Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലയുറപ്പിച്ച് ഇംഗ്ലണ്ട്; മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ആതിഥേയർ 114/2; 154 റൺസ് ലീഡ്

cook-second-innings-ovaltest ടെസ്റ്റ് കരിയറിലെ അവസാന ഇന്നിങ്സിൽ ബാറ്റു വീശുന്ന ഇംഗ്ലണ്ട് താരം അലസ്റ്റയർ കുക്ക്.

ലണ്ടൻ ∙ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ടിന് ആധിപത്യം. രണ്ടാം ഇന്നിങ്സിൽ 43 ഓവറിൽ 114/2 എന്ന നിലയിലാണ് ആതിഥേയർ. തന്റെ അവസാന ടെസ്റ്റ് ഇന്നിങ്സ് കളിക്കുന്ന അലസ്റ്റയർ കുക്ക് 46 റൺസോടെയും ജോ റൂട്ട് 29 റണ്‍സോടെയുമാണ് ക്രീസിൽ. മൂന്നാം വിക്കറ്റിൽ ഇരുവരും ഇതുവരെ 52 റൺസ് കൂട്ടിച്ചേർത്തു. അർധസെഞ്ചുറിയിലേക്ക് നീങ്ങുന്ന കുക്ക് രണ്ടാം ഇന്നിങ്സിലും മികച്ച സ്കോർ കണ്ടെത്തി വിരമിക്കൽ കേമമാക്കാനുള്ള ഒരുക്കത്തിലാണ്. ഓപ്പണർ കെകെ ജെന്നിങ്സ്, മൊയീന്‍ അലി എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർക്കാണ് വിക്കറ്റ്. ഇംഗ്ലണ്ടിന് ഇപ്പോൾ ആകെ 154 റൺസ് ലീഡായി.

നേരത്തെ, 40 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി ഇന്ത്യ 292 റൺസിനു പുറത്തായി. പരമ്പരയിൽ ആദ്യമായി ലഭിച്ച അവസരം മുതലെടുത്ത ഹനുമ വിഹാരി, രവീന്ദ്ര ജഡേജ എന്നിവരുടെ അർധസെഞ്ചുറികളാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഒന്നാം ഇന്നിങ്സിൽ 332 റൺസെടുത്ത ഇംഗ്ലണ്ടിന് ഇതോടെ 40 റൺസ് ലീഡും ലഭിച്ചു. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന വിഹാരി 56 റൺസെടുത്തു പുറത്തായപ്പോൾ, ടെസ്റ്റിലെ തന്റെ ഉയർന്ന രണ്ടാമത്തെ സ്കോർ കണ്ടെത്തിയ ജഡേജ 86 റൺസുമായി പുറത്താകാതെ നിന്നു. 156 പന്തിൽ 11 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് ജഡേജ 86 റൺസെടുത്തത്. ഇംഗ്ലണ്ടിനായി ആൻഡേഴ്സൻ, ബെൻ സ്റ്റോക്സ്, മോയിൻ അലി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ആറു വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യയെ ഹനുമ വിഹാരി, രവീന്ദ്ര ജഡേജ എന്നിവർ ചേർന്ന് കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ 200 കടത്തി. ജഡേജയുടെ പിന്തുണയോടെ ഇംഗ്ലണ്ട് ബോളർമാരെ അനായാസം നേരിട്ട വിഹാരി, അരങ്ങേറ്റ ടെസ്റ്റിൽ അർധസെഞ്ചുറിയും നേടി. 104 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് വിഹാരി അർധസെഞ്ചുറി പൂർത്തിയാക്കിയത്.

ഒടുവിൽ ഇന്ത്യൻ സ്കോർ 237ൽ നിൽക്കെ മോയിൻ അലിയാണ് വിഹാരിയെ പുറത്താക്കിയത്. 124 പന്തിൽ ഏഴു ബൗണ്ടറിയും ഒരു സിക്സും സഹിതം 56 റൺസെടുത്ത ഹനുമ വിഹാരിയെ മോയിൻ അലി വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയുടെ കൈകളിലെത്തിച്ചു. ഏഴാം വിക്കറ്റിൽ രവീന്ദ്ര ജഡേജയ്ക്കൊപ്പം 77 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് വിഹാരി പുറത്തായത്. ഉച്ചഭക്ഷണത്തിനു പിരിയുന്നതുവരെ പിടിച്ചുനിന്നെങ്കിലും മടങ്ങിയെത്തി അധികം വൈകാതെ ഇഷാന്ത് ശർമയും കൂടാരം കയറി. 25 പന്തിൽ നാലു റൺസെടുത്ത ഇഷാന്ത് ശർമയെ മോയിൻ അലി പുറത്താക്കി.

മുഹമ്മദ് ഷമിയുടേതായിരുന്നു അടുത്ത ഊഴം. അഞ്ചു പന്തു മാത്രം നീണ്ട ഇന്നിങ്സിനൊടുവിൽ ആദിൽ റഷീദിന് മൽസരത്തിലെ ആദ്യ വിക്കറ്റ് സമ്മാനിച്ച് ഷമിയും കൂടാരം കയറി. അവസാന വിക്കറ്റിൽ ജസ്പ്രീത് ബുമ്രയെ ഒരറ്റത്തു സാക്ഷിനിർത്തി ആക്രമിച്ചു കളിച്ച ജഡേജയാണ് ഇന്ത്യൻ സ്കോർ 290 കടത്തിയത്. അവസാന വിക്കറ്റിൽ ഇരുവരും ചേർന്ന് 32 റൺസ് കൂട്ടിച്ചേർത്തു.

രണ്ടാം ദിനം ബാറ്റിങ്ങിൽ തകർന്ന് ഇന്ത്യ

ഒന്നാം ഇന്നിങ്സിൽ ഒരു ഘട്ടത്തിൽ ഏഴിന് 198 റൺസ് എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് 332 റൺസ് നേടിയതിന്റെ നിരാശയിൽ‌ ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറിൽത്തന്നെ പ്രഹരമേറ്റു. ബ്രോഡിന്റെ ഇൻസ്വിങ്ങറിൽ വിക്കറ്റിനു മുനിൽ കുടുങ്ങി ധവാൻ (3) പുറത്ത്. ധവാൻ റിവ്യുവിനു പോയെങ്കിലും റിവ്യു സമയമായ 15 സെക്കന്റ് അതിനകം പിന്നിട്ടിരുന്നു. നാലാം ടെസ്റ്റിൽ സെഞ്ചുറി നേടിയ പൂജാരയാണു പിന്നീടിറങ്ങിയത്. ശ്രദ്ധയോടെ ബാറ്റുവീശിയ രാഹുൽ– പൂജാര സഖ്യം ഇരുപത് ഓവറിൽ അധികം പിടിച്ചുനിന്നതോടെ ഇന്ത്യ മൽസരത്തിലേക്കു ശക്തമായി തിരിച്ചെത്തുന്നതിന്റെ സൂചന നൽകി. എന്നാൽ സാം കറന്റെ ലെങ്ത് ബോൾ രാഹുലിന്റെ (37) വിക്കറ്റ് തെറിപ്പിച്ചതോടെ ഇന്ത്യയ്ക്കു രണ്ടാം വിക്കറ്റും നഷ്ടം.

മൂന്നാമനായി ക്രീസിലെത്തിയ കോഹ്‌ലിയും പൂജാരയും ഇന്ത്യയ്ക്കു വീണ്ടും പ്രതീക്ഷ നൽകിയെങ്കിലും തൊട്ടടുത്ത ഓവറുകളിൽ പൂജാരയെയും രഹാനെയെയും മടക്കിയ ജയിംസ് ആൻഡേഴ്സൻ ഇംഗ്ലണ്ടിന്റെ രക്ഷകനായി. ‌‍ആൻഡേഴ്സന്റെ പന്തിൽ അനാവശ്യ ഷോട്ടിനു മുതിർന്ന പൂജാര (37) വിക്കറ്റിനു പിന്നിൽ ബെയർസ്റ്റോയ്ക്കു ക്യാച്ച് നൽകി മടങ്ങി.

ഒന്നാം സ്ലിപ്പിൽ കുക്കിനു ക്യാച്ച് നൽകിയാണു രഹാനെ (0) പുറത്തായത്. മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന കോഹ്‌ലി അർധ സെഞ്ചുറിയ്ക്ക് ഒരു റൺസ് അകലെ പുറത്താകുയും ചെയ്തതോടെ ഇന്ത്യയുടെ തകർച്ച പൂർണമായി. സ്റ്റോക്സാണു കോഹ്‌ലിയെ മടക്കിയത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് (5) തുടർച്ചയായ മൂന്നാം ടെസ്റ്റിലും നിരാശപ്പെടുത്തി.

മിസ്റ്റർ ബട്‌ലർ

ആദ്യദിനം 7 വിക്കറ്റിന് 198 റൺസ് എന്ന നിലയിൽ ബാറ്റിങ് അവസാനിപ്പിച്ച ഇംഗ്ലണ്ടിനു തുണയായത് വിക്കറ്റിന്റെ ഒരറ്റം കാത്ത ബട്‌‌ലറുടെ ഇന്നിങ്ങ്സാണ്. ആദിൽ റഷീദിനെ (15) ജസ്പ്രിത് ബുമ്ര വിക്കറ്റിനു മുന്നിൽ കുടുക്കിയെങ്കിലും ബട്‌ലർ ഉറച്ചുനിന്നു. ബട്‌ലർക്കു തുണയാളായി സ്റ്റുവർട്ട് ബ്രോഡ് (38) ചേർന്നതോടെ ഇംഗ്ലണ്ട് ഏകദിന ശൈലിയിൽ ബാറ്റു വീശിത്തുടങ്ങി.

ഒൻപതാം വിക്കറ്റിൽ ബട്‌ലർ– ബ്രോഡ് സഖ്യം നേടിയ 98 റൺസാണ് ഇംഗ്ലണ്ട് ടോട്ടലിൽ നിർണായകമായത്. രവീന്ദ്ര ജഡേജയെ സിക്സടിക്കാനുള്ള ശ്രമത്തിനിടെ, മിഡോണിൽ പിന്നോട്ടോടിയെടുത്ത തകർപ്പൻ ക്യാച്ചിലൂടെ കെ.എൽ. രാഹുൽ ബ്രോഡിനെ മടക്കിയതോടെയാണു കൂട്ടുകെട്ടു പൊളിഞ്ഞത്.

എന്നാൽ പിന്നിട് ജസ്പ്രീത് ബുമ്രയെ മൂന്നു പന്തുകൾക്കിടെ രണ്ടുവട്ടം സിക്സർ പറത്തിയ ബ​‌ട്‌ലർ ഇംഗ്ലണ്ട് സ്കോർ മുന്നോട്ടു നയിച്ചു. ജഡേജ തന്നെയാണു ബട്‌ലറെയും മടക്കിയത്. ജഡേജയുടെ കുത്തിത്തിരിഞ്ഞ പന്തിൽ ബാറ്റുവച്ച ബട്‌ലറെ രഹാനെ സ്ലിപ്പിൽ കൈയിലൊതുക്കി. ഇന്ത്യ കൊതിച്ചു കാത്തിരുന്ന വിക്കറ്റ്!

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.