Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സച്ചിനു ‘ഭീഷണിയായി’ ഇനി കുക്കുമില്ല; അഞ്ചാം ടെസ്റ്റോടെ വിരമിക്കും

Alastair Cook

ലണ്ടൻ ∙ ഇപ്പോഴും സജീവ ക്രിക്കറ്റിലുള്ളവരിൽ 10,000 ടെസ്റ്റ് റൺസ് പിന്നിട്ട ഏക താരമായ ഇംഗ്ലണ്ടിന്റെ അലിസ്റ്റർ കുക്ക് പാഡഴിക്കുന്നു. ഇന്ത്യയ്ക്കെതിരായ അ‍ഞ്ചാം ടെസ്റ്റോടെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുമെന്ന് മുപ്പത്തിമൂന്നുകാരനായ കുക്ക് വ്യക്തമാക്കി. ഇതോടെ, ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ക്രീസൊഴിയുന്നത്. 160 ടെസ്റ്റുകളിൽനിന്ന് 32 സെഞ്ചുറിയും 56 അർധസെഞ്ചുറിയും ഉൾപ്പെടെ 44.88 റൺസ് ശരാശരിയിൽ 12,254 റൺസാണ് കുക്കിന്റെ സമ്പാദ്യം. ഓപ്പണറെന്ന നിലയിൽ കുക്ക് നേടിയ 11,627 റൺസ് രാജ്യാന്തര ക്രിക്കറ്റിലെ സർവകാല റെക്കോർഡാണ്.

രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ആറാമത്തെ താരം കൂടിയാണ് കുക്ക്. സച്ചിൻ തെൻഡുൽക്കർ (15,921), റിക്കി പോണ്ടിങ് (13,378), ജാക്വസ് കാലിസ് (13,289), രാഹുൽ ദ്രാവിഡ് (13,288), കുമാർ സംഗക്കാര (12,400) എന്നിവരാണ് ടെസ്റ്റ് റൺനേട്ടത്തിൽ കുക്കിനു മുന്നിലുള്ളവർ.

ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായ സച്ചിന്റെ റെക്കോർഡ് കുക്ക് തകർക്കുമെന്ന് ഇടക്കാലത്ത് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഇന്ത്യയ്ക്കെതിരെ 2006ൽ ഇന്ത്യയിൽ അരങ്ങേറിയ കുക്ക്, 12 വർഷങ്ങൾക്കുശേഷം ഇന്ത്യയ്ക്കെതിരെ തന്നെ സ്വന്തം നാട്ടിൽ വിടവാങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇംഗ്ലണ്ടിനായി 92 ഏകദിനങ്ങളും കളിച്ചിട്ടുള്ള കുക്ക് 36.40 റൺസ് ശരാശരിയിൽ 3,204 റൺസ് നേടി. അതേസമയം, 2014നു ശേഷം ഏകദിനത്തിൽ കളിച്ചിട്ടുമില്ല. നാലു ട്വന്റി20 മൽസരങ്ങളിലും ദേശീയ ജഴ്സിയണിഞ്ഞു.

രാജ്യത്തിനായി ഇനി കൂടുതലൊന്നും നൽകാൻ അവശേഷിക്കുന്നുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഇംഗ്ലണ്ടിനെ ഏറ്റവും കൂടുതൽ മൽസരങ്ങളിൽ നയിച്ച നായകൻ കൂടിയായ കുക്ക് കളിനിർത്തുന്നത്. 59 ടെസ്റ്റുകളിലാണ് കുക്ക് ഇംഗ്ലണ്ടിനെ നയിച്ചത്. ഇതോടെ, അടുത്ത വെള്ളിയാഴ്ച ഓവലിൽ ആരംഭിക്കുന്ന അഞ്ചാം ടെസ്റ്റ് കുക്കിന്റെ കരിയറിലെ അവസാന ടെസ്റ്റാകും. ക്രിക്കറ്റിൽ ഞാൻ പ്രതീക്ഷിച്ചതിലുമേറെ നേട്ടങ്ങൾ ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. ഇത്രയും ദീർഘമായ കാലയളവിൽ ദേശീയ ജഴ്സിയണിയാനും കഴിഞ്ഞു. ഇംഗ്ലിഷ് ക്രിക്കറ്റിലെ ഒട്ടേറെ മഹാരഥൻമാർക്കൊപ്പം കളിക്കാനും കഴിഞ്ഞു – കുക്ക് പറഞ്ഞു.

കുറച്ചുകാലമായി തുടരുന്ന മോശം ഫോമാണ് കുക്കിന്റെ വിരമിക്കലിലേക്കു നയിച്ചതെന്നാണ് സൂചന. ഏറ്റവും ഒടുവിൽ കളിച്ച 16 ഇന്നിങ്സുകളിൽ 18.62 മാത്രമാണ് കുക്കിന്റെ ശരാശരി. ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ നാലു ടെസ്റ്റിലും കളിച്ചെങ്കിലും ഒരു അർധസെഞ്ചുറി പോലും നേടാനുമായില്ല. ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം മൈക്കൽ വോനു പകരക്കാരനായി 21–ാം വയസ്സിലാണ് ഈ ഇടംകയ്യൻ താരം ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയത്. 2006ൽ ഇന്ത്യയ്ക്കെതിരെ നാഗ്പുരിലായിരുന്നു ഇത്. രണ്ടാം ഇന്നിങ്സിൽത്തന്നെ പുറത്താകാതെ സെഞ്ചുറി നേടിയാണ് കുക്ക് വരവറിയിച്ചത്. മൂന്നാമത്തെ മൽസരം അസുഖത്തെ തുടർന്ന് കളിക്കാനായില്ലെങ്കിലും അവിടുന്നിങ്ങോട്ട് ഇംഗ്ലണ്ടിന്റെ 158 ടെസ്റ്റുകളിലാണ് കുക്ക് തുടർച്ചയായി ദേശീയ ജഴ്സിയണിഞ്ഞത്.

ഇംഗ്ലണ്ടിന് ഏറ്റവും കൂടുൽ െടസ്റ്റ് വിജയങ്ങൾ സമ്മാനിച്ച രണ്ടാമത്തെ ക്യാപ്റ്റൻ (24), ഇന്ത്യയിൽ 27 വർഷത്തിനുശേഷം ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ച ക്യാപ്റ്റൻ, 24 വർഷത്തെ ഇടവേളയ്ക്കു ശേഷം ഓസ്ട്രേലിയയിൽ ഇംഗ്ലണ്ടിന് ആഷസ് പരമ്പര സമ്മാനിച്ച നായകൻ തുടങ്ങി കുക്കിന്റെ പേരിലുള്ള നേട്ടങ്ങൾ ഒരുപാടുണ്ട്.

ചില റെക്കോർഡുകൾ

∙ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് – 12,254
∙ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ െടസ്റ്റ് സെഞ്ചുറി – 32
∙ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ 150+ സ്കോറുകൾ – 11
∙ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ടെസ്റ്റ് കളിച്ച താരം – 160
∙ ഇംഗ്ലണ്ടിനായി തുടർച്ചയായി കൂടുതൽ മൽസരം – 158
∙ ഏറ്റവും കൂടുതൽ ടെസ്റ്റ് മൽസരങ്ങളിൽ ക്യാപ്റ്റൻ – 59
∙ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ക്യാച്ച് – 173

related stories