Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇംഗ്ലണ്ടിൽ ‘കോഫി ആസ്വദിക്കാൻ’ പോയ കോഹ്‍ലിക്കും ശാസ്ത്രിക്കും പാട്ടീലിന്റെ പരിഹാസം

shastri-kohli-patil രവി ശാസ്ത്രി, വിരാട് കോഹ്‍ലി, സന്ദീപ് പാട്ടീൽ

ന്യൂഡൽഹി∙ ഇംഗ്ലണ്ട് പര്യടനത്തിലെ തുടർച്ചയായ രണ്ടാം ടെസ്റ്റിലും തോൽവി വഴങ്ങിയതിനു പിന്നാലെ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിക്കും ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്കുമെതിരായ വിമർശനം തുടരുന്നു. മുൻ ഇന്ത്യൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടീലാണ് കൊടിയ വിമർശനമുയർത്തി ഏറ്റവും ഒടുവിൽ രംഗത്തെത്തിയത്. കാപ്പി കുടിച്ച് ആസ്വദിക്കാനാണ് ഇംഗ്ലണ്ടിലേക്ക് പോകുന്നത് എന്ന തരത്തിൽ, പര്യടനത്തിന് മുൻപ് കോഹ്‍ലി നടത്തിയ പരാമർശം ഉദ്ധരിച്ചാണ് പാട്ടീലിന്റെ വിമർശനം.

ഇംഗ്ലണ്ട് പര്യടനത്തിന് പുറപ്പെടും മുൻപ് പരിശീലകൻ രവി ശാസ്ത്രിക്കൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് കോഹ്‍ലി ‘കോഫി പരാമർശം’ നടത്തിയത്. അതിങ്ങനെ:

‘ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് നമ്മൾ കളിച്ചത് ഇംഗ്ലണ്ടിലാണെന്ന് എല്ലാവരും മറക്കുന്നു. അന്ന് അവിടെയെത്തിയപ്പോൾ എന്നോട് ചോദിച്ചത്, ഇവിടെ എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്നാണ്. ഒരു കപ്പ് കാപ്പിയും ആസ്വദിച്ച് തെരുവുകളിലൂടെ നടക്കാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു എന്റെ ഉത്തരം. എന്റെ ചിന്തകൾ എപ്പോഴും വ്യത്യസ്തമാണ്.’

ഈ വാക്കുകളെ പരിഹസിച്ച് സന്ദീപ് പാട്ടീൽ നടത്തിയ പരാമർശങ്ങളിങ്ങനെ:

ഇംഗ്ലണ്ട് പര്യടനത്തിനു പുറപ്പെടും മുൻപ് ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും പരിശീലകൻ രവി ശാസ്ത്രിയും ചേർന്ന് നടത്തിയ സംയുക്ത പത്രസമ്മേളനം നാമെല്ലാം ഓർക്കുന്നുണ്ട്. അന്ന് കോഹ്‍ലി നടത്തിയ വളരെ തന്റേടത്തോടെയുള്ള ഒരു പ്രസ്താവന എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകും. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ നമുക്ക് ആവശ്യത്തിന് സമയമുണ്ടെന്നും കാപ്പി കുടിച്ച് അത് ആസ്വദിക്കുമെന്നുമായിരുന്നു കോഹ്‍ലിയുടെ വാക്കുകൾ.

പരമ്പരയിൽ ഇതുവരെ പൂർത്തിയായ ആദ്യ രണ്ടു മൽസരങ്ങളിലെ ഇന്ത്യൻ ടീമിന്റെ പ്രകടനം പരിശോധിച്ചാൽ, ക്യാപ്റ്റന്റെ ‘കോഫി പരാമർശം’ ടീം അംഗങ്ങൾ ഗൗരവത്തോടെ എടുത്ത ലക്ഷണമുണ്ട്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ ഇതുവരെ അവർ ആകെ ചെയ്തത് ആസ്വദിച്ചുള്ള കാപ്പി കുടി മാത്രം!

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യൻ ടീം ഇടവേള എടുത്തതിനെയും പാട്ടീൽ വിമർശിച്ചു. ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യ ഒരേയൊരു പരിശീലന മൽസരമാണ് കളിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാലു ദിവസമായി നിശ്ചയിച്ചിരുന്ന ഈ മൽസരം പോലും പിന്നീട് മൂന്നു ദിവസമാക്കി വെട്ടിച്ചുരുക്കുകയും ചെയ്തു.

ഇംഗ്ലണ്ടിൽ ആവശ്യത്തിലധികം പരിശീലന മൽസരങ്ങൾ കളിക്കാനും മികച്ച രീതിയിൽ തയാറെടുക്കാനും ബിസിസിഐ ടീമിന് അവസരം ഒരുക്കിയപ്പോൾ, അതിനു പകരം ടീമംഗങ്ങൾക്ക് വിശ്രമം നൽകാനാണ് ശാസ്ത്രിയും കോഹ്‍ലിയും തീരുമാനിച്ചതെന്ന് പാട്ടീൽ ചൂണ്ടിക്കാട്ടി. എന്നിട്ട് ആകെ കളിച്ചത് ഒരേയൊരു പരിശീലന‍ മൽസരം. നാലു ദിവസമായിരുന്ന ആ മൽസരം മൂന്നു ദിവസമാക്കി ചുരുക്കുകയും ചെയ്തു. ഏകദിന–ടെസ്റ്റ് പരമ്പരകൾക്കിടയിൽ 14 ദിവസത്തെ ഇടവേള ലഭിച്ചപ്പോഴാണ് വെറും മൂന്നു ദിവസം മാത്രം പരിശീലന മൽസരം കളിച്ചത് – പാട്ടീൽ ചൂണ്ടിക്കാട്ടി.

പരിശീലന മൽസരങ്ങൾ കളിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുൻ താരങ്ങളായ സുനിൽ ഗാവസ്കർ, സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി തുടങ്ങിയവർ പോലും വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു. എന്നിട്ടും ഇവരുടെ ഉപദേശത്തിന് വില നൽകാൻ കോഹ്‍ലിയും ശാസ്ത്രിയും തയാറായില്ല – പാട്ടീൽ കുറിച്ചു.

ഇംഗ്ലണ്ട് മണ്ണിൽ കളിക്കുമ്പോൾ അനാവശ്യമായ ഭയം ഇന്ത്യൻ താരങ്ങളെ പിടികൂടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റ മൽസരം കളിക്കുന്ന താരത്തേക്കാൾ ആശങ്കയോടും പരിഭ്രമത്തോടും കൂടിയാണ് ഇന്ത്യൻ ടീമംഗങ്ങൾ ബാറ്റു ചെയ്യുന്നതെന്നും പാട്ടീൽ അഭിപ്രായപ്പെട്ടു.

അഞ്ചു മൽസരങ്ങളുള്ള പരമ്പരയിൽ ഇനിയും മൂന്നു മൽസരങ്ങൾ കളിക്കാനുണ്ട്. രണ്ടെണ്ണം തോറ്റെങ്കിലും നമുക്കു തിരിച്ചുവരവിന് സമയമുണ്ടെന്ന് അർഥം. ഈ ടീമിലെ മിക്ക താരങ്ങളെയും ഞാൻ ചീഫ് സെലക്ടറായിരുന്ന സമയത്ത് ടീമിലെടുത്തതാണ്. പ്രതിഭയുടെ കാര്യത്തിൽ ഈ താരങ്ങളെല്ലാം മികച്ചവരാണ്. എന്നിട്ടും ഇംഗ്ലണ്ടിൽ അവർ പുറത്തെടുക്കുന്ന പ്രകടനം നിരാശപ്പെടുത്തുന്നു – പാട്ടീൽ എഴുതി.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.