത്ത് ഇന്ത്യ കാര്യമായ വെല്ലുവിളി നേരിട്ടിട്ടുള്ള പരമ്പരകളിലെല്ലാം ടീം തോറ്റ കാര്യവും ആരാധകർ ചൂണ്ടിക്കാട്ടുന്നു. രവി ശാസ്ത്രിക്കു കീഴിൽ ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് പരമ്പര തോറ്റ ഇന്ത്യ, ഇംഗ്ലണ്ടിലും സമാന സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയിലെ ഏഴാമൻ പോലും സെഞ്ചുറി നേടിയ സ്ഥാനത്താണ് പുകൾപെറ്റ ഇന്ത്യ ബാറ്റിങ് നിര ദയനീയമായി പരാജയപ്പെടുന്നതെന്നും ഇവർ വ്യക്തമാക്കുന്നു.

കോഹ്‍ലിക്കെതിരെയും വാളെടുത്ത് ആരാധകർ

നല്ല ബാറ്റ്സ്മാനാണെന്നത് നല്ല ക്യാപ്റ്റനാകുന്നതിനുള്ള മാനദണ്ഡമല്ലെന്ന് ചൂണ്ടിക്കാട്ടി ക്യാപ്റ്റൻ വിരാട് കോഹ‍്‌ലിക്കെതിരെ വാളെടുക്കുന്ന ആരാധകരുമുണ്ട്. എജ്ബാസ്റ്റൻ ടെസ്റ്റിലെ ഇന്ത്യയുടെ തോൽവിക്ക് കാരണം കോഹ്‍ലിയുടെ ക്യാപ്റ്റൻസിയാണെന്ന സമാനമായ അഭിപ്രായം മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈനും പങ്കുവച്ചിരുന്നു. രണ്ടാം ടെസ്റ്റും തോറ്റതോടെ കോഹ്‍ലിയുടെ ക്യാപ്റ്റൻസിയെ പഴിക്കുന്ന ആരാധകരുടെ എണ്ണവും കൂടുകയാണ്.

ഒന്നാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സുകളിലും മികച്ച പ്രകടനം പുറത്തെടുത്ത കോ‍ഹ്‌ലി ഒറ്റയ്ക്കാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യയെ താങ്ങിനിർത്തിയത്. ബാറ്റ്സ്മാനെന്ന നിലയിൽ മികവു കാട്ടുമ്പോഴും ക്യാപ്റ്റൻസിയിൽ കോഹ്‍ലി പരാജയമാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.

വിശദീകരണം തേടാൻ ബിസിസിഐ

ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റ് മല്‍സരങ്ങളിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ക്യാപ്റ്റന്‍‌ വിരാട് കോഹ്‌ലിയോടും പരിശീലകന്‍ രവി ശാസ്ത്രിയോടും ബിസിസിഐ വിശദീകരണം തേടുമെന്ന അഭ്യൂഹം ശക്തമാണ്. വർഷങ്ങളായി ഇന്ത്യൻ ടീമിൽ ഇരുവരും തുടരുന്ന അപ്രമാദിത്വത്തിന് ഇതോടെ വിരാമമാകുമെന്ന് കരുതുന്നവരും കുറവല്ല.

പരമ്പരയ്ക്കൊരുങ്ങാന്‍ മതിയായ സമയം ലഭിച്ചിട്ടും മോശം പ്രകടനമാണ് ടീം കാഴ്ചവയ്ക്കുന്നതെന്നാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ക്യാപ്റ്റനോടും പരിശീലകനോടും വിശദീകരണം തേടാൻ ക്രിക്കറ്റ് ബോർഡിന്റെ നീക്കം. ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാറിന്റെയും ഫീല്‍ഡിങ് കോച്ച് ആര്‍.ശ്രീധറിന്റെയും പ്രകടനവും ക്രിക്കറ്റ് ബോര്‍ഡിന്റെ നിരീക്ഷണത്തിലാണ്.

ആദ്യ രണ്ടു ടെസ്റ്റുകളിൽ ദയനീയ തോൽവിയേറ്റു വാങ്ങിയ ടീമിനെതിരെ കടുത്ത പ്രതിഷേധമാണ് ആരാധകരിൽനിന്നും മുൻ താരങ്ങളിൽനിന്നും ഉയരുന്നത്. ഈ സാഹചര്യത്തിൽ ശനിയാഴ്ച തുടങ്ങുന്ന മൂന്നാമത്തെ ടെസ്റ്റിന്റെ ഫലമറിഞ്ഞ ശേഷം അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ തിരഞ്ഞെടുത്താല്‍ മതിയെന്ന് ബിസിസിഐ തീരുമാനിക്കുകയും ചെയ്തു.

ന്യായീകരണങ്ങളിൽ കാര്യമില്ല

തയാറെടുപ്പിന് ആവശ്യത്തിന് സമയം ലഭിച്ചില്ലെന്ന് ന്യായം പറയാൻ ടീമിനാകില്ലെന്ന് ബിസിസിഐ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണാഫ്രിക്കയിൽ തോൽവി വഴങ്ങിയപ്പോൾ ഒരുങ്ങാൻ മതിയായ സമയം കിട്ടിയില്ലെന്നും മൽസരങ്ങൾ തമ്മിൽ കാര്യമായ അകലമില്ലെന്നുമാണ് ടീം കാരണം പറഞ്ഞത്. ഇംഗ്ലണ്ടിൽ ഈ ന്യായീകരണം നിലനിൽക്കില്ല. ഇക്കുറി പരിമിത ഓവർ മൽസരങ്ങൾ ആദ്യം നടത്തിയതുപോലും ടീമിനോട് അഭിപ്രായം തേടിയിട്ടാണ്.

ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി ടീം ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം നടത്തിക്കൊടുത്തതാണെന്നും ബിസിസിഐ അധികൃതർ ചൂണ്ടിക്കാട്ടുന്നു. സീനിയർ ടീമിന്റെ പര്യടനം നടക്കുമ്പോൾത്തന്നെ ‘നിഴൽ പരമ്പര’യ്ക്കായി എ ടീമിനേയും അയച്ചിരുന്നു. സീനിയർ ടീം അംഗങ്ങളായ മുരളി വിജയിനും അജിങ്ക്യ രഹാനെയ്ക്കും എ ടീമിൽ കളിക്കാൻ അവസരം നൽകുകയും ചെയ്തു. ചോദിച്ചതെല്ലാം ചെയ്തുകൊടുത്തിട്ടുണ്ട്. എന്നിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ലെങ്കിൽ, കാരണം ചോദിക്കാൻ ബോർഡിന് അധികാരമുണ്ട്.

ടീം തിരഞ്ഞടുപ്പിന്റെ കാര്യത്തിലുൾപ്പെടെ കോഹ്‍ലിക്കും ശാസ്ത്രിക്കും ബിസിസിഐ അനാവശ്യ സ്വാതന്ത്ര്യം നൽകുന്നതായി നേരത്തേ മുതൽ ആരോപണമുണ്ട്. ടീം തുടർച്ചയായി തോൽവിയേറ്റു വാങ്ങുന്ന സാഹചര്യത്തിൽ ടീമിലെ ഇവരുടെ അപ്രമാദിത്വവും ചോദ്യം ചെയ്യപ്പെട്ടേക്കാം. ശാസ്ത്രിയുൾപ്പടെയുള്ള ഇപ്പോഴത്തെ പരിശീലകസംഘത്തിനു കീഴിൽ ഓസ്ട്രേലിയയിൽ 2–0നും (2014–15), ദക്ഷിണാഫ്രിക്കയിൽ 2–1നും (2017–18) ഇന്ത്യ പരമ്പരകൾ കൈവിട്ട കാര്യവും ബിസിസിഐ ചൂണ്ടിക്കാട്ടുന്നു.

സഹപരിശീലകരും നിരീക്ഷണത്തിൽ

ഡങ്കൻ ഫ്ലെച്ചർ പരിശീലകനായിരുന്ന കാലത്ത് ഇംഗ്ലണ്ടിൽ ഇന്ത്യ 1–3ന് പരമ്പര തോറ്റപ്പോൾ ബോളിങ് പരിശീലകൻ ജോ ഡേവ്സിനെയും ഫീൽഡിങ് പരിശീലകൻ ട്രവർ പെന്നിയെയും ബിസിസിഐ പുറത്താക്കിയിരുന്നു. അന്ന് ഏകദിന പരമ്പരയ്ക്ക് മുന്നോടിയായാണ് സഞ്ജയ് ബംഗാർ, ആർ.ശ്രീധർ, ഭരത് അരുൺ എന്നിവർക്കൊപ്പം രവി ശാസ്ത്രി മുഖ്യ പരിശീലകനായത്. ടീമിന്റെ ഇപ്പോഴത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ബാറ്റിങ് പരിശീലകൻ സഞ്ജയ് ബംഗാർ, ഫീൽഡിങ് പരിശീലകൻ ആർ.ശ്രീധർ എന്നിവരുടെ പ്രകടനം ബിസിസിഐ നിരീക്ഷിച്ചു വരികയാണ്.

ശ്രീധറിനു കീഴിൽ ഇന്ത്യൻ ഫീൽഡർമാർ ഇതുവരെ സ്ലിപ്പിൽ മാത്രം അൻപതിലധികം ക്യാച്ചുകൾ കൈവിട്ടു. സഞ്ജയ് ബംഗാറിനെ ബാറ്റിങ് പരിശീലകനായി നിയമിക്കുമ്പോൾ, വിദേശ മണ്ണിൽ ഇന്ത്യൻ ബാറ്റിങ് നിരയുടെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കുക എന്നതായിരുന്നു മുഖ്യ ലക്ഷ്യം. എന്നാൽ, കഴിഞ്ഞ നാലുവർഷ കാലയളവിൽ കാര്യമായ വ്യത്യാസമുണ്ടാക്കാൻ ബംഗാറിന് കഴിഞ്ഞിട്ടില്ല.

കോഹ്‍ലിയില്ലെങ്കിൽ ആര്?

പുറം വേദന മൂലം കഷ്ടപ്പെടുന്ന ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് അടുത്ത ടെസ്റ്റിൽ കളിക്കാനാകാതെ വന്നാൽ, ടീമിനെ ആരു നയിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. സാധാരണ ഗതിയിൽ ഉപനായകനാണ് ടീമിനെ നയിക്കേണ്ടതെങ്കിലും, ഫോം കണ്ടെത്താനാകാതെ വിഷമിക്കുന്ന രഹാനെയെ എങ്ങനെ ഉത്തരവാദിത്തം ഏൽപ്പിക്കുമെന്നാണ് സംശയം.

ഈ സാഹചര്യത്തിൽ താരതമ്യേന മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന രവിചന്ദ്രൻ അശ്വിന്റെ പേരാണ് പരിഗണനയിൽ. പരിചയസമ്പത്തും ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെ നയിച്ചുള്ള പരിചയവും അശ്വിന് അനുകൂല ഘടകമാണ്.

related stories