വിഹാരി, ജഡേജ; ഇംഗ്ലണ്ടിൽ ഇന്ത്യയെ രക്ഷിക്കാൻ ‘ലാസ്റ്റ് ബസി’ന് വന്നവർ?

ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിലും പതിവുപോലെ കൂട്ടത്തകർച്ചയെ നേരിട്ട ഇന്ത്യയെ താങ്ങിനിർത്തിയതും വൻ തകർച്ചയിൽനിന്നും കരകയറ്റിയതും രണ്ടു പേരാണ്. ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം ലഭിച്ച ഹനുമ വിഹാരി എന്ന ആന്ധ്രക്കാരനും ചെറിയ ഇടവേളയ്ക്കു ശേഷം ടീമിലേക്ക് തിരിച്ചുവിളിക്കപ്പെട്ട രവീന്ദ്ര ജഡേജ എന്ന സൗരാഷ്ട്രക്കാരനും. ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മുതൽ താരങ്ങളെ മാറി മാറി പരീക്ഷിക്കുന്ന വിരാട് കോഹ്‍ലി, അഞ്ചാമത്തെ മാത്രം ടെസ്റ്റിൽ അവസരം നൽകിയവരാണ് ഇരുവരും എന്നതാണ് ഏറെ കൗതുകകരം. ആദ്യമായി ലഭിച്ച അവസരം ഒരുപോലെ മുതലെടുത്ത ഇരുവരും ഓവലിൽ ബാറ്റുമായി ഇന്ത്യയ്ക്ക് പ്രതിരോധമൊരുക്കി.

ഒന്നാം ഇന്നിങ്സിൽ ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നിവർ അടുത്തടുത്ത ഓവറുകളിൽ പുറത്തായി ഇന്ത്യ കൂട്ടത്തകർച്ചയെ അഭിമുഖീകരിക്കുമ്പോഴാണ് ഹനുമ വിഹാരി ക്രീസിലെത്തുന്നത്. ആൻഡേഴ്സനും ബ്രോഡും വർധിത വീര്യത്തോടെ പന്തെറിയുന്നതിനിടെയാണ് ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്കു കൂട്ടായി വിഹാരിയെത്തുന്നത്. രാജ്യാന്തര ക്രിക്കറ്റിൽ ആദ്യം നേരിടേണ്ടി വന്നത് ടെസ്റ്റിലെ ഒന്നാം നമ്പർ ബോളർ ജയിംസ് ആൻഡേഴ്സനെ!

അടുത്തത് ബ്രോഡിന്റെ ഊഴം. എട്ടു പന്തുകൾ വിജയകരമായി പ്രതിരോധിച്ച വിഹാരി, നേരിട്ട ഒൻപതാമത്തെ പന്തിലാണ് രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ റൺ കുറിക്കുന്നത്. രണ്ടാമത്തെ റൺ നേടുന്നത് 15–ാം പന്തിൽ. മൂന്നാമത്തെ റണ്ണിനായുള്ള കാത്തിരിപ്പ് അവസാനിച്ചത് 29–ാമത്തെ പന്തിൽ. ബെൻ സ്റ്റോക്സിനെ സിക്സിനു പറത്തിയ വിഹാരി, അതേ ഓവറിൽ ഒരു ബൗണ്ടറി കൂടി നേടി ട്രാക്കിലായി. സാം കറൻ എറിഞ്ഞ അടുത്ത ഓവറിലും വിഹാരി രണ്ടു ബൗണ്ടറി കണ്ടെത്തി.

അടുത്ത ഓവറിൽ സ്റ്റോക്സിനു വിക്കറ്റ് സമ്മാനിച്ച് കോഹ്‍ലി മടങ്ങിയതോടെ വിഹാരി വീണ്ടും പ്രതിരോധത്തിലായി. കൂട്ടിനെത്തിയത് ഈ പരമ്പരയിലൂടെ അരങ്ങേറിയ മറ്റൊരു താരമായ ഋഷഭ് പന്ത്. എട്ടു പന്തുകൾ മാത്രം നീണ്ട ഇന്നിങ്സിനൊടുവിൽ അഞ്ചു റണ്ണുമായി സ്റ്റോക്സിനു രണ്ടാം വിക്കറ്റ് സമ്മാനിച്ച് പന്ത് കൂടാരം കയറിയതോടെ ഇന്ത്യൻ ഇന്നിങ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടിന് അരങ്ങോരുങ്ങി. പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച രവീന്ദ്ര ജഡേജ വിഹാരിക്കു തുണയായി കളത്തിലേക്ക്. കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ ഇരുവരും രണ്ടാം ദിനത്തിലെ കളി അവസാനിപ്പിച്ചു.

മൂന്നാം ദിനം രാവിലെ വർധിത വീര്യത്തോടെ പന്തെറിയാനെത്തിയ ആൻഡേഴ്സനെയും ബ്രോഡിനെയും ഇരുവരും നേരിട്ടു. ക്ഷമയുടെ നേർരൂപങ്ങളായി ക്രീസിൽനിന്ന ഇരുവരും തീരെ പതുക്കെ ഇന്നിങ്സ് കെട്ടിപ്പടുത്തു. 

നീണ്ട ഇന്നിങ്സിനൊടുവിൽ 104 പന്തിലാണ് വിഹാരി അർധസെഞ്ചുറി പൂർത്തിയാക്കിയത്. അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ അർധസെഞ്ചുറി നേടുന്ന 26–ാമത്തെ ഇന്ത്യൻ താരമാണ് ഹനുമ വിഹാരി. 2017ൽ ഗാലെയിൽ ഈ നേട്ടം സ്വന്തമാക്കിയ ഹാർദിക് പാണ്ഡ്യയ്ക്കു ശേഷം അർധസെഞ്ചുറി പൂർത്തിയാക്കുന്ന ആദ്യ അരങ്ങേറ്റ താരവും. 124 പന്തിൽ ഏഴു ബൗണ്ടറിയും ഒരു സിക്സും സഹിതം 56 റൺസെടുത്ത വിഹാരിയെ ഒടുവിൽ മോയിൻ അലിയാണ് പുറത്താക്കിയത്. അപ്പോൾ ഇന്ത്യൻ സ്കോർ 237 റൺസ്. ഏഴാം വിക്കറ്റിൽ അപ്പോഴേക്കും വിഹാരി–ജഡേജ സഖ്യം 77 റൺസ് കൂട്ടിച്ചേർത്തിരുന്നു.

വിഹാരിക്കു പിന്നാലെ ഇഷാന്ത് ശർമ (നാല്), മുഹമ്മദ് ഷാമി (ഒന്ന്) എന്നിവർ കാര്യമായ പോരാട്ടം കൂടാത മടങ്ങിയെങ്കിലും പത്താം വിക്കറ്റിൽ ജസ്പ്രീത് ബുമ്രയെ കൂട്ടുപിടിച്ച് ജഡേജ ഇന്ത്യൻ സ്കോർ 290 കടത്തി. ഇതിനിടെ ടെസ്റ്റിലെ ഒൻപതാം അർധസെഞ്ചുറിയും പിന്നിട്ടു. സ്വതസിദ്ധമായ ശൈലയിൽ വാൾ ചുഴറ്റുന്നതുപോലെ ബാറ്റു ചുഴറ്റിയാണ് ജഡേജ തിരിച്ചുവരവിലെ അർധസെഞ്ചുറി നേട്ടം ആഘോഷിച്ചത്.

അവസാന വിക്കറ്റിൽ ബുമ്രയെ ഒരറ്റത്ത് സാക്ഷി നിർത്തി 32 റൺസ് അടിച്ചെടുത്ത ജഡേജ, ടെസ്റ്റിലെ തന്റെ ഉയർന്ന രണ്ടാമത്തെ സ്കോറും സ്വന്തമാക്കി. ഇന്ത്യയ്ക്കു പുറത്ത് ജഡേജയുടെ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്കോർ കൂടിയാണിത്. ഒന്നാം ഇന്നിങ്സിൽ നാലു വിക്കറ്റും വീഴ്ത്തിയ ജഡേജ മറ്റൊരു നേട്ടവും കൈവരിച്ചു. 1992നുശേഷം സേനാ രാജ്യങ്ങളിൽ (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്ട്രേലിയ) ഒരു ടെസ്റ്റിൽ 80 റൺസും നാലു വിക്കറ്റും നേടുന്ന ആദ്യ താരമാണ് ജഡേജ. മുൻപ് ഈ നേട്ടം കൈവരിച്ചത് ഇപ്പോഴത്തെ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയും.

കളത്തിലും ഐസിസി റാങ്കിങ്ങിലും ഇപ്പോഴും മുൻനിരയിൽ തുടരുമ്പോഴും അവസരങ്ങൾ നിഷേധിച്ച ടീം മാനേജ്മെന്റിനുള്ള മറുപടിയാണ് ജഡേജയ്ക്ക് ഈ ഇന്നിങ്സ്. ടെസ്റ്റിലേക്കുള്ള മടങ്ങിവരവിനു ശേഷം മൂന്നു ഫോർമാറ്റുകളിലും ടീമിലേക്കു മടങ്ങുകയാണ് ലക്ഷ്യമെന്ന് പറഞ്ഞത് വെറുതെയല്ലെന്ന ഓർമപ്പെടുത്തലും. ഹനുമ വിഹാരിക്കാകട്ടെ, കരുൺ നായരെ തഴഞ്ഞ് തന്നെ ടീമിൽ ഉൾപ്പെടുത്തിയതിനെ വിമർശിച്ചവർക്കുള്ള മറുപടിയുമായി ഈ ഇന്നിങ്സ്.