Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഹിത് ശർമയെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് വലിയ പിഴവ്: വെങ്സർക്കാർ

rohit-vengsarkar രോഹിത് ശർമ, ദിലീപ് വെങ്സർക്കാർ

മുംബൈ∙ ഇംഗ്ലണ്ടിനെതിരായ അവസാന രണ്ടു ടെസ്റ്റുകൾക്കുള്ള ടീമിൽ രോഹിത് ശർമയെ ഉൾപ്പെടുത്താത്തത് അബദ്ധമായിപ്പോയെന്ന് മുൻ ഇന്ത്യൻ താരം ദിലീപ് വെങ്സർക്കാർ. ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യ ഓപ്പണർമാരായി പരീക്ഷിച്ച ശിഖർ ധവാൻ, ലോകേഷ് രാഹുൽ, മുരളി വിജയ് എന്നിവർ തുടർച്ചയായി പരാജയപ്പെട്ട സാഹചര്യത്തിലാണ് വെങ്സർക്കാരിന്റെ പരാമർശം.

സതാംപ്ടണിൽ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഒരു ദിവസത്തെ കളി ബാക്കിനിൽക്കെ 60 റൺസിന് തോറ്റ ഇന്ത്യ പരമ്പരയും ഇംഗ്ലണ്ടിന് അടിയറവു വച്ചിരുന്നു. ഇതിനു പിന്നാലെ പരമ്പരയിലെ ഇന്ത്യൻ ഓപ്പണർമാരുടെ ദയനീയ പ്രകടനം കടുത്ത വിമർശനം വരുത്തിവയ്ക്കുകയും ചെയ്തു.

ആദ്യ മൂന്നു ടെസ്റ്റുകളിൽ പരാജയപ്പെട്ട മുരളി വിജയിനെ ടീമിൽനിന്ന് ഒഴിവാക്കിയപ്പോൾ പകരം തിരഞ്ഞെടുക്കേണ്ടിയിരുന്നത് രോഹിത് ശർമയെ ആയിരുന്നുവെന്ന് വെങ്സർക്കാർ ചൂണ്ടിക്കാട്ടി. ഇതിനു പകരം ഇതുവരെ ടെസ്റ്റ് കളിച്ചിട്ടില്ലാത്ത പൃഥ്വി ഷായെയാണ് ഓപ്പണറുടെ റോളിലേക്ക് സെലക്ടർമാർ തിരഞ്ഞെടുത്തത്.

എന്നാൽ, നാലാം ടെസ്റ്റിൽ ശിഖർ ധവാൻ–ലോകേഷ് രാഹുൽ കൂട്ടുകെട്ടിൽത്തന്നെ ക്യാപ്റ്റൻ കോഹ്‍ലിയും ടീമും വിശ്വാസമർപ്പിച്ചതോടെ ഷായ്ക്ക് അരങ്ങേറാനായില്ല. ഈ മൽസരത്തിലും ഇരുവർക്കും പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാനായുമില്ല. ഒന്നാം ഇന്നിങ്സിൽ 37, രണ്ടാം ഇന്നിങ്സിൽ നാല് എന്നിങ്ങനെയാണ് ഇവരുടെ കൂട്ടുകെട്ടിന് നേടാനായ റൺസ്.

ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമയ്ക്ക് അവസരം നൽകാതിരുന്നതിലൂടെ ഇന്ത്യ വലിയ പിഴവാണ് വരുത്തിയതെന്നാണ് എന്റെ അഭിപ്രായം. ടെസ്റ്റിൽ പൊതുവെ പുലർത്തുന്ന അസ്ഥിരതയായിരിക്കണം രോഹിതിനെ ടീമിൽ ഉൾപ്പെടുത്താത്തതിനു കാരണം. എന്നാൽ, ടീമിലെ വമ്പനടിക്കാരായ താരങ്ങളിൽ ചിലരുടെ പ്രതിരോധ മികവ് ചോദ്യചിഹ്നമാവുകയും ബാക്കിയുള്ളവർ അമിത പ്രതിരോധത്തിലേക്കു വലിയുകയും ചെയ്യുന്ന സാഹചര്യത്തിൽ ക്യാപ്റ്റൻ കോഹ്‍ലിക്ക് വിശ്വാസമർപ്പിക്കാവുന്ന താരമായിരുന്നു രോഹിത് – വെങ്സർക്കാർ ചൂണ്ടിക്കാട്ടി.

അവസാന രണ്ടു ടെസ്റ്റുകൾക്കുള്ള ടീമിനെ തിരഞ്ഞെടുത്തപ്പോഴും ഈ പിഴവു തിരുത്താൻ സെലക്ടർമാർ തയാറായില്ലെന്ന് വെങ്സർക്കാർ കുറ്റപ്പെടുത്തി. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ പരിഗണിച്ച് ടീമിന്റെ ആവശ്യത്തിന് അനുസരിച്ച് താരങ്ങളെ തിരഞ്ഞെടുക്കുന്നതിൽ സെലക്ടർമാർക്ക് വീഴ്ച പറ്റിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

related stories