ഇന്ത്യൻ ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട്; രണ്ടാം ദിനം ആറ് വിക്കറ്റിന് 174

വിരാട് കോഹ്‌ലിയുടെ ഷോട്ട് അലസ്റ്റയർ കുക്കിനെ മറികടന്ന് ബൗണ്ടറിയിലേക്ക്. കോഹ്‌ലി 49 റൺസെടുത്ത് പുറത്തായി.

ലണ്ടൻ ∙ ഓവലിലും ഇന്ത്യയ്ക്കു രക്ഷയില്ല! ആദ്യം, വാലറ്റത്തെ ചുരുട്ടിക്കെട്ടി മേൽക്കൈ നേടാമെന്ന ഇന്ത്യൻ സ്വപ്നത്തിന് ജോസ് ബട്‌ലർ ബാറ്റുകൊണ്ടു വിലങ്ങിട്ടു. ഓപ്പണർ അലസ്റ്റയർ കുക്ക് തുടങ്ങിവച്ച പാചകത്തിന്റെ രുചിക്കൂട്ട് രണ്ടാം ദിനം ബട്‌ലർ (89) കൂടുതൽ സ്വാദുള്ളതാക്കിയതോടെ ഇംഗ്ലണ്ടിന് ആദ്യ ഇന്നിങ്ങ്സിൽ 332 റൺസ് എന്ന മികച്ച സ്കോർ. മറുപടി ബാറ്റിങ് തുടങ്ങിയ ഇന്ത്യ 6 വിക്കറ്റിനു 174 റൺസ് എന്ന നിലയിൽ പതറുന്നു. 

അരങ്ങേറ്റക്കാരൻ ഹനുമാ വിഹാരി (25), രവീന്ദ്ര ജഡേജ (8) എന്നിവരാണു ക്രീസിൽ. ക്യാപ്റ്റൻ വിരാട് കോഹ്‌ലി 49 റൺസെടുത്തു പുറത്തായി. ഇംഗ്ലണ്ട് പേസർമാരായ ജയിംസ് ആൻഡേഴ്സനും ബെൻ സ്റ്റോക്സും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.നാലു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ ചെറിയൊരു ഇടവേളയ്ക്കു ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കിയതു മാത്രമാണ് രണ്ടാം ദിനം ഇന്ത്യയ്ക്കു പുഞ്ചിരി സമ്മാനിച്ചത്. അൽഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ അഞ്ചാം ടെസ്റ്റിലും തോൽവിയോടെ മടങ്ങാനാകും ഇന്ത്യയുടെ വിധി. 

മിസ്റ്റർ ബട്‌ലർ

ആദ്യദിനം 7 വിക്കറ്റിന് 198 റൺസ് എന്ന നിലയിൽ ബാറ്റിങ് അവസാനിപ്പിച്ച ഇംഗ്ലണ്ടിനു തുണയായത് വിക്കറ്റിന്റെ ഒരറ്റം കാത്ത ബട്‌‌ലറുടെ ഇന്നിങ്ങ്സാണ്. ആദിൽ റഷീദിനെ (15) ജസ്പ്രിത് ബുമ്ര വിക്കറ്റിനു മുന്നിൽ കുടുക്കിയെങ്കിലും ബട്‌ലർ ഉറച്ചുനിന്നു. ബട്‌ലർക്കു തുണയാളായി സ്റ്റുവർട്ട് ബ്രോഡ് (38) ചേർന്നതോടെ ഇംഗ്ലണ്ട് ഏകദിന ശൈലിയിൽ ബാറ്റു വീശിത്തുടങ്ങി. ഒൻപതാം വിക്കറ്റിൽ ബട്‌ലർ– ബ്രോഡ് സഖ്യം നേടിയ 98 റൺസാണ് ഇംഗ്ലണ്ട് ടോട്ടലിൽ നിർണായകമായത്. രവീന്ദ്ര ജഡേജയെ സിക്സടിക്കാനുള്ള ശ്രമത്തിനിടെ, 

കോഹ്‍ലിയും രഹാനെയും.

മിഡോണിൽ പിന്നോട്ടോടിയെടുത്ത തകർപ്പൻ ക്യാച്ചിലൂടെ കെ.എൽ. രാഹുൽ ബ്രോഡിനെ മടക്കിയതോടെയാണു കൂട്ടുകെട്ടു പൊളിഞ്ഞത്. എന്നാൽ പിന്നിട് ജസ്പ്രീത് ബുമ്രയെ മൂന്നു പന്തുകൾക്കിടെ രണ്ടുവട്ടം സിക്സർ പറത്തിയ ബ​‌ട്‌ലർ ഇംഗ്ലണ്ട് സ്കോർ മുന്നോട്ടു നയിച്ചു. ജഡേജ തന്നെയാണു ബട്‌ലറെയും മടക്കിയത്. ജഡേജയുടെ കുത്തിത്തിരിഞ്ഞ പന്തിൽ ബാറ്റുവച്ച ബട്‌ലറെ രഹാനെ സ്ലിപ്പിൽ കൈയിലൊതുക്കി. ഇന്ത്യ കൊതിച്ചു കാത്തിരുന്ന വിക്കറ്റ്! 

‘സമയദോഷം’

ഇംഗ്ലണ്ട് മികച്ച സ്കോർ നേടിയതിന്റെ നിരാശയിൽ‌ ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറിൽത്തന്നെ പ്രഹരമേറ്റു. ബ്രോഡിന്റെ ഇൻസ്വിങ്ങറിൽ വിക്കറ്റിനു മുനിൽ കുടുങ്ങി ധവാൻ (3) പുറത്ത്. ധവാൻ റിവ്യുവിനു പോയെങ്കിലും റിവ്യു സമയമായ 15 സെക്കന്റ് അതിനകം പിന്നിട്ടിരുന്നു. നാലാം ടെസ്റ്റിൽ സെഞ്ചുറി നേടിയ പൂജാരയാണു പിന്നീടിറങ്ങിയത്. 

ശ്രദ്ധയോടെ ബാറ്റുവീശിയ രാഹുൽ– പൂജാര സഖ്യം ഇരുപത് ഓവറിൽ അധികം പിടിച്ചുനിന്നതോടെ ഇന്ത്യ മൽസരത്തിലേക്കു ശക്തമായി തിരിച്ചെത്തുന്നതിന്റെ സൂചന നൽകി. എന്നാൽ സാം കറന്റെ ലെങ്ത് ബോൾ രാഹുലിന്റെ (37) വിക്കറ്റ് തെറിപ്പിച്ചതോടെ ഇന്ത്യയ്ക്കു രണ്ടാം വിക്കറ്റും നഷ്ടം. 

മൂന്നാമനായി ക്രീസിലെത്തിയ കോഹ്‌ലിയും പൂജാരയും ഇന്ത്യയ്ക്കു വീണ്ടും പ്രതീക്ഷ നൽകിയെങ്കിലും തൊട്ടടുത്ത ഓവറുകളിൽ പൂജാരയെയും രഹാനെയെയും മടക്കിയ ജയിംസ് ആൻഡേഴ്സൻ ഇംഗ്ലണ്ടിന്റെ രക്ഷകനായി. ‌‍ആൻഡേഴ്സന്റെ പന്തിൽ അനാവശ്യ ഷോട്ടിനു മുതിർന്ന പൂജാര (37) വിക്കറ്റിനു പിന്നിൽ ബെയർസ്റ്റോയ്ക്കു ക്യാച്ച് നൽകി മടങ്ങി. 

ഒന്നാം സ്ലിപ്പിൽ കുക്കിനു ക്യാച്ച് നൽകിയാണു രഹാനെ (0) പുറത്തായത്. മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന കോഹ്‌ലി അർധ സെഞ്ചുറിയ്ക്ക് ഒരു റൺസ് അകലെ പുറത്താകുയും ചെയ്തതോടെ ഇന്ത്യയുടെ തകർച്ച പൂർണമായി. സ്റ്റോക്സാണു കോഹ്‌ലിയെ മടക്കിയത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് (5) തുടർച്ചയായ മൂന്നാം ടെസ്റ്റിലും നിരാശപ്പെടുത്തി.

സ്കോർബോർഡ്

ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ്: കുക്ക് ബി ബുമ്ര 71, ജെന്നിങ്സ് സി രാഹുൽ ബി ജഡേജ 23, മോയിന്‍ സി പന്ത് ബി ഇഷാന്ത് 50, റൂട്ട് എൽബിഡബ്ല്യു ബി ബുമ്ര 0, ബെയർസ്റ്റോ സി പന്ത് ബി ഇഷാന്ത് 0, സ്റ്റോക്സ് എൽബിഡബ്ല്യു ബി ജഡേജ 11, ബട്‌ലർ സി രഹാനെ ബി ജ‍ഡേജ 89, കറൻ സി പന്ത് ബി ഇഷാന്ത് 0, റഷീദ് എൽബിഡബ്ല്യു ബി ബുമ്ര 15, ബ്രോഡ് സി രാഹുൽ ബി ജഡേജ 38, ആൻഡേഴ്സൻ നോട്ടൗട്ട് 0. എക്സ്ട്രാസ് 35. ആകെ 122 ഓവറിൽ 332നു പുറത്ത്.

വിക്കറ്റുവീഴ്ച: 1–60, 2–133, 3–133, 4–134, 5–171, 6–177, 7–181, 8–214, 9–312, 10–332.

ബോളിങ്: ബുമ്ര 30–9–83–3, ഇഷാന്ത് 31–12–62–3, വിഹാരം 1–0–1–0, ഷമി 30–7–72–0, ജഡേജ 30–0–79–4.

ഇന്ത്യ ഒന്നാം ഇന്നിങ്സ്: രാഹുൽ ബി കറൻ 38, ധവാൻ എൽബിഡബ്ല്യു ബി ബ്രോഡ് 3, പൂജാര സി ബെയർസ്റ്റോ ബി ആൻഡേഴ്സൻ 37, കോഹ്‌ലി സി റൂട്ട് ബി സ്റ്റോക്സ് 49, രഹാനെ സി കുക്ക് ബി ആൻഡേഴ്സൻ 0, വിഹാരി ബാറ്റിങ് 25, പന്ത് സി കുക്ക് ബി സ്റ്റോക്സ് 5, ജഡേജ ബാറ്റിങ് 8 എക്സ്ട്രാസ് 10. ആകെ 53 ഓവറിൽ 6–174

വിക്കറ്റുവീഴ്ച: 1–6, 2–70, 3–101, 4–103, 5–154, 6–160.

ബോളിങ്: ആൻഡേഴ്സൻ 11–3–20–2, ബ്രോഡ് 11–3–25–1, സ്റ്റോക്സ് 11–1–44–2, കറൻ 10–1–46–1, അലി 8–0–29–0