രണ്ടു റൺസിനിടെ ധവാൻ, പൂജാര, കോഹ്‍ലി പുറത്ത്; ഓവലിലും ഓങ്ങിവച്ച് ഇംഗ്ലണ്ട്

വിരമിക്കൽ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടി പുറത്തായ അലസ്റ്റയർ കുക്കിനെ അഭിനന്ദിക്കുന്ന ഇന്ത്യൻ താരങ്ങൾ.

ലണ്ടൻ∙ ആറു പന്തുകൾക്കിടെ മൂന്നു മുൻ നിര വിക്കറ്റുകൾ നഷ്ടമാക്കിയ ഇന്ത്യ ഓവൽ ടെസ്റ്റിൽ തോൽവിയിലേക്ക്. ജയത്തിന് 464 റൺസ്, സമനിലയ്ക്ക് ഒരു സെഷനിലെയും ഒരു ദിവസത്തെയും അതിജീവനം എന്ന കണക്കുകൂട്ടലോടെ രണ്ടാം ഇന്നിങ്ങ്സിനിറങ്ങിയ ഇന്ത്യ 3 വിക്കറ്റിനു 58 റൺസ് എന്ന നിലയിലാണ്. ധവാൻ (1), പൂജാര (0), ക്യാപ്റ്റൻ വിരാട് കോഹ്‌ലി (0) എന്നിവരുടെ വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞ ഇന്ത്യയുടെ പോരാട്ടം എത്ര ഓവർകൂടി നീളുമെന്നേ ഇനി അറിയേണ്ടതുള്ളു. കെ.എൽ. രാഹുൽ (46), അജിങ്ക്യ രഹാനെ (10) എന്നിവരാണു ക്രീസിൽ.

ഓവൽ ടെസ്റ്റിന്റെ നാലാം ദിനം ഇംഗ്ലണ്ടിന്റെ സമ്പൂർണ ആധിപത്യമാണു പ്രകടമായത്. അവസാന ഇന്നിങ്സിനിറങ്ങിയ അലസ്റ്റയർ കുക്ക് സെഞ്ചുറിനേട്ടത്തോടെ (147) ടെസ്റ്റ് കരിയറിനു ഷട്ടറിട്ടു. കുക്കിനു വിടവാങ്ങൽ സമ്മാനമായി ഇംഗ്ലണ്ട് നായകൻ ജോ റൂട്ടും സെഞ്ചുറിയടിച്ചു (125). എട്ടു വിക്കറ്റിനു 423 റൺസ് എന്ന സ്കോറിലാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. ഇന്ത്യയ്ക്കായി ഹനുമാ വിഹാരി മൂന്നു വിക്കറ്റ് വീഴ്ത്തി. ഇന്ത്യയ്ക്കെതിരെ അർധ സെഞ്ചുറിയും സെഞ്ചുറിയും നേടി ടെസ്റ്റിൽ അരങ്ങേറിയ കുക്ക് അവസാന ടെസ്റ്റിലും അർധ സെ‍ഞ്ചുറിയും സെഞ്ചുറിയുമായി വിടവാങ്ങി.

ഒരു വിക്കറ്റിനു 114 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട്, ഇന്ത്യൻ ബോളർമാരെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് ഇന്നലെ പുറത്തെടുത്തത്. കുക്ക്– റൂട്ട് സഖ്യം ആളിക്കത്തിയതോടെ കോഹ്‌ലി ബോളർമാരെ മാറ്റിയെങ്കിലും കൂട്ടുകെട്ടു പൊളിക്കാനായില്ല. ഇതിനിടെ കുക്ക് ടെസ്റ്റിലെ 33–ാം സെഞ്ചുറി തികച്ചു. സ്കാറിങ് വേഗം കൂട്ടിത്തുടങ്ങിയ റൂട്ടും സെഞ്ചുറിയിലെത്താൻ അധികം സമയമെടുത്തില്ല. സ്ഥിരം ബോളർമാർ തളർന്നതിനാൽ അരങ്ങേറ്റക്കാരൻ ഹനുമാ വിഹാരിയെ കോഹ്‌ലി പന്തേൽപ്പിച്ചതോടെയാണു കൂട്ടുകെട്ട് പൊളിഞ്ഞത്. പക്ഷേ മൂന്നാം വിക്കറ്റിൽ 269 റൺസ് ചേർത്ത സഖ്യം മൽസരം ഇന്ത്യയിൽനിന്നു തട്ടിയെടുത്തിരുന്നു.

പിന്നീട് വേഗത്തിൽ റണ്ണടിച്ച് ലീഡ് വർധിപ്പിക്കാനുള്ള ശ്രമത്തിലായി ഇംഗ്ലണ്ട്. എട്ടാമനായ സാം കറന്റെ വിക്കറ്റ് നഷ്ടമായതോടെ റൂട്ട് ഇംഗ്ലണ്ട് ഇന്നിങ്ങ്സ് ഡിക്ലയർ ചെയ്തു.

അതിജീവനം ലക്ഷ്യമിട്ട് രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യ ഇഗ്ലണ്ട് പേസർമാർക്കു മുന്നിൽ വിക്കറ്റുകൾ വലിച്ചെറിയുന്നതാണു പിന്നീടു കണ്ടത്. കളിയുടെ മൂന്നാം ഓവറിൽത്തന്നെ ആൻഡേഴ്സൻ ധവാനെ വിക്കറ്റിനു മുന്നിൽ കുടുക്കി. ആൻ‌ഡേഴ്സന്റ് ഫുൾ ലെങ്ത് ബോളിൽ ധവാന്റെ പ്രതിരോധം ഭേദിച്ച് പാഡിലിടിച്ചു. മൂന്നാമനായി ഇറങ്ങിയ പുജാരയുടെ ആയുസ്സ് നീണ്ടതു മൂന്നു പന്തുകൾ മാത്രം. ആൻഡേഴ്സന്റെ ഇൻസ്വിങ്ങറിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയ പുജാര പുറത്ത്. നാലാമനായി ക്രീസിലെത്തിയ വിരാട് കോഹ്‌ലി മൽസരം രക്ഷിച്ചെടുക്കും എന്ന ആരാധകരുടെ പ്രതീക്ഷ മിനിറ്റുകൾക്കകം അവസാനിച്ചു. നേരിട്ട രണ്ടാം പന്തിൽ വിക്കറ്റ് കീപ്പർ ബെയർസ്റ്റോയ്ക്കു ക്യാച്ച് നൽകി കോഹ്‌ലി പുറത്തായതോടെ 3 വിക്കറ്റിനു രണ്ടു റൺസ് എന്ന ദയനീയമായ നിലയിലായി ഇന്ത്യ.

സ്കോർബോർഡ്

ഇംഗ്ലണ്ട് ആദ്യ ഇന്നിങ്ങ്സ് 332; 

ഇന്ത്യ ആദ്യ ഇന്നിങ്ങ്സ് 292

ഇംഗ്ലണ്ട്: കുക്ക് സി പന്ത് ബി വിഹാരി 147, ജെന്നിങ്ങ്സ് ബി ഷമി 10, മോയിൻ ബി ജഡേജ 20, റൂട്ട് സി സബ് ബി വിഹാരി 125, ബെയർസ്റ്റോ ബി ഷമി 18, സ്റ്റോക്സ് സി രാഹുൽ ബി ജഡേജ 37, ബട്‌ലർ സി ഷമി ബി ജഡേജ 2, കറൻ സി പന്ത് ബി വിഹാരി 21, റഷീദ് നോട്ടൗട്ട് 20. എക്സ്ട്രാസ് 25. ആകെ എട്ടു വിക്കറ്റിന് 423

വിക്കറ്റുവീഴ്ച: 1–27,2–62, 3–321, 4–321, 5–355, 6–356, 7–397, 8–423.

ബോളിങ്: ബുമ്ര 23–4–61–0, ഇഷാന്ത് 8–3–13–0, ഷമി 25–3–110–2, ജഡേജ 47–3–179–3, വിഹാരി 9.3–1–37–3.

ഇന്ത്യ രണ്ടാം ഇന്നിങ്സ്: 

രാഹുൽ ബാറ്റിങ് 46, ധവാൻ എൽബിഡബ്ല്യു ബി ആൻഡേഴ്സൻ 1, പൂജാര എൽബിഡബ്ല്യു ബി ആൻഡേഴ്സൻ 0, കോഹ്‌ലി സി ബെയർസ്റ്റോ ബി ബ്രോഡ് 0, രഹാനെ ബാറ്റിങ് 10. എക്സ്ട്രാസ്0. ആകെ മൂന്നു വിക്കറ്റിന് 58 വിക്കറ്റുവീഴ്ച: 1–1, 2–1, 3–2.

ബോളിങ്: ആൻഡേഴ്സൻ 5–2–23–2, 

ബ്രോഡ് 5–0–17–1, മോയിൻ 4–1–8–0, 

കറൻ 2–1–1–0.