ക്യാച്ചിന്റെ ഇന്ത്യൻ റെക്കോർഡ് കയ്യിലൊതുക്കി രാഹുൽ; ലോക റെക്കോർഡ് കയ്യകലെ

ബ്രോഡിന്റെ ക്യാച്ചെടുത്ത ശേഷം ലോകേഷ് രാഹുലിന്റെ പ്രതികരണം. ശിഖർ ധവാൻ സമീപം.

ഓവൽ∙ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ പുതിയ റെക്കോർഡു കുറിച്ച് ഇന്ത്യൻ താരം ലോകേഷ് രാഹുൽ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സിൽ പരമ്പരയിലെ 13–ാം ക്യാച്ച് സ്വന്തമാക്കിയ രാഹുൽ, 13 വർഷം മുൻപ് രാഹുൽ ദ്രാവിഡ് സ്ഥാപിച്ച ഇന്ത്യൻ റെക്കോർഡിന് ഒപ്പമെത്തി. ഇംഗ്ലണ്ട് ഇന്നിങ്സിൽ സ്റ്റുവാർട്ട് ബ്രോഡിനെ പുറത്താക്കാൻ എടുത്ത ക്യാച്ചാണ് രാഹുലിനെ ദ്രാവിഡിന്റെ റെക്കോർഡ് നേട്ടത്തിന് ഒപ്പമെത്തിച്ചത്.

2004–05 വർഷത്തിലെ ഓസീസ് പര്യടനത്തിലാണ് രാഹുൽ ദ്രാവിഡ് 13 ക്യാച്ചുമായി റെക്കോർഡു സ്വന്തമാക്കിയത്. നാലു ടെസ്റ്റുകൾ ഉൾപ്പെട്ട പരമ്പരയിലാണ് ദ്രാവിഡ് റെക്കോർഡ് സ്വന്തമാക്കിയത്. അതേസമയം, അഞ്ചാമത്തെ ടെസ്റ്റിലാണ് രാഹുൽ, ദ്രാവിഡിന്റെ റെക്കോർഡിന് ഒപ്പമെത്തിയത്.

രാഹുൽ ദ്രാവിഡിനു പുറമെ ഇന്ത്യക്കാരല്ലാത്ത രണ്ടു പേർ കൂടി മുൻപ് ഒരു പരമ്പരയിൽ 13 ക്യാച്ചുകൾ സ്വന്തമാക്കിയിട്ടുണ്ട്. വെസ്റ്റ് ഇൻഡീസ് താരം ബ്രയാൻ ലാറ, ഓസ്ട്രേലിയയുടെ ബോബ് സിംപ്സൺ എന്നിവരാണ് മുൻപ് 13 ക്യാച്ചുകൾ നേടിയിട്ടുള്ളവർ. ഇരുവരും രണ്ടു തവണ വീതം ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ 1997–98 സീസണിലും ഇന്ത്യയ്ക്കെതിരെ 2006ലുമാണ് ലാറ 13 ക്യാച്ചു വീതം നേടിയത്. അതേസമയം, 1957–58ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും 1960–61ൽ വെസ്റ്റ് ഇൻഡീസിനെതിരെയുമാണ് സിംപ്സൺ റെക്കോർഡ് നേട്ടം കൈവരിച്ചത്.

അതേസമയം, ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ നേടിയതിന്റെ റെക്കോർഡ് ഓസ്ട്രേലിയയുടെ ജാക്ക് ഗ്രിഗറിയുടെ പേരിലാണ്. 15 ക്യാച്ചുകൾ. 1920–21ലെ ആഷസ് പരമ്പരയിലാണ് ഗ്രിഗറി റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. ഓസ്ട്രേലിയയുടെ തന്നെ ഗ്രെഗ് ചാപ്പൽ 14 ക്യാച്ചുമായി രണ്ടാമതുണ്ട്. 1974–75ലെ പരമ്പരയിലാണ് മുൻ ഇന്ത്യൻ പരിശീലകൻ കൂടിയായ ചാപ്പൽ 14 ക്യാച്ചു സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിന് ഇനിയും ഒരു ഇന്നിങ്സു കൂടി ബാക്കിയുള്ളതിനാൽ ഈ പരമ്പരയിൽ റെക്കോർഡ് സ്വന്തം പേരിലാക്കാനും ലോകേഷ് രാഹുലിന് അവസരമുണ്ട്. രണ്ട് ക്യാച്ചുകൾ കൂടി നേടിയാൽ രാഹുലിന് ഗ്രിഗറിയുടെ റെക്കോർഡിനൊപ്പമെത്താം. മൂന്നു ക്യാച്ചുകൾ നേടാനായാൽ ഒറ്റയ്ക്ക് ഒന്നാം സ്ഥാനം നേടാം.