Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലയിരുന്നു, വാലാടിയതുമില്ല; ഫലം, ഇംഗ്ലണ്ടിൽ ഇന്ത്യയുടെ നാണംകെട്ട തോൽവി!

kohli-catch എത്തിപ്പിടിക്കാനാവാതെ.... വിരാട് കോഹ്‌ലി ഓവൽ ടെസ്റ്റിന്റെ നാലാം ദിവസം ഫീൽഡിങ്ങിനിടെ

‘ടെസ്റ്റ് കളിക്കുമ്പോൾ ഇംഗ്ലണ്ടുകാർക്ക് നിങ്ങൾ ഒരിഞ്ചു പോലും നൽകരുത്. അവരെ ഞെരിച്ചു കള‍ഞ്ഞേക്കണം’– പറഞ്ഞത് ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം സർ ഡൊണാൾഡ് ബ്രാഡ്മാനാണ്. എന്തു കൊണ്ട് എന്നതിനുള്ള ഉത്തരമായിരുന്നു ഈ ഇന്ത്യ–ഇംഗ്ലണ്ട് പരമ്പര. ഏകദിനമോ ട്വന്റി20യോ ഇംഗ്ലണ്ടുകാർ തോറ്റു തന്നേക്കാം; പക്ഷേ ക്രിക്കറ്റിന്റെ ഈ ആദിമ രൂപം അവർക്കിപ്പോഴും അഭിമാനപ്പോരാട്ടമാണ്. ഒരിഞ്ചു വിട്ടു കൊടുത്താൽ ഒരു മീറ്റർ കടന്നു കയറും. ഇംഗ്ലണ്ടിന്റെ ഈ വീര്യത്തിനൊപ്പം ഇന്ത്യയുടെ അസ്ഥിരതയും ചേർന്നതോടെ ക്രിക്കറ്റിലെ രാജകുടുംബമായ പട്ടൗഡിമാരുടെ പേരിലുള്ള ട്രോഫി ഇന്ത്യയ്ക്കു നഷ്ടം. പരമ്പരയിൽ ഇന്ത്യയ്ക്കു പിഴച്ചതെവിടെയെല്ലാം..? 

∙ മികച്ച കൂട്ടുകെട്ടുകൾ

ലിമിറ്റഡ് ഓവർ മൽസരങ്ങളെപ്പോലെ ഒരാൾക്കു മാറ്റിമറിക്കാവുന്നതല്ല ടെസ്റ്റ് മൽസരങ്ങൾ. ഒറ്റപ്പെട്ട വ്യക്തിഗത പ്രകടനങ്ങളുണ്ടായെങ്കിലും വിജയത്തിനുള്ള രസക്കൂട്ടാവുന്ന ഒരു പാർട്ണർഷിപ്പ് പടുത്തുയർത്തുന്നതിൽ ഇന്ത്യ അമ്പേ പരാജയപ്പെട്ടു. ബിർമിങ്ങമിലെ ആദ്യ ടെസ്റ്റിൽ വിരാട് കോഹ്‌ലി ഉജ്വല സെ​ഞ്ചുറി നേടിയിട്ടും ഇന്ത്യ തോറ്റതിനു പ്രധാന കാരണം ഇതു തന്നെ.

ഒന്നാം ഇന്നിങ്സിൽ കോഹ്‌ലി 149 റൺസ് നേടിയിട്ടും ഇന്ത്യ 274നു പുറത്തായി. മറ്റൊരാളും 30 റൺസിനപ്പുറം കടന്നില്ല. ഇംഗ്ലണ്ടിന്റെ കഥ വ്യത്യസ്തമായിരുന്നു. ഒന്നാം ഇന്നിങ്സിൽ റൂട്ടും (80) ബെയർസ്റ്റോയും (70) ചേർന്ന സെഞ്ചുറി കൂട്ടുകെട്ട് അവരുടെ കുതിപ്പിന് അടിത്തറയിട്ടു. അവസാന ടെസ്റ്റിൽ രാഹുലും പന്തും കളിച്ചതു പോലെ ഒരു പാർട്ണർഷിപ്പ് മുൻ ടെസ്റ്റുകളിലും ഇന്ത്യയ്ക്കുണ്ടായിരുന്നെങ്കിൽ! 

∙ ഓൾറൗണ്ട് പ്രകടനങ്ങൾ 

ഇംഗ്ലണ്ടിന്റെ പരമ്പര വിജയത്തിൽ നിർണായക പ്രകടനം കാഴ്ച വച്ചത് ഓൾറൗണ്ടർമാരായ ബെൻ സ്റ്റോക്സ്, സാം കറൻ, മൊയീൻ അലി എന്നിവർ. സ്റ്റോക്സ് എട്ട് ഇന്നിങ്സുകളിൽ 200 റൺസും 14 വിക്കറ്റും നേടി. കറൻ ഏഴ് ഇന്നിങ്സുകളിൽ നിന്ന് നേടിയത് 272 റൺസ്. മൊയീൻ അലി നാല് ഇന്നിങ്സുകളിൽ 119 റൺസ്. കറൻ ഒൻപതു വിക്കറ്റ് വീഴ്ത്തിയപ്പോൾ മൊയീൻ 12 വിക്കറ്റ് നേടി.

 ഇന്ത്യയുടെ വലിയ പ്രതീക്ഷയായിരുന്ന ഹാർദിക് പാണ്ഡ്യ തിളങ്ങിയത് മൂന്നാം ടെസ്റ്റിൽ മാത്രം. എട്ട് ഇന്നിങ്സുകളിൽ 164 റൺസും പത്തു വിക്കറ്റുകളുമാണ് ഹാർദികിന്റെ സമ്പാദ്യം. അവസാന ടെസ്റ്റിൽ നന്നായി കളിച്ച രവീന്ദ്ര ജഡേജയെ മുൻ ടെസ്റ്റുകളിൽ ഇന്ത്യ പുറത്തിരുത്തുകയും ചെയ്തു. 

∙ മധ്യനിര, വാലറ്റം

ഇംഗ്ലണ്ടിനെക്കാൾ മികച്ച ഓപ്പണിങ് കൂട്ടുകെട്ടുകളായിരുന്നു മിക്ക ഇന്നിങ്സുകളിലും ഇന്ത്യയുടേത്. എന്നാൽ ഇംഗ്ലണ്ട് മധ്യനിരയുടെയും വാലറ്റത്തിന്റെയും പ്രകടനം ആ കുറവ് നികത്തി. കളി തീർന്നു എന്നിടത്ത് നിന്ന് അവർ ബാറ്റു കുത്തി എഴുന്നേറ്റു. ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്സുകളിലും സാം കറൻ വാലറ്റത്തെ കൂട്ടുപിടിച്ച് അടിച്ചു തകർത്തു. രണ്ടാം ടെസ്റ്റിൽ ഏഴാമനായിറങ്ങിയ ക്രിസ് വോക്സ് സെഞ്ചുറിയടിച്ചു.

കറനൊപ്പം ആറാം വിക്കറ്റിൽ നേടിയത് 189 റൺസിന്റെ കൂട്ടുകെട്ട്. നാലാം ടെസ്റ്റിൽ ആറു വിക്കറ്റിന് 86 എന്ന നിലയിൽ നിന്ന് ഇംഗ്ലണ്ട് 246 വരെയെത്തി. ഇന്ത്യ ആറിന് 194 എന്ന നിലയിൽ നിന്ന് 273നു പുറത്തായി. ജോസ് ബട്‌ലറും മൊയീൻ അലിയും സാം കറനും ഇംഗ്ലണ്ടിന്റെ ഉറപ്പുള്ള നടുക്കഷ്ണമായി. ഇന്ത്യൻ മധ്യനിരയിലും വാലറ്റത്തും ഭേദപ്പെട്ട ബാറ്റിങ് പ്രകടനമെങ്കിലും കാഴ്ച വച്ചത് അശ്വിൻ മാത്രം. 

∙ കൊന്നില്ല, സ്വയം മരിച്ചു 

ഇന്ത്യൻ ബാറ്റിങ് നിര ആത്മഹത്യ ചെയ്തപ്പോൾ ബോളിങ് നിര കൊലയാളി സ്വഭാവം കാണിച്ചില്ല. പലവട്ടം ഇംഗ്ലണ്ടിനെ പ്രതിസന്ധിയിലെത്തിച്ചതിനു ശേഷം അവർ പിൻവലിഞ്ഞു. നാലാം ടെസ്റ്റിൽ അഞ്ചിന് 69, നാലിന് 92 എന്ന നിലയിൽ തകർന്നിട്ടും ഇംഗ്ലണ്ടിനെ തീർത്തു കളയാൻ കഴിഞ്ഞില്ല. രണ്ട് ഇന്നിങ്സുകളിലും അവർ ഇരുനൂറ് കടന്നു. 

രണ്ടാം ടെസ്റ്റിൽ നാലിന് 89 എന്ന നിലയിൽ പതറിയ ഇംഗ്ലണ്ട് കുറിച്ചത് 396 റൺസ്! ഇംഗ്ലണ്ടിനെ മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ പോലെ പിൻനിരക്കാരെ മടക്കാൻ ഇന്ത്യൻ ബോളർമാർക്കു കഴിഞ്ഞില്ല. ഫലം ചെറുതെങ്കിലും നിർണായകമായ ലീഡ് നേടി ഇംഗ്ലണ്ട് പലപ്പോഴും. ബോളിങ്ങിൽ അതവർക്ക് ആത്മവിശ്വാസവും നൽകി. 

related stories