Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയുടെ മാനം കാത്ത് രാഹുൽ, പന്ത്; കയ്യടിക്കണം, ഈ പ്രകടനത്തിന്

pant-rahul-century ഓവലിൽ സെഞ്ചുറി നേടിയ ഋഷഭ് പന്തും ലോകേഷ് രാഹുലും.

ലണ്ടൻ∙ ഇംഗ്ലണ്ട് പര്യടനത്തിൽ ആരാധകർ കാണാൻ ആഗ്രഹിച്ചിരുന്ന ഇന്ത്യ ഇതാണ്. ഓവൽ ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിനം കളത്തിൽ കണ്ട ഇന്ത്യ! മൽസരം കൈവിട്ടുവെന്ന് ഉറപ്പിച്ച ഘട്ടത്തിലും മനഃസാന്നിധ്യം കൈവിടാതെ പൊരുതിയ ആ ആവേശമുണ്ടല്ലോ, അതിനു കൊടുക്കണം നൂറു മാർക്ക്. ഓവലിൽ രണ്ടാം ഇന്നിങ്സിൽ നൂറു പോലും കടക്കുമോ എന്നു സംശയിച്ച ഇന്ത്യയെ ഒരു ഘട്ടത്തിൽ ചരിത്രവിജയത്തിന്റെ വക്കിലെത്തിച്ച മൂന്നു പേർക്കാണ് കയ്യടിക്കേണ്ടത്. കൂടുതലും തകർച്ചകളുടെ കഥ മാത്രം പറയാനുള്ളൊരു പരമ്പരയിൽ ഏറ്റവും വലിയ തകർച്ചയെ അഭിമുഖീകരിച്ച ഘട്ടത്തിലാണ് ടീമിനെ കരകയറ്റാൻ ഇവരെത്തിയത്.

രണ്ടു വർഷത്തോളം നീണ്ട ഇടവേളയ്ക്കുശേഷം ടെസ്റ്റിൽ സെഞ്ചുറി കണ്ടെത്തിയ ലോകേഷ് രാഹുലാണ് ഒന്നാമൻ. സമീപകാലത്ത് ഏറ്റവും ഹൈപ്പു കിട്ടിയ അരങ്ങേറ്റത്തിനൊടുവിൽ തുടർച്ചയായി നിരാശപ്പെടുത്തിയെങ്കിലും, ഒടുവിൽ നിർണായക ഘട്ടത്തിൽ കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ ഇരുപതുകാരൻ ഋഷഭ് പന്തുതന്നെ രണ്ടാമൻ. രണ്ടു റൺസിനിടെ മൂന്നു മുൻനിര വിക്കറ്റുകൾ (ശിഖർ ധവാൻ, ചേതേശ്വർ പൂജാര, വിരാട് കോഹ്‍ലി) നഷ്ടമാക്കി തകർന്ന ഇന്ത്യയെ രാഹുലിനൊപ്പം മൽസരത്തിലേക്കു മടക്കിക്കൊണ്ടുവന്ന അജിങ്ക്യ രഹാനെ മൂന്നാമനും.

രണ്ടു റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യയ്ക്കായി നാലാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് രാഹുൽ–രഹാനെ സഖ്യം ആദ്യം പ്രതീക്ഷ പകർന്നത്. 118 റൺസാണ് ഇവർ കൂട്ടിച്ചേർത്തത്. ഒരു റൺസിന്റെ ഇടവേളയിൽ രഹാനെയും ആദ്യ ഇന്നിങ്സിൽ അർധസെഞ്ചുറി നേടിയ ഹനുമ വിഹാരിയും മടങ്ങിയെങ്കിലും, ആറാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത് രാഹുൽ–പന്ത് സഖ്യം ഇന്ത്യൻ പ്രതീക്ഷകളെ വീണ്ടും ആളിക്കത്തിച്ചു. മൽസരം കൈവിടേണ്ടി വന്നെങ്കിലും ആരാധകരിൽ പ്രതീക്ഷ കൊളുത്തിയ പ്രകടനങ്ങളോടെയാണ് ഇവർ ഇംഗ്ലണ്ടിൽനിന്ന് മടങ്ങുന്നത്. 223 പന്തിൽ 20 ബൗണ്ടറിയും ഒരു സിക്സും സഹിതം 149 റൺസാണ് രാഹുലിന്റെ സമ്പാദ്യം. 146 പന്തിൽ 15 ബൗണ്ടറിയും നാലു സിക്സും സഹിതം 114 റൺസ് പന്തും നേടി.

ഓവലിൽ പിറന്ന ചില റെക്കോർഡുകളിലൂടെ:

∙ നാലാം ഇന്നിങ്സിൽ ഏതു വിക്കറ്റിലേയും ഇന്ത്യയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടാണ് ഓവലിൽ ലോകേഷ് രാഹുലും ഋഷഭ് പന്തും ചേർന്നു നേടിയ 204 റൺസ്. 1979ൽ ഇതേ സ്റ്റേഡിയത്തിൽ ഇതേ എതിരാളികൾക്കെതിരെ സുനിൽ ഗാവസ്കർ – ചേതൻ ചൗഹാൻ സഖ്യം ഓപ്പണിങ് വിക്കറ്റിൽ നേടിയ 213 റൺസാണ് ഒന്നാമത്. 194 റൺസുമായി ഗാംഗുലി – ദ്രാവിഡ് (1999ൽ ന്യൂസീലൻഡിനെതിരെ ഹാമിൽട്ടണിൽ, മൂന്നാം വിക്കറ്റ്), 185 റൺസുമായി മുരളി വിജയ് – വിരാട് കോഹ്‍ലി (2014ൽ ഓസ്ട്രേലിയയ്ക്കെതിരെ അഡ്‌ലെയ്ഡിൽ, മൂന്നാം വിക്കറ്റ്) എന്നിവർ പിന്നിലായി.

∙ നാലാം ഇന്നിങ്സിലെ ആറാം വിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് പന്തും രാഹുലും ചേർന്ന് കൂട്ടിച്ചേർത്ത 204 റൺസ്. സച്ചിൻ തെൻഡുൽക്കർ – നയൻ മോംഗിയ സഖ്യം 1999ൽ ചെന്നൈയിൽ പാക്കിസ്ഥാനെതിരെ നേടിയ 136 റൺസ് രണ്ടാമതായി.

∙ ഒരു ടെസ്റ്റിന്റെ നാലാം ഇന്നിങ്സിൽ ഇന്ത്യയ്ക്കായി രണ്ടു താരങ്ങൾ സെഞ്ചുറി നേടുന്നത് ഇത് നാലാം തവണ മാത്രം. അബ്ബാസ് അലി ബെയ്ഗ് – പോളി ഉമ്രിഗർ (1959, ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററിൽ), സുനിൽ ഗാവസ്കർ – വിശ്വനാഥ് (1976, വെസ്റ്റ് ഇൻഡീസിനെതിരെ പോർട്ട് ഓഫ് സ്പെയിനിൽ), രാഹുൽ ദ്രാവിഡ് – സൗരവ് ഗാംഗുലി (1999, ന്യൂസീലൻഡിനെതിരെ ഹാമിൾട്ടനിൽ)

∙ സേനാ (SENA) രാജ്യങ്ങളിൽ (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്ട്രേലിയ) സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറാണ് ഇരുപതുകാരൻ ഋഷഭ് പന്ത്. ടെസ്റ്റിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ വിക്കറ്റ് കീപ്പറും ഇനി പന്താണ്. ഇംഗ്ലണ്ട് പരമ്പരയിലെ അരങ്ങേറ്റത്തിനുശേഷം രണ്ടു ടെസ്റ്റുകളിൽ തീർത്തും നിറം മങ്ങിയതിന്റെ നിരാശ തീർത്താണ് ഓവലിലെ പന്തിന്റെ സെഞ്ചുറി പ്രകടനം. സിക്സിലൂടെ ആദ്യ സെഞ്ചുറി പൂർത്തിയാക്കുന്ന നാലാമത്തെ ഇന്ത്യക്കാരനുമാണ് പന്ത്.

∙ നാലാം ഇന്നിങ്സിൽ ഒരു വിക്കറ്റ് കീപ്പറിന്റെ ഉയർന്ന മൂന്നാമത്തെ സ്കോറാണ് പന്തിന്റെ 114 റൺസ്. ഓസീസ് താരം ആദം ഗിൽക്രിസ്റ്റ് (1999ൽ പാക്കിസ്ഥാനെതിരെ പുറത്താകാതെ 149), പാക് താരം മോയിൻ ഖാൻ (1995ൽ ശ്രീലങ്കയ്ക്കെതിരെ പുറത്താകാതെ 117) എന്നിവർ മാത്രം മുന്നിൽ.

∙ നാലാം ഇന്നിങ്സിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന നേട്ടവും പന്തിനു സ്വന്തം. 2007ൽ ലോർഡ്സിൽ ധോണി പുറത്താകാതെ നേടിയ 76 റൺസായിരുന്നു നാലാം ഇന്നിങ്സിൽ ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഉയർന്ന സ്കോർ. പാർഥിവ് പട്ടേൽ (2016ൽ മൊഹാലിയിൽ ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ 67), ദീപ്ദാസ് ഗുപ്ത (ദക്ഷിണാഫ്രിക്കയ്ക്കെതിരെ 2001ൽ പോർട്ട് എലിസബത്തിൽ 63) എന്നിവരെല്ലാം പന്തിനു പിന്നിലായി.

∙ കന്നി ടെസ്റ്റ് സെഞ്ചുറി നാലാം ഇന്നിങ്സിൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് പന്ത്. അബ്ബാസ് അലി ബെയ്ഗ് (1979), സച്ചിൻ തെൻഡുൽക്കർ (1990), അജിത് അഗാർക്കർ (2002), വസിം ജാഫർ (2006) എന്നിവരാണ് നാലാം ഇന്നിങ്സിൽ കന്നി സെഞ്ചുറി നേടിയ മറ്റ് ഇന്ത്യൻ താരങ്ങൾ. ഈ സെഞ്ചുറികളെല്ലാം വന്നത് ഇംഗ്ലണ്ടിനെതിരെയാണെന്ന പ്രത്യേകതയുമുണ്ട്.

∙ ഇംഗ്ലണ്ടിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയാണ് പന്തിന്റേത് (117 പന്ത്). മൂന്നാമത്തെ വേഗമേറിയ സെഞ്ചുറി ഇതേ മൽസരത്തിൽ ലോകേഷ് രാഹുൽ 118 പന്തിൽ നേടിയതാണ്. 1990ൽ മുൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ 87 പന്തിൽ നേടിയ സെഞ്ചുറി മാത്രമാണ് ഇവർക്കു മുന്നിലുള്ളത്. 1990ൽ കപിൽ ദേവ് 130 പന്തിൽ സെഞ്ചുറി നേടിയത് നാലാം സ്ഥാനത്തായി.

∙ നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ലോകേഷ് രാഹുൽ ടെസ്റ്റിൽ സെഞ്ചുറി പൂർത്തിയാക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അർധസെഞ്ചുറി നേടുന്നതും ആദ്യം. 2016ൽ ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെ തന്നെ 199 റൺസ് നേടിയാണ് രാഹുൽ ഇതിനു മുൻപ് സെഞ്ചുറി തൊട്ടത്. അവിടുന്നിങ്ങോട്ട് 20 മാസവും 28 ഇന്നിങ്സുകളും നീണ്ട കാത്തിരിപ്പിനൊടുവിൽ ഇതാ അഞ്ചാം  ടെസ്റ്റ് സെഞ്ചുറി. രാഹുലിന്റെ അഞ്ചു സെഞ്ചുറികളും അഞ്ച് വ്യത്യസ്ത രാജ്യങ്ങളിലാണെന്ന കൗതുകവുമുണ്ട്.

∙ സുനിൽ ഗാവസ്കറിനു ശേഷം ഇംഗ്ലണ്ട് മണ്ണിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണറും രാഹുലാണ്. ഗാവസ്കർ, ശിഖർ ധവാൻ എന്നിവർക്കുശേഷം ഇന്ത്യയ്ക്ക് പുറത്ത് നാലാം ഇന്നിങ്സിൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ ഓപ്പണറുമായി രാഹുൽ.

∙ നാലാം ഇന്നിങ്സിൽ ഒരു ഇന്ത്യൻ ഓപ്പണറുടെ ഉയർന്ന രണ്ടാമത്തെ സ്കോറാണ് രാഹുലിന്റെ 149 റൺസ്. 1979ൽ ഓവലിൽ 221 റൺസ് നേടിയ സുനിൽ ഗാവസ്കർ മാത്രമാണ് മുന്നിലുള്ളത്. സുനിൽ ഗാവസ്കർ – 117 (ബ്രിജ്ടൗൺ, 1971), ശിഖർ ധവാൻ – 115 (ഓക്‌ലൻഡ്, 2014), സുനിൽ ഗാവസ്കർ – 113 (ബ്രിസ്ബേൻ, 1977) എന്നിവരാണ് പിന്നിലുള്ളത്.

∙ 2015 നുശേഷം ഏഷ്യയ്ക്കു പുറത്ത് ടെസ്റ്റിൽ സെഞ്ചുറി നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യൻ ഓപ്പണർ രാഹുലാണ്. ഏഷ്യയ്ക്കു പുറത്ത് 16 ഇന്നിങ്സുകളിൽനിന്ന് രാഹുലിന്റെ മൂന്നാം സെഞ്ചുറിയാണിത്. ഇക്കാലയളവിൽ ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്തിട്ടുള്ള മറ്റു താരങ്ങൾ ചേർന്ന് 28 ഇന്നിങ്സ് പൂർത്തിയാക്കിയെങ്കിലും ഒരു സെഞ്ചുറി പോലും സ്വന്തമാക്കാനായില്ല.

∙ ഈ പരമ്പരയിലാകെ 14 ക്യാച്ച് സ്വന്തമാക്കിയ രാഹുൽ ഒരു പരമ്പരയിൽ കൂടുതൽ ക്യാച്ചുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു. സാക്ഷാൽ രാഹുൽ ദ്രാവിഡിന്റെ റെക്കോർഡാണ് രാഹുലിനു മുന്നിൽ തകർന്നത്.

∙ മുഹമ്മദ് ഷമിയെ പുറത്താക്കി ഇന്ത്യൻ ഇന്നിങ്സ് ചുരുട്ടിക്കെട്ടിയ ഇംഗ്ലണ്ട് ബോളർ ജയിംസ് ആൻഡേഴ്സൻ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന പേസ് ബോളറാകുന്നതിനും ഓവൽ സാക്ഷ്യം വഹിച്ചു. 143 ടെസ്റ്റുകളിൽനിന്ന് 564 വിക്കറ്റുകൾ സ്വന്തമാക്കിയ ആൻഡേഴ്സൻ, ഗ്ലെൻ മഗ്രാത്തിനെയാണ് പിന്നിലാക്കിയത്. സ്പിന്നർമാരായ മുത്തയ്യ മുരളീധരൻ (800), ഷെയ്ൻ വോൺ (708), അനിൽ കുംബ്ലെ (619) എന്നിവർ മാത്രമാണ് ടെസ്റ്റ് വിക്കറ്റുകളുടെ എണ്ണത്തിൽ ഇനി ആൻഡേഴ്സനു മുന്നിലുള്ളത്. മഗ്രാത്തിനു പുറമെ കോട്നി വാൽഷ് (519), കപിൽ ദേവ് (434), സ്റ്റുവാർട്ട് ബ്രോഡ് (433), റിച്ചാർഡ് ഹാഡ്‌ലി (431) എന്നീ പേസർമാർ ആൻഡേഴ്സിനു പിന്നിലായി.

∙ ഒരു പരമ്പരിയൽ ഇന്ത്യ നാലു ടെസ്റ്റ് തോൽക്കുന്നത് ഇത് എട്ടാം തവണ മാത്രം. ഓസ്ട്രേലിയയ്ക്കെതിരെ 0-4 (1947/48), ഇംഗ്ലണ്ടിനെതിരെ 0-5 (1959), വെസ്റ്റ് ഇൻഡീസിനെതിരെ 0-5 (1961/62), ഓസ്ട്രേലിയയ്ക്കെതിരെ 0-4 (1967/68), ഓസ്ട്രേലിയ്ക്കെതിരെ 0-4 (1991/92), ഇംഗ്ലണ്ടിനെതിരെ 0-4 (2011), ഓസ്ട്രേലിയയ്ക്കെതിരെ 0-4 (2011/12) എന്നിവയാണ് മുൻപ് നാലു ടെസ്റ്റുകൾ തോറ്റ സംഭവം.

∙ വിരമിക്കൽ ടെസ്റ്റിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടുന്ന എട്ടാമത്തെ താരമാണ് കുക്ക്. ഇയാൻ റെഡ്പാത്, ഗ്രെഗ് ചാപ്പൽ, സർഫ്രാസ് നവാസ്, സുനിൽ ഗാവസ്കർ, മറേ ഗൂഡ്‍വിൻ, ജേസൺ ഗില്ലസ്പി, ഷെയ്ൻ ബോണ്ട് എന്നിവരാണ് മറ്റുള്ളവർ.

∙ ഒരു ടെസ്റ്റിൽ രണ്ടു ടീമുകളിലുമായി നാലു പേർ സെഞ്ചുറി നേടുകയും കുറഞ്ഞത് ഒൻപതു പേരെങ്കിലും പൂജ്യത്തിനു പുറത്താവുകയും ചെയ്യുന്നത് ഇത് രണ്ടാം തവണ മാത്രം. 2001–02ൽ  ന്യൂസീലൻഡ്–ഇംഗ്ലണ്ട് ടെസ്റ്റിലാണ് മുൻപ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത്. ഒരേ ടെസ്റ്റിൽ ഒൻപതോ അതിലേറെയോ പേർ പൂജ്യത്തിനു പുറത്താവുകയും ഒൻപതോ അതിലേറെയോ പേർ അൻപതു റൺസിലധികം സ്കോർ ചെയ്യുകയും ചെയ്യുന്നതും ഇത് മൂന്നാം തവണ മാത്രം.

∙ ഒരു കൗതുകം കൂടി. ഈ ടെസ്റ്റിൽ സെഞ്ചുറി നേടിയ ലോകേഷ് രാഹുൽ ബൗണ്ടറിയിലൂടെയാണ് അതു സ്വന്തമാക്കിയത്. അലസ്റ്റയർ കുക്ക് ഓവർത്രോയിലൂടെ കിട്ടിയ അഞ്ചു റൺസിന്റെ സഹായത്തോടെയും ഋഷഭ് പന്ത് സിക്സിലൂടെയും!

related stories