Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെസ്റ്റ് ക്രിക്കറ്റിൽ ഇനിയില്ല, ക്രീസിലെ ‘പ്ലഷർ’ കുക്കർ; അലസ്റ്റയർ കുക്കിനു വിട

എ.ഹരിപ്രസാദ്
Author Details
cook-last-test-innings അവസാന ടെസ്റ്റ് ഇന്നിങ്സിനുശേഷം പവലിയനിലേക്കു മടങ്ങുന്ന അലസ്റ്റയർ കുക്ക്. (ഐസിസി ട്വീറ്റ് ചെയ്ത ചിത്രം)

ഇന്നലെയെന്നോണം ഓർമയിൽ തെളിയുന്നുണ്ടാകും നാഗ്പൂരിലെ കറങ്ങിത്തിരിയുന്ന പിച്ചിൽ സ്വപ്നം പോലൊരു സെഞ്ചുറിയുമടിച്ച് അരങ്ങേറിയ മെലിഞ്ഞുനീണ്ട ഇംഗ്ലിഷ് താരത്തിന്റെ ദൃശ്യം. ഓർമകളിൽ എക്കാലവും തെളിയുന്ന ഒട്ടനവധി ഇന്നിങ്സുകളുമായാണു താരം പടിയിറങ്ങുന്നതും. ഇന്ത്യയ്ക്കെതിരെ തുടങ്ങിയ യാത്ര ഇന്ത്യയ്ക്കെതിരെ തന്നെ അവസാനിക്കുമ്പോൾ  ഇതിഹാസങ്ങളുടെ നിരയിലാണ് അലസ്റ്റയർ നഥാൻ കുക്കിന്റെ സ്ഥാനം. 

ലണ്ടൻ നഗരത്തെ തഴുകി ഒഴുകുന്ന തെംസ് നദി പോലെ ശാന്തമായിരുന്നു അലസ്റ്റയർ കുക്കിന്റെ കരിയർ. എതിരാളികളും അതിരുകളും മാറിമാറി വന്നിട്ടും കുക്കിന്റെ ബാറ്റിൽ നിന്നുള്ള റൺസ് ഒഴുകിക്കൊണ്ടേയിരുന്നു. ഇടയ്ക്കിടെ വരൾച്ചയുടെ ലക്ഷണം കാണിച്ചെങ്കിലും ഒരിക്കലും വറ്റിവരണ്ടില്ല ആ ബാറ്റിലെ റൺകണങ്ങൾ. വിജയത്തിളക്കത്തിന്റെയും തിരിച്ചുവരവിന്റെയും ഒട്ടേറെ കഥകൾ പറഞ്ഞ അലസ്റ്റെയർ കുക്ക് വിടവാങ്ങലിലും കരുതി അത്തരമൊരു രസക്കൂട്ട്.

∙ റെക്കോർഡിനു കാക്കാതെ...

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം റൺസിലേയ്ക്കുള്ള പ്രയാണത്തിനു കൂടിയാണു കിയ ഓവലിൽ പൂർണവിരാമം പതിയുന്നത്.  സച്ചിൻ തെൻഡുൽക്കറുടെ 15,921 എന്ന റെക്കോർഡ് സംഖ്യയിലേയ്ക്കു 3500 ൽ താഴെ റൺസ് മാത്രം അകലെ നിൽക്കെയാണു മുപ്പത്തിമൂന്നുകാരനായ കുക്കിന്റെ പടിയിറക്കം. ഇന്ത്യൻ സാഹചര്യങ്ങളിൽ കേട്ടുകേൾവി പോലുമില്ലാത്ത ഒന്നാകും ഇതുപോലൊരു വിടവാങ്ങൽ.  33 വയസ് എന്നതു ക്രിക്കറ്റിൽ ബാറ്റ്സ്മാൻമാരുടെ ആളിക്കത്തലിന്റെ കാലഘട്ടമാണ്. വിശ്വസ്തതാരം എന്ന നിലയിൽ നിന്നു ഇതിഹാസത്തിലേയ്ക്കുള്ള  നാൾവഴികളാണു ബാറ്റ്സ്മാൻമാരെ സംബന്ധിച്ച് ഈ കാലഘട്ടം.

cook-with-indian-players

പക്ഷേ റെക്കോർഡ് നേട്ടത്തിലേയ്ക്കുള്ള ഗാർഡുമെടുത്ത് ക്രീസിൽ കാത്തുനിൽക്കാൻ കുക്ക് തയാറായില്ല.  ആൻഡ്രൂ സ്ട്രോസിനു പോലും ഇതേവരെ പകരക്കാരെ കണ്ടെത്താൻ കഴിയാത്ത ഇംഗ്ലിഷ് ടീമിനു ‘ഫോം നഷ്ടമായ’ ഈ ക്ലാസിക് ബാറ്റ്സ്മാൻ ഒരു ഭാരമാണെന്ന് ഒരാളും പറയുമായിരുന്നില്ല.  പഴയ പ്രതാപത്തിലേയ്ക്കുള്ള  തിരിച്ചുവരവിന് ഇനിയും താരത്തിനു കെൽപ്പുണ്ടെന്ന ഗ്രഹാം ഗൂച്ച് ഉൾപ്പെടെയുള്ളവരുടെ വാക്കുകൾക്കും കുക്കിന്റെ തീരുമാനത്തെ തടയാനായില്ല.  

എട്ടു മാസം മുൻപ് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ മഹാമേരു പോലെ ഉയർന്നു നിന്നൊരു ഇന്നിങ്സ് കളിച്ച കുക്കിനു പിന്നീട് അത്ര നല്ല സമയമായിരുന്നില്ല ക്രീസിൽ. ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ മണ്ണിൽ പുറത്താകാതെ  244 റൺസ് കുറിച്ച ഇന്നിങ്സിനു ശേഷം കളിച്ച ഏതാനും മൽസരങ്ങളിൽ ശരാശരി ഇരുപതു റൺസ് പോലും നേടാനാവാതെ താരം വിയർത്തിരുന്നു. ഒടുവിൽ ഇന്ത്യയ്ക്കെതിരായ പരാജയം കൂടിയായതോടെ മുൻ നായകൻ പടിയിറങ്ങാൻ തീരുമാനിച്ചു. തിരിച്ചുവരവിനു കരുത്തും സമയവും ബാക്കിനിൽക്കേയാണ് ഈ തീരുമാനം. സമ്മർദഘട്ടങ്ങളിൽ പതറാതെ ബാറ്റ് വീശുന്ന പഴയ മികവ് ഒരു വട്ടം കൂടെ പ്രദർശിപ്പിച്ചാണു താരം പടിയിറങ്ങുന്നത്. വിടവാങ്ങൽ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ അർധശതകവും രണ്ടാം ഇന്നിങ്സിൽ ശതകവുമായി പന്ത്രണ്ടു വർഷം മുൻപത്തെ അരങ്ങേറ്റത്തെ ഓർമിപ്പിച്ചു സമാനതകളില്ലാത്ത നേട്ടത്തോടെ കുക്ക് പാഡഴിക്കുമ്പോൾ  ഇംഗ്ലിഷ് ക്രിക്കറ്റിന്റെ ഇതിഹാസം തന്നെയായി മാറിക്കഴിഞ്ഞു ഈ എസ്സക്സ് താരം. 

∙ ഇംഗ്ലണ്ടിന്റെ ഇതിഹാസം

ക്രിക്കറ്റിന്റെ ജന്മനാട് കണ്ട എക്കാലത്തെയും മികച്ച താരമായാണ് അലസ്റ്റയർ കുക്കിന്റെ മടക്കം. ഇംഗ്ലിഷ് താരങ്ങളുടെ പേടിസ്വപ്നമായ ഇന്ത്യൻ മണ്ണിൽ പകരക്കാരന്റെ റോളിലെത്തി അമരക്കാരനായി മാറിയ ചരിത്രമാണ് കുക്കിന്റേത്. ടെസ്റ്റ് ക്രിക്കറ്റിൽ സമീപകാലത്തായി ഇംഗ്ലണ്ട് തേടിപ്പിടിച്ച നേട്ടങ്ങളുടെ നടുക്ക് അലസ്റ്റയർ കുക്ക് എന്ന ജെന്റിൽമാൻ താരമുണ്ട്. അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന പതിനാറാമത്തെ ഇംഗ്ലിഷ് താരമായി കരിയർ തുടങ്ങിയ കുക്കിന്റെ തേരോട്ടം തന്നെയാണു ടെസ്റ്റ് വേദികൾ കണ്ടത്.

2000, 3000, 4000, 5000 തുടങ്ങി റൺ വേട്ടയിലെ നാഴികക്കല്ലുകൾ അതിവേഗം പിന്നിട്ട ഇംഗ്ലിഷ് താരമെന്ന തിളക്കം കൈവരിച്ച കുക്കിന്റെ പേരിലാണു ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ്. മറികടന്നതു സച്ചിന്റെ പേരിലെ റെക്കോർഡാണ്. 31 വർഷവും 157 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു  കുക്കിന്റെ നേട്ടം. സച്ചിനു 169 ദിവസങ്ങൾ കൂടി വേണ്ടിവന്നു ഈ നേട്ടത്തിലെത്താൻ.

പതിനായിരം റൺസ് ക്ലബിലെ ഏക ഇംഗ്ലിഷ് സാന്നിധ്യവും കുക്ക് തന്നെ. 161 മൽസരങ്ങളിൽ നിന്നു 33 സെഞ്ചുറികളുടെ അകമ്പടിയോടെ 12,472 റൺസാണു കുക്കിന്റെ ടെസ്റ്റ് സമ്പാദ്യം. റൺസിന്റെ കാര്യത്തിൽ മാത്രമല്ല സെഞ്ചുറികളുടെ എണ്ണത്തിലും ഇംഗ്ലിഷ് താരത്തിനു സ്വന്തം നാട്ടിൽ നിന്ന് എതിരാളികളില്ല. 

∙ ഇതിഹാസങ്ങളിലെ ഒറ്റയാൻ

ടെസ്റ്റ് റൺവേട്ടയിൽ സച്ചിനും പോണ്ടിങ്ങിനും കാലിസിനും ദ്രാവിഡിനും മാത്രം പിന്നിലായി യാത്രയവസാനിക്കുമ്പോൾ  പ്രായം കൊണ്ടു മാത്രമല്ല കുക്ക് വ്യത്യസ്തനാകുന്നത്. ഇതിഹാസ താരങ്ങൾ മാത്രം അണിനിരന്ന ടോപ് ടെൻ ക്ലബിലെ ഏക ഓപ്പണിങ് ബാറ്റ്സ്മാനാണ് ഈ സ്റ്റൈലിഷ് ഇടംകൈയൻ ബാറ്റ്സ്മാൻ. ഓസ്ട്രേലിയയുടെയും ദക്ഷിണാഫ്രിക്കയുടെയും പാക്കിസ്ഥാന്റെയും വൻതോക്കുകൾ നിരന്ന ന്യൂബോൾ ആക്രമണത്തെ പ്രതിരോധിച്ചാണു ‘കാം ആൻഡ് കംപോസ്ഡ്’ എന്ന് അക്ഷരം തെറ്റാതെ വിളിക്കാനാകുന്ന കുക്കിന്റെ കടന്നുവരവ്. നീണ്ട പന്ത്രണ്ടു വർഷക്കാലം ചുവന്നു പാഞ്ഞടുക്കുന്ന ഡ്യൂക്ക് ബോളുകളെ കീഴടക്കിയ മികവോടെയാണു കുക്ക് കളമൊഴിയുന്നത്. ഓപ്പണിങ് ബാറ്റ്സ്മാൻമാരുടെ പരീക്ഷണശാലയായ ഇംഗ്ലിഷ് വേദികളിലാണു കുക്കിന്റെ ഇന്നിങ്സുകളിലേറെയുമെന്നതും എടുത്തുപറയണം. 

ക്യാപ്റ്റൻസിയാണു കുക്കിനെ വ്യത്യസ്തനാക്കുന്ന മറ്റൊരു ഘടകം. ഇംഗ്ലണ്ട് കണ്ട ഏറ്റവും മികച്ച നായകരിലൊരാളാണു കുക്ക്. ക്യാപ്റ്റനായ അഞ്ചു ടെസ്റ്റ് മൽസരങ്ങളിൽ അഞ്ചിലും സെഞ്ചുറിയെന്ന റെക്കോർഡോടെ വരവറിയിച്ച കുക്കിനു കീഴിൽ ഇംഗ്ലണ്ടിന്റെ പ്രകടനം മോശമായില്ല. ഇന്ത്യയിൽ‌ ടെസ്റ്റ് പരമ്പര നേടാൻ ഇംഗ്ലണ്ടിനായതാണു ക്യാപ്റ്റൻ കുക്കിന്റെ കീഴിലെ ടീമിന്റെ മിന്നുന്ന നേട്ടം. മൂന്നു ദശകത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു  ഇന്ത്യൻ മണ്ണിലൊരു പരമ്പരയെന്ന ഇംഗ്ലിഷ് സ്വപ്നം പൂവണിഞ്ഞത്.

related stories