ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ ആദ്യ മൽസരത്തിൽ എതിരാളി ഹോങ്കോങ്

ഹോങ്കോങ് ക്രിക്കറ്റ് ടീം

മുംബൈ∙ യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ ആദ്യ മൽസരത്തിനുള്ള എതിരാളികളായി. സെപ്റ്റംബർ പതിനെട്ടു നടക്കുന്ന ആദ്യ മൽസരത്തിൽ ഏഷ്യാ കപ്പിൽ അരങ്ങേറ്റം കുറിക്കുന്ന ഹോങ്കോങ്ങാണ് ഇന്ത്യയുടെ എതിരാളികൾ. ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടിൽ ചാംപ്യൻമാരായാണ് ഹോങ്കോങ് ഏഷ്യാ കപ്പിൽ അരങ്ങേറുന്നത്. ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടിലെ ഫൈനൽ പോരാട്ടത്തിൽ യുഎഇയെ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം രണ്ടു വിക്കറ്റിനാണ് ഹോങ്കോങ് തോൽപ്പിച്ചത്. സെപ്റ്റംബർ 15 മുതൽ 28 വരെയാണ് ടൂർണമെന്റ്.

ഇതോടെ, ഇന്ത്യയും പാക്കിസ്ഥാനും ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലേക്കാണ് ഹോങ്കോങ്ങിന്റെ വരവ്. ഹോങ്കോങ്ങുമായുള്ള മൽസരത്തിനു പിറ്റേന്നാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടം. വിരാട് കോഹ്‍ലിക്ക് വിശ്രമം അനുവദിച്ചതിനാൽ രോഹിത് ശർമയാണ് ഏഷ്യാ കപ്പിൽ ഇന്ത്യയെ നയിക്കുന്നത്. അതേസമയം, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക എന്നിവരുൾപ്പെട്ടതാണ് ഗ്രൂപ്പ് ബി.

മഴമൂലം 24 ഓവറാക്കി വെട്ടിച്ചുരുക്കിയ മൽസരത്തിൽ ടോസ് നേടിയ ഹോങ്കോങ് യുഎഇയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഓപ്പണർ അഷ്ഫാഖ് അഹമ്മദിന്റെ അർധസെഞ്ചുറി മികവിൽ നിശ്ചിത 24 ഓവറിൽ യുഎഇ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. അഷ്ഫാഖ് 51 പന്തിൽ ഒൻപതു ബൗണ്ടറിയും ആറു സിക്സും സഹിതം 79 റൺസെടുത്തു. ഹോങ്കോങ്ങിനായി ഐസാസ് ഖാൻ അഞ്ച് ഓവറിൽ 28 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി.

മഴനിയമപ്രകാരം 179 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹോങ്കോങ്, മൂന്നു പന്തു മാത്രം ബാക്കിനിൽക്കെ എട്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 38 റൺസെടുത്ത ഓപ്പണർ നിസാഖത്ത് ഖാനാണ് അവരുടെ ടോപ് സ്കോറർ. ഒന്നാം വിക്കറ്റിൽ 64 റൺസ് കൂട്ടിച്ചർത്തശേഷം കൂട്ടത്തകർച്ച നേരിട്ട ഹോങ്കോങ് ഇടയ്ക്കു തോൽക്കുമെന്ന പ്രതീതി സൃഷ്ടിച്ചങ്കിലും, എട്ടാം വിക്കറ്റിൽ മക്കൻസി–തൻവീർ അഫ്സൽ സഖ്യം കൂട്ടിച്ചേർത്ത 29 റൺസ് അവരെ വിജയത്തിന്റെ വക്കിലെത്തിച്ചു. ഒരു ഓവർ ബാക്കിനിൽക്കെ വിജയത്തിലേക്ക് ഒരു റൺ മാത്രം വേണ്ടപ്പോൾ തൻവീർ പുറത്തായെങ്കിലും ഹോങ്കോങ് വിജയത്തിലെത്തി.