Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

18 പന്തിൽ 80 റൺസ് (11x6, 2x4); ആരാധകരെ ഞെട്ടിച്ച് നൈറ്റ് റൈഡേഴ്സിന്റെ ‘വിജയവഴി’

knight-riders-cpl ട്രിൻബാഗോ–നൈറ്റ് റൈഡേഴ്സ് മൽസരത്തിലാകെ പിറന്നത് 34 സിക്സ്. (സിപിഎൽ ട്വീറ്റ് ചെയ്ത ചിത്രം)

ഗ്രോസ് ഇസ്‌ലെറ്റ്∙ കരീബിയൻ പ്രീമിയർ ലീഗിൽ ആവേശപ്പോരാട്ടങ്ങൾ അവസാനിക്കുന്നില്ല. ഒരു മൽസരത്തിൽത്തന്നെ ഹാട്രിക്കും സെഞ്ചുറിയും നേടി ആന്ദ്രെ റസ്സൽ തുടക്കമിട്ട ആവേശപ്രകടനങ്ങൾ ആരാധകരെ വീണ്ടും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു. വ്യാഴാഴ്ച നടന്ന സെന്റ് ലൂസിയ – ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് മൽസരത്തിലാണ് ഏറ്റവുമൊടുവിൽ ഇത്തരമൊരു പ്രകടനം കണ്ടത്.

ഈ മൽസരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സെന്റ് ലൂസിയ സ്റ്റാർസ് നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ നേടിയത് 212 റൺസ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നൈറ്റ് റൈഡേഴ്സ് ആകട്ടെ ഒരു പന്തു ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റൻ ഡാരൻ ബ്രാവോ (36 പന്തിൽ ആറു ബൗണ്ടറിയും 10 സിക്സും സഹിതം പുറത്താകാതെ 94 റൺസ്), ബ്രണ്ടൻ മക്കല്ലം (42 പന്തിൽ മൂന്നു ബൗണ്ടറിയും ആറു സിക്സും സഹിതം 68) എന്നിവരാണ് നൈറ്റ് റൈഡേഴ്സിനു വിജയമൊരുക്കിയത്. ആകെ 34 സിക്സുകൾ പിറന്ന ഈ മൽസരം, ഇക്കാര്യത്തിലും റെക്കോ‍ർഡ് ബുക്കിൽ ഇടംനേടി.

നേരത്തെ, ക്യാപ്റ്റൻ കീറൻ പൊള്ളാർഡ് (23 പന്തിൽ ഏഴു സിക്സും ഒരു ബൗണ്ടറിയും ഉൾപ്പെടെ പുറത്താകാതെ 65), ഡേവിഡ് വാർണർ (55 പന്തിൽ നാലു ബൗണ്ടറിയും മൂന്നു സിക്സും സഹിതം പുറത്താകാതെ 72), കോൺവാൾ (29 പന്തിൽ രണ്ടു ബൗണ്ടറിയും അഞ്ചു സിക്സും സഹിതം 53) എന്നിവരാണ് സെന്റ് ലൂസിയയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നൈറ്റ് റൈഡേഴ്സ് 9.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് എന്ന നിലയിൽ തകർന്നെങ്കിലും നാലാം വിക്കറ്റിൽ ക്യാപ്റ്റൻ ഡാരൻ ബ്രാവോ–ബ്രണ്ടൻ മക്കല്ലം സഖ്യം കൂട്ടിച്ചേർത്ത 137 റൺസാണ് അവർക്കു വിജയമൊരുക്കിയത്.

15 ഓവർ പൂർത്തിയാകുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് എന്ന നിലയിലായിരുന്നു നൈറ്റ് റൈഡേഴ്സ്. ജയിക്കാൻ വേണ്ടത് 30 പന്തിൽ 85 റൺസ്. ഓവറിൽ 17 റൺസ് വച്ച് നേടിയാൽ മാത്രം ജയിക്കാമെന്ന അവസ്ഥ. എന്നാൽ, കീറൻ പൊള്ളാർഡ് എറിഞ്ഞ 16–ാം ഓവറിൽ അഞ്ച് സിക്സ് ഉൾപ്പെടെ 32 റൺസ് നേടിയ ബ്രാവോ കളി കീഴ്‌മേൽ മറിച്ചു. മക്കോയിയുടെ അടുത്ത ഓവറിൽ മക്കല്ലവും രണ്ടു സിക്സും രണ്ടു ബൗണ്ടറിയും ഉൾപ്പെടെ 21 റൺസ് നേടിയതോടെ 12 പന്തിൽ പിറന്നത് 53 റൺസ്.

ഇതോടെ വിജയലക്ഷ്യം 18 പന്തിൽ 32 റൺസായി ചുരുങ്ങി. കോൺവാളിന്റെ അടുത്ത ഓവറിൽ നാലു സിക്സുകൾ ഉൾപ്പെടെ 27 റൺസ് കണ്ടെത്തിയ ബ്രാവോ നൈറ്റ് റൈഡേഴ്സിനെ വിജയത്തിന് തൊട്ടടുത്തെത്തിച്ചു. തൊട്ടടുത്ത ഓവറിൽ മക്കല്ലം, സിയർലസ് എന്നിവർ പുറത്തായെങ്കിലും ദിനേഷ് രാംദിനെ കൂട്ടുപിടിച്ച് ഡാരൻ ബ്രാവോ ടീമിനെ വിജയത്തിലെത്തിച്ചു. ഇതോടെ 16, 17, 18, ഓവറുകളിലെ 18 പന്തുകളിൽനിന്ന് മാത്രം പിറന്നത് 80 റൺസ്!