Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ–വിൻഡീസ് മൽ‌സരക്രമമായി; 5–ാം ഏകദിനം നവംബർ ഒന്നിന് തിരുവനന്തപുരത്ത്

Karyavattom-Greenfield-Stadium

ന്യൂഡൽഹി∙ കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഏകദിന മൽസരം ഉൾപ്പെടെ വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ മൽസരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. രണ്ടു ടെസ്റ്റുകളും അഞ്ച് ഏകദിനവും മൂന്നു ട്വന്റി20 മൽസരങ്ങളും ഉൾപ്പെടുന്ന പരമ്പര ഒക്ടോബർ നാലിന് ആരംഭിച്ച് നവംബർ 11ന് അവസാനിക്കും. ഏകദിന പരമ്പരയിലെ മൂന്നാമത്തെ മൽസരമാണ് ഇവിടെ നടത്തുകയെന്നായിരുന്നു അറിയിപ്പെങ്കിലും പുതിയ അറിയിപ്പനുസരിച്ച് അഞ്ചാമത്തെ മൽസരമാണ് തിരുവനന്തപുരത്തു നടക്കുക.

കൊച്ചിയിൽ കളി നടത്താനുള്ള നീക്കങ്ങളുടെ പേരിൽ ഏറെ നാളത്തെ അനിശ്ചിതത്വത്തിനുശേഷമാണ് കളി തിരുവനന്തപുരത്തു തന്നെയാക്കാൻ തീരുമാനിച്ചത്. കൊച്ചി കലൂർ സ്‌റ്റേഡിയത്തിലെ രാജ്യാന്തര ഫുട്‌ബോൾ മൈതാനം കുത്തിപ്പൊളിച്ചു ക്രിക്കറ്റ് പിച്ചൊരുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധമുയർന്നതോടെ ബിസിസിഐ ഇടപെടുകയായിരുന്നു. സർക്കാരും തിരുവനന്തപുരത്തു മൽസരം നടത്തണമെന്ന നിലപാട് എടുത്തതോടെ കെസിഎ വഴങ്ങി.

അതേസമയം, മൽസരത്തിനു തലസ്ഥാനത്ത് ഒരുക്കങ്ങൾ തുടങ്ങി. കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ പിച്ചുകളുടെ നിർമാണം പൂർത്തിയായി. കോർപറേറ്റ് ബോക്സുകളുടെ നിർമാണവും ഗാലറിയിലെ ഗേറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും തുടങ്ങിയിട്ടുണ്ട്. ടിക്കറ്റ് വിൽപനയ്ക്കു പ്രഫഷനൽ ഏജൻസികളുമായുള്ള ചർച്ചകൾ പൂർത്തിയായിക്കഴിഞ്ഞു.

മൽസരക്രമം ഇങ്ങനെ

∙ ടെസ്റ്റ്

1–ാം ക്രിക്കറ്റ് ടെസ്റ്റ് – രാജ്കോട്ട് (ഒക്ടോബർ 4–8)
രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് – ഹൈദരാബാദ് (ഒക്ടോബർ 12–16)

∙ ഏകദിനം

ഒന്നാം ഏകദിനം – ഗുവാഹത്തി (ഒക്ടോബർ 21)
രണ്ടാം ഏകദിനം – ഇൻഡോർ (ഒക്ടോബർ 24)
മൂന്നാം ഏകദിനം – പുണെ (ഒക്ടോബർ 27)
നാലാം ഏകദിനം – മുംബൈ (ഒക്ടോബർ 29)
അഞ്ചാം ഏകദിനം – തിരുവനന്തപുരം (നവംബർ ഒന്ന്)

∙ ട്വന്റി20

ഒന്നാം ട്വന്റി20 – കൊൽക്കത്ത (നവംബർ നാല്)
രണ്ടാം ട്വന്റി20– ലക്നൗ (നവംബർ ആറ്)
മൂന്നാം ട്വന്റി20 – ചെന്നൈ (നവംബർ 11)

അഭിമാനത്തോടെ സ്പോർട്സ് ഹബ് 

കനത്ത മഴയിലും അരങ്ങേറ്റമൽസരം ഗംഭീരമാക്കിയതിന്റെ അഭിമാനത്തിലാണ് സ്പോർട്സ് ഹബ് സ്റ്റേഡിയം രണ്ടാമത്തെ രാജ്യാന്തരമൽസരത്തിന് ഒരുങ്ങുന്നത്. ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ കഴിഞ്ഞ വർഷം നവംബർ ഏഴിനാണു മൽസരം നടന്നത്. ദിവസങ്ങളോളം നീണ്ടുനിന്ന കനത്ത മഴയിൽ മൽസരം നടക്കില്ലെന്ന ആശങ്കയിലായിരുന്നു ബിസിസിഐയും കായികപ്രേമികളും. എന്നാൽ, മഴ മാറിനിന്ന് അരമണിക്കൂറിനകം സ്റ്റേഡിയം മൽസരത്തിനു സജ്ജമാക്കിയാണ് സ്പോർട്സ് ഹബ് സ്റ്റേഡിയം രാജ്യാന്തര കായികമേഖലയിൽ ശ്രദ്ധ നേടിയത്.എട്ടു വീതം ഓവറുകളാക്കി ചുരുക്കിയ മൽസരത്തിൽ ഇന്ത്യ ആറു റൺസിനു ന്യൂസിലൻഡിനെ തോൽപിക്കുകയും ചെയ്തു. 

തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ക്രിക്കറ്റ് മൽസരങ്ങൾ 

∙ ഏകദിനം

1. ഇന്ത്യ– ഓസ്‌ട്രേലിയ

വേദി: യൂണിവേഴ്സിറ്റി സ്റ്റേഡിയം

തീയതി: 01. 10. 1984

മൽസരഫലം:  മഴയെത്തുടർന്ന് മൽസരം ഫലമില്ലാതെ പിരിഞ്ഞു

2. ഇന്ത്യ–വെസ്‌റ്റ് ഇൻഡീസ്

വേദി: യൂണിവേഴ്സിറ്റി സ്റ്റേഡിയം 

തീയതി: 25. 01. 1988 – 

മൽസരഫലം: വെസ്‌റ്റ് ഇൻഡീസിന് 9 വിക്കറ്റ് വിജയം 

മാൻ ഓഫ് ദ് മാച്ച്: ഫിലിപ്പ് സിമൻസ് 

∙ ട്വന്റി 20

ഇന്ത്യ– ന്യൂസീലൻഡ് 

വേദി: കാര്യവട്ടം സ്പോർട്സ് ഹബ്

തീയതി: 07. 11. 2017 

മൽസരഫലം: ഇന്ത്യയ്ക്ക് ആറു റൺസിന്റെ ജയം 

മാൻ ഓഫ് ദ് മാച്ച്: ജസ്പ്രീത് ബുമ്ര 

(മഴമൂലം മൽസരം എട്ട് ഓവറായി കുറച്ചു)

related stories