Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാം ടെസ്റ്റിലെ മാച്ച്ഫീസ് തുക കേരളത്തിന്; സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം

Virat Kohli ഇന്ത്യൻ ക്രിക്കറ്റ് ടീം

ന്യൂഡല്‍ഹി∙പ്രളയക്കെടുതിൽ നിന്ന് കരകയറുന്ന കേരളത്തിനു സഹായവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമും. ഇംഗ്ലണ്ടിനെതിരായ മൂന്നാം മൽസരത്തിലെ മുഴുവൻ മാച്ച് ഫീസും കേരളത്തിനായി ടീം നൽകുമെന്നാണ് റിപ്പോർട്ട്. മാച്ച് ഫീയായി ടീമിന് രണ്ടു കോടി രൂപയോ അതിൽ കൂടുതലോ തുക ലഭിക്കും. 

ഒരു ടെസ്റ്റ് മൽസരത്തിന് ടീമിലുള്ള താരങ്ങള്‍ക്ക് 15 ലക്ഷം രൂപയും റിസർവ് താരങ്ങൾ‌ക്ക് അതിന്റെ പകുതിയുമാണ് ലഭിക്കുക. ഇംഗ്ലണ്ടിനെതിരായ ട്രെൻബ്രിജ് ടെസ്റ്റ് മൽസരത്തിനു ശേഷം വിജയം കേരളത്തിന് സമർപ്പിക്കുന്നതായി ക്യാപ്റ്റൻ വിരാട് കോഹ്‍ലി പറഞ്ഞിരുന്നു. കേരളത്തിലെ പ്രളയബാധിതർക്കാണ് ഈ ജയം സമർപ്പിക്കുന്നത്. കേരളത്തിലെ കാര്യങ്ങൾ കഷ്ടമാണ്. ക്രിക്കറ്റ് ടീമെന്ന നിലയ്ക്കു ഞങ്ങൾക്കു ചെയ്യാൻ സാധിക്കുന്ന ചെറിയ കാര്യമാണിത്– കോഹ്‍ലി ഇംഗ്ലണ്ടിൽ പറഞ്ഞു. നിറഞ്ഞ കയ്യടിയോടെയാണ് ഗാലറി വിരാട് കോഹ്‍ലിയുടെ പ്രസ്താവനയെ സ്വീകരിച്ചത്. 

അതേസമയം ക്യാപറ്റന്‍ വിരാട് കോഹ്‍ലിക്കും ഇന്ത്യൻ ക്രിക്കറ്റ് ടീമിനും നന്ദിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. 203 റൺസിനാണ് ട്രെൻബ്രിജിൽ നടന്ന മൂന്നാം ടെസറ്റ് മൽസരത്തിൽ ഇന്ത്യ ജയിച്ചത്. മൽസരത്തിന്റെ ആദ്യ ഇന്നിങ്സിൽ അർധസെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ സെഞ്ചുറിയും സ്വന്തമാക്കിയ കോഹ്‍ലിയാണു മൽസരത്തിലെ പ്ലേയർ ഓഫ് ദി മാച്ചും. ജയത്തോടെ അഞ്ചു മൽസരങ്ങളടങ്ങുന്ന പരമ്പര 2–1 എന്ന നിലയിലായി. മൽസരത്തിൽ ആദ്യ ഇന്നിങ്സിൽ ഹാർദിക് പാണ്ഡ്യയും രണ്ടാം ഇന്നിങ്സിൽ ജസ്പ്രീത് ബുംമ്രയും ഇന്ത്യയ്ക്കു വേണ്ടി അഞ്ച് വിക്കറ്റ് പ്രകടനവും നടത്തി. ആദ്യ രണ്ടു മൽസരങ്ങളിലും ജയം ഇംഗ്ലണ്ടിനായിരുന്നു. 

കേരളത്തിനു വേണ്ടി ട്വിറ്ററിലും കോഹ്‍ലി നിലപാട് വ്യക്തമാക്കിയിരുന്നു. കേരളത്തിലെ എല്ലാവരും സുരക്ഷിതരായിരിക്കുക. എത്രയും പെട്ടെന്ന് സാഹചര്യങ്ങൾ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരമൊരു ദുരവസ്ഥയിൽ പിന്തുണയ്ക്കാനെത്തിയ സൈന്യത്തിനും എൻഡിആര്‍എഫിനും നന്ദി പറയുന്നു. ശക്തരായും സുരക്ഷിതരായും നിൽക്കുക– ഓഗസ്റ്റ് 17ന് കോഹ്‍ലി സമൂഹമാധ്യമത്തിൽ കുറിച്ചു.