Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‍ലി–രഹാനെ സെഞ്ചുറി കൂട്ടുകെട്ട് വിഫലം; ഇംഗ്ലണ്ടിന് 60 റൺസ് ജയം, പരമ്പര

england-appeal-vs-india ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് താരങ്ങളുടെ അപ്പീൽ.

സതാംപ്ടൻ ∙ സതാംപ്ടൻ തുറമുഖത്തു നിന്നു പുറപ്പെട്ട ടൈറ്റാനിക് ആഡംബരക്കപ്പൽ വഴിമധ്യേ കടലിൽ മുങ്ങിയത് നൂറ്റിപ്പത്തു വർഷം മുൻപ് ഇതു പോലൊരു സെപ്റ്റംബർ മാസത്തിൽ. ഐസിസി റാങ്കിങിലെ ഒന്നാമൻമാർ എന്ന ആഡംബരവുമായെത്തിയ വിരാട് കോഹ്‌ലിയുടെ ഇന്ത്യൻ ടീമും പരമ്പര തീരുന്നതിനു മുൻപെ ഇംഗ്ലിഷ് മണ്ണിൽ വീണു. നാലാം ടെസ്റ്റ് നാലാം ദിനം തന്നെ തോറ്റതോടെ 3–1ന് പരമ്പര നഷ്ടം. 60 റൺസിനാണ് ഇന്ത്യൻ തോൽവി. രണ്ട് ഇന്നിങ്സിലുമായി ഒൻപതു വിക്കറ്റ് വീഴ്ത്തിയ മൊയീൻ അലിയാണ് മാൻ ഓഫ് ദ് മാച്ച്. അഞ്ചാം ടെസ്റ്റ് ഏഴു മുതൽ കെന്നിങ്ടൻ ഓവലിൽ.

245 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ വിജയപ്രതീക്ഷയുണ്ടായിരുന്നു. രാഹുലും (പൂജ്യം) പൂജാരയും (അഞ്ച്) ധവാനും (17) പെട്ടെന്നു മടങ്ങിയെങ്കിലും കോഹ്‌ലിയും (58) രഹാനെയും (51) ചേർന്ന നാലാം വിക്കറ്റിലെ സെഞ്ചുറി കൂട്ടുകെട്ട് സ്കോറിങിന് അടിത്തറയിട്ടു. എന്നാൽ ഇവർ പോയാൽ തീർന്നു എന്ന അവസ്ഥയിൽ മുൾമുനയിലെന്ന പോലെയാണ് ഇന്ത്യ കളിച്ചത്. അതേ ആവേശത്തോടെ ഇംഗ്ലിഷ് ബോളർമാർ പന്തെറിയുകയും ചെയ്തു. ഒടുവിൽ 51–ാം ഓവറിൽ മൊയീൻ അലിയുടെ പന്ത് കോഹ്‌ലിയുടെ ഗ്ലൗവിലുരസി കുക്കിന്റെ കയ്യിലെത്തിയതോടെ ഇന്ത്യയുടെ പിടിയയഞ്ഞു.

മൂന്നിന് 122 എന്ന നിലയിൽ നിന്ന് പിന്നീടുള്ള ഒരു മണിക്കൂറിൽ ഇന്ത്യ ഒൻപതിന് 163 എന്ന നിലയിലേക്ക് കൂപ്പു കുത്തി. രഹാനെ അൽപനേരം പൊരുതിയെങ്കിലും ആർക്കും ഉറച്ചു നിന്നു പിന്തുണ കൊടുക്കാനായില്ല.

∙ സ്കോർ ബോർഡ്

ഇംഗ്ലണ്ട്: 246, 271
ഇന്ത്യ ഒന്നാം ഇന്നിങ്സ്: 273

ഇന്ത്യ രണ്ടാം ഇന്നിങ്സ്:
ധവാൻ സി സ്റ്റോക്സ് ബി ആൻഡേഴ്സൺ–17, രാഹുൽ ബി ബ്രോഡ്–പൂജ്യം, പൂജാര എൽബി ബി ആൻ‍ഡേഴ്സൺ–അഞ്ച്, കോഹ്‌ലി സി കുക്ക് ബി അലി–58, രഹാനെ എൽബി ബി അലി–51, പാണ്ഡ്യ സി റൂട്ട് ബി സ്റ്റോക്സ–പൂജ്യം, പന്ത് സി കുക്ക് ബി അലി–18, അശ്വിൻ എൽബി ബി കറൻ–25, ഇഷാന്ത് എൽബി ബി സ്റ്റോക്സ്–പൂജ്യം, ഷമി സി ആൻഡേഴ്സൺ ബി അലി–എട്ട്, ബുമ്ര നോട്ടൗട്ട്–പൂജ്യം, എക്സ്ട്രാസ്–രണ്ട്. ആകെ 69.4 ഓവറിൽ 184നു പുറത്ത്.

വിക്കറ്റു വീഴ്ച: 1–4, 2–17, 3–22, 4–123, 5–127, 6–150, 7–153, 8–154, 9–163, 10–184

ബോളിങ്: ആൻഡേഴ്സൺ 11–2–33–2, ബ്രോഡ് 10–2–23–1, അലി 26–3–71–4, സ്റ്റോക്സ് 12–3–34–2, കറൻ 3.4–2–1–1, റാഷിദ് 7–3–21–0.

related stories