Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേരിടാൻ ബുദ്ധിമുട്ടിയ ബോളർ ഷെയ്ൻ വോണല്ല, മുത്തയ്യ മുരളീധരൻ: ബ്രയാൻ ലാറ

muralitharan-lara-warne മുത്തയ്യ മുരളീധരൻ, ബ്രയാൻ ലാറ, ഷെയ്ൻ വോൺ

ദുബായ്∙ കരിയറിൽ നേരിടാൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയിട്ടുള്ള ബോളർ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണെന്ന് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. ആദ്യ കാലങ്ങളിൽ മുരളീധരന്റെ ബോളുകൾ എന്നെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. എന്നാൽ, പതുക്കെപ്പതുക്കെ ഞാൻ മുരളീധരന്റെ പന്തുകൾ നിയന്ത്രണത്തിലാക്കാൻ പഠിച്ചു. അതേസമയം, ഷെയ്ൻ വോണിന്റെ പന്തുകൾ അത്രകണ്ട് തന്നെ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും ലാറ വ്യക്തമാക്കി.

നേരിതാൻ താൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ബോളർ വോണാണെന്നും ലാറ പറഞ്ഞു. എന്റെ കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച ടീമിനായാണ് വോൺ കളിച്ചിരുന്നത്. എക്കാലത്തെയും മികച്ച ലെഗ് സ്പിന്നറായാണ് വോൺ കണക്കാക്കപ്പെടുന്നത്. വോണിന്റെ പന്തുകൾ നേരിടുന്നത് എക്കാലവും എനിക്ക് ആവേശം നൽകിയിരുന്ന കാര്യമാണ് – ലാറ പറഞ്ഞു.

∙ വെസ്റ്റ് ഇൻഡീസ് ടീം

വിൻഡീസ് ക്രിക്കറ്റ് കൂടുതൽ പ്രഫഷനൽ സമീപനം കൈക്കൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ക്രിക്കറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരും ഇതിനു സഹകരിക്കണം. അതല്ലാതെ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ നല്ല നാളുകളിലേക്കുള്ള മടക്കം സ്വപ്നം കാണാനാവില്ല. പ്രതിഭയുള്ള കളിക്കാരുണ്ടെങ്കിലും ഇന്നത്തെക്കാലത്ത് കളിയിൽ വിജയിക്കാൻ അതുമാത്രം പോരാ.

∙ ട്വന്റി20 ക്രിക്കറ്റിന്റെ വരവ്

എന്റെ കരിയറിന്റെ ആദ്യ കാലത്തുതന്നെ ഏകദിന ടീമിൽ ഇടം നേടാൻ സാധിച്ചിട്ടുണ്ട്. അത് എന്റെ കളിയെയും സ്വാധീനിച്ചു. കൂടുതൽ വേഗത്തിൽ സ്കോർ ചെയ്യാൻ ഏകദിന ക്രിക്കറ്റിന്റെ സ്വാധീനം എന്നെ സഹായിച്ചു. ഇന്നാണ് ഞാൻ കളിക്കുന്നതെങ്കിലും ട്വന്റി20യും ഇത്തരത്തിൽ എന്റെ ശൈലിയെ സ്വാധീനിക്കുമായിരുന്നു. കൂടുൽ വേഗത്തിൽ റൺസ് കണ്ടെത്താൻ അതു വഴിവയ്ക്കുമായിരുന്നു.

∙ ഇംഗ്ലണ്ടിനെതിരെ 400 റൺസ്

ജീവിതത്തിൽ ഒരിക്കലും നേടാനാവുമെന്ന് കരുതിയ നേട്ടമല്ല ഇത്. 1994ൽ 375 റൺസ് നേടിയപ്പോൾ 400 എത്താത്തതിൽ എനിക്കു നിരാശ തോന്നിയിരുന്നു. പിന്നീടാണ് ഈ സ്കോറിലേക്ക് വരുന്നത്.

∙ ക്രിക്കറ്റ് ഒളിംപിക്സിൽ ഉൾപ്പെടുത്തണം

ട്വന്റി20 ക്രിക്കറ്റിന്റെ വരവോടെ മൽസരസമയം മൂന്നു മണിക്കൂറായി ചുരുങ്ങിയിട്ടുണ്ട്. എന്നിട്ടും ക്രിക്കറ്റ് ഒളിംപിക്സിൽ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ല. ഗോൾഫ് വീണ്ടും ഒളിംപിക്സിൽ ഇടംപിടിച്ചത് നല്ല വാർത്തയായിരുന്നു. അടുത്തത് ക്രിക്കറ്റിന്റെ ഊഴമാണ്.

∙ ഇപ്പോഴത്തെ മികച്ച താരങ്ങൾ

ബാറ്റ്സ്മാൻമാരിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടും. ബോളർമാരിൽ ജയിംസ് ആൻഡേഴ്സനും ദക്ഷിണാഫ്രിക്കയുടെ കഗീസോ റബാഡയും.

∙ നേരിട്ടിട്ടുള്ള വേഗമേറിയ ബോളർ

പോർട്ട് ഓഫ് സ്പെയിനിൽ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ഒരു ടെസ്റ്റ് മൽസരത്തിൽ ബ്രെറ്റ് ലീ ഒരു ഓവറിൽ തുടർച്ചയായി അതിവേഗ പന്തുകൾ എറിഞ്ഞു. നേരിട്ടുള്ള ഏറ്റവും വേഗതയേറിയ പന്തുകൾ അവയാണ്.