ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 118 റൺസ് തോൽവി; കുക്കിന് വിജയത്തോടെ വിട

സെഞ്ചുറി നേടിയ ഋഷഭ് പന്തിനെ കെ.എൽ. രാഹുൽ അഭിനന്ദിക്കുന്നു

ലണ്ടൻ∙ ഓവൽ ടെസ്റ്റിന്റെ അവസാന ദിനം അദ്ഭുതങ്ങൾ സംഭവിച്ചു; പക്ഷേ ഇന്ത്യ തോറ്റു. പരമ്പരയിലെ മോശം ഫോമിന്റെ പേരിൽ ഏറ്റവുമധികം പഴി കേട്ട താരങ്ങളായ കെ.എൽ. രാഹുൽ (149) ,  ഋഷഭ് പന്ത് (114) എന്നിവർ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ചെങ്കിലും വിജയത്തിനു 118 റൺസ് അകലെ ഇന്ത്യ വീണു. മൂന്നു വിക്കറ്റ് നേടിയ ജയിംസ് ആൻഡേഴ്സനും രണ്ടു വിക്കറ്റെടുത്ത ആദിൽ റാഷിദുമാണ് ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചത്. ആറാം വിക്കറ്റിൽ 203 റൺസ് ചേർത്ത രാഹുൽ– പന്ത് സഖ്യം പ്രതീക്ഷയുണർത്തിയെങ്കിലും ആദിൽ റഷീദ് ഇരുവരെയും പുറത്താക്കിയതോടെ ഇന്ത്യയുടെ ചെറുത്തു നിൽപ്പ് അവസാനിച്ചു.അവസാന ടെസ്റ്റും തോറ്റ ഇന്ത്യ പരമ്പര 4–1ന് ഇംഗ്ലണ്ടിനു മുന്നിൽ അടിയറ വച്ചു. 

∙നോ ടെൻഷൻ

തോൽവി ഉറപ്പായതിനാലാകാം, സമ്മർദം തെല്ലുമില്ലാതെയാണ് മൂന്നു വിക്കറ്റിനു 48 റൺസ് എന്ന നിലയിൽ ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ സ്വതസിദ്ധമായ ശൈലിയിൽ പിടിച്ചു നിൽക്കാനാണു ശ്രമിച്ചതെങ്കിൽ ഓപ്പണർ കെ.എൽ രാഹുൽ ഇംഗ്ലണ്ട് പേസർമാരുടെ മോശം പന്തുകൾ തിരഞ്ഞുപിടിച്ച് അതിർത്തി കടത്തി. 

രാഹുൽ– രഹാനെ സഖ്യം പേസർമാർക്കെതിരെ അധിപത്യം സ്ഥാപിച്ചതോടെ റൂട്ട് സ്പിന്നർമാരെ രംഗത്തിറക്കിയതാണു ഫലം കണ്ടത്. ആദിൽ റാഷിദിനെ സ്വീപ് ചെയ്യാനുള്ള രഹനെയുടെ (37) ശ്രമം പാളി. അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ ഇന്നിങ്ങ്സിൽ അർധ സെഞ്ചുറിയടിച്ച ഹനുമാ വിഹാരിയാണു പിന്നീടിറങ്ങിയത്. ഇക്കുറി വിഹാരിയുടെ (0) കഥ ആറു പന്തുകളിൽ തീർന്നു. 

∙രാഹുൽ– പന്ത് സഖ്യം

പരമ്പരയിലെ ദയനീയ പ്രകടനത്തെ സെഞ്ചുറിനേട്ടത്തിലൂടെ തിരുത്തിയെഴുതാനാണ് ഇക്കുറി പന്ത് ക്രീസിലെത്തിയത്. അനാവശ്യ ഷോട്ടുകൾക്കു മുതിരാതെ നിലയുറപ്പിക്കാനായിരുന്നു പന്തിന്റെ ശ്രമം. മറുവശത്ത് രാഹുൽ അനായായം റൺസ് നേടിയതോടെ സമ്മർദമകന്ന പന്തും സ്കോറിങ്ങ് ഉയർത്തി.  സ്റ്റോക്സിന്റെ ഓവറിൽ സിക്സും രണ്ടും ഫോറുമടിച്ച് രാഹുൽ ടെസ്റ്റിലെ അഞ്ചാം സെഞ്ചുറിയടിച്ചു. 

സ്റ്റോക്സിന്റെ പന്തിൽ സിംഗിളെടുത്ത് ടെസ്റ്റിലെ ആദ്യ അർധ സെഞ്ചുറി തികച്ച പന്ത് പിന്നീട് ഇന്ത്യൻ റൺചേസിന്റെ ചുക്കാൻ പിടിച്ചു. 

ആദിൽ റാഷിദിനെ സ്ലോഗ് സ്വീപ്പിലൂടെ സിക്സടിച്ചാണ് പന്ത് കന്നി ടെസ്റ്റ് സെഞ്ചുറിയിലെത്തിയത്. എന്നാൽ രാഹുലിനെയും പന്തിനെയും പുറത്താക്കിയ റാഷിദ് ഇന്ത്യയ്ക്ക് ഇരട്ട പ്രഹരമേൽപ്പിച്ചു. പിന്നീടിറങ്ങിയ ബാറ്റ്സ്മാൻമാരും പെട്ടെന്നു പുറത്തായതോടെ അഞ്ചാം ടെസ്റ്റിലും തോറ്റു മടങ്ങാനായി ഇന്ത്യയുടെ യോഗം. 

സ്കോർബോർഡ്:

ഇംഗ്ലണ്ട് ആദ്യ ഇന്നിങ്ങ്സ് 322, 

ഇന്ത്യ ആദ്യ ഇന്നിങ്ങ്സ് 292.

ഇംഗ്ലണ്ട്് രണ്ടാം ഇന്നിങ്ങ്സ് 8 വിക്കറ്റിനു 423 ഡിക്ലയർഡ്

ഇന്ത്യ രണ്ടാം ഇന്നിങ്ങ്സ്: രാഹുൽ ബി റഷീദ് 149, ധവാൻ എൽബിഡബ്ല്യു ബി ആൻഡേഴ്സൻ 1, പൂജാര എൽബിഡബ്ല്യു ബി ആൻഡേഴ്സൻ 0, കോഹ്‌ലി സി ബെയർസ്റ്റോ ബി ബ്രോഡ് 0, രഹാനെ സി ജെന്നിങ്ങ്സ് ബി അലി 37, വിഹാരി സി ബെയർസ്റ്റോ ബി സ്റ്റോക്സ് 0, പന്ത് സി മോയിൻ ബി റഷീദ് 114, ജഡേജ സി ബെയർസ്റ്റോ ബി കറൻ 13, ഇഷാന്ത് സി ബെയർസ്റ്റോ ബി കറൻ 5, ഷമി ബി ആൻഡേഴ്സൻ 0. ബുമ്ര നോട്ടൗട്ട് 0. എക്സ്ട്രാസ് 26. ആകെ 345നു പുറത്ത്.

ബോളിങ്: ആൻഡേഴ്സൻ 22.3–11–45–3, ബ്രോഡ് 12–1–43–1, മോയിൻ 17–2–68–1, കറൻ 9–2–23–2, സ്റ്റോക്സ് 13–1–60–1, റഷീദ് 15–2–63–2, റൂട്ട് 6–1–17–0.