Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ചു തവണയും ഹെഡ്സ് വിളിച്ചു, വീണത് ടെയ്‍ൽസും; ടോസും ചതിച്ചു, കോഹ്‍ലിയെ!

root-kohli-tossing

ലണ്ടൻ∙ അഞ്ച് ടെസ്റ്റുകൾ. അഞ്ചിലും ടോസ് നഷ്ടം. ഇംഗ്ലണ്ട് പോലെ ‘കഠിന’മായൊരു ക്രിക്കറ്റ് വേദിയിൽ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിൽ 1–4ന്റെ ദയനീയ തോൽവി ഏറ്റുവാങ്ങുമ്പോൾ, ടോസ് മുതലെല്ലാം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയെ ചതിച്ചുവെന്നതാണ് വാസ്തവം! പിച്ചിന്റെ സ്വഭാവവും അന്തരീക്ഷത്തിന്റെ പെരുമാറ്റവും ഓരോ ദിവസത്തെയും പ്രകടനങ്ങളെയും അന്തിമമായി മൽസര ഫലത്തെയും സ്വാധീനിക്കുമെന്നതിനാൽ, നഷ്ടപ്പെട്ട ടോസുകൾക്കുമുണ്ട് ഇന്ത്യൻ തോൽവിയിൽ അവഗണിക്കാനാകാത്ത പങ്ക്!

എജ്ബാസ്റ്റണിൽ നടന്ന ഒന്നാം ടെസ്റ്റ് മുതൽ കഴിഞ്ഞ ദിവസം ഓവലിൽ നടന്ന അവസാന ടെസ്റ്റ് വരെ എല്ലാ മൽസരങ്ങളിലും ടോസ് ഭാഗ്യം അനുഗ്രഹിച്ചത് ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിനെ. ഇതോടെ, എല്ലാ മൽസരങ്ങളിലും തിരിച്ചടിയോടെയായി ഇന്ത്യയുടെ തുടക്കം. ആദ്യം ബാറ്റു ചെയ്യണോ ബോൾ ചെയ്യണോ എന്ന നിർണായക ചോദ്യത്തിനു മുൻപിൽ ഇംഗ്ലണ്ടിന് അഞ്ചു തവണയും സ്വയം ഉത്തരം തിരഞ്ഞെടുക്കാൻ അവസരം ലഭിച്ചപ്പോൾ, ഇന്ത്യയെ സംബന്ധിച്ച് എന്തു വേണമെന്നത് അടിച്ചേൽപ്പിക്കപ്പെട്ടു.

∙ കോഹ്‍ലിയുടെ ഹെഡ്, ഇംഗ്ലണ്ടിന്റെ ടെയ്‍ൽസും!

ആതിഥേയ ക്യാപ്റ്റൻ ടോസ് ഇടുകയും സന്ദർക ടീമിന്റെ ക്യാപ്റ്റൻ ഹെഡ്സോ ടെയ്‌ൽസോ വിളിക്കുകയും ചെയ്യുന്നതാണ് പിന്തുടരുന്ന രീതി. പരമ്പരയിലെ അഞ്ചു മൽസരങ്ങളിലും റൂട്ട് ടോസ് ഇട്ടപ്പോൾ കോഹ്‍ലി വിളിച്ചത് ഹെഡ്സാണ്. അഞ്ചു തവണയും വീണത് ടെയ്‍ൽസും! അഞ്ചാം തവണയും ‘ഹെഡ്സ്’ ചതിച്ചതോടെ കോഹ്‍ലിക്കു കാര്യം മനസ്സിലായി. പാതി കാര്യമായും പാതി തമാശയ്ക്കും അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ; ‘ഒരു കാര്യം ഉറപ്പായി. എനിക്കു ടോസ് കിട്ടണമെങ്കിൽ രണ്ടു വശത്തും ഹെഡ്സ് വേണ്ടിവരും’!

അ‍ഞ്ചാം തവണയും ടോസ് നഷ്ടമായതോടെ സമൂഹമാധ്യമങ്ങളിലും സംഭവം വൈറലായി. ‘ടോസിന്റെ ആവശ്യമെന്ത്? എന്താണു വേണ്ടതെന്ന് റൂട്ടിനോട് ചോദിക്കൂ’ എന്നുവരെ ചിലർ കുറിച്ചു.

അതേസമയം, ടെസ്റ്റ് മൽസരങ്ങളിൽ ടോസ് ഒഴിവാക്കണമെന്ന വാദം ഇനിയും ശക്തമാകാൻ ഈ സംഭവം വഴിവയ്ക്കാനും സാധ്യതയുണ്ട്. ടോസ് ഇടുന്നത് നീതിയുക്തമല്ലാത്ത രീതിയിൽ ആതിഥേയ ടീമിന് ആനുകൂല്യം നൽകുന്നുവെന്നാണ് ക്രിക്കറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പിച്ച് തയാറാക്കുന്നത് ആതിഥേയ ടീമാണ്. ആ ആനുകൂല്യവും അവർക്കു ലഭിക്കും. അതുകൊണ്ടുതന്നെ ടോസിങ് സമ്പ്രദായത്തിനു പകരം ബാറ്റിങ് വേണോ ബോളിങ് വേണോ എന്നു തീരുമാനിക്കാനുള്ള അവകാശം സന്ദർശക ടീമിന്റെ ക്യാപ്റ്റനു നൽകണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

ഇക്കഴിഞ്ഞ മേയ് മാസത്തിൽ മുംബൈയിൽ നടന്ന ഐസിസി ക്രിക്കറ്റ് കമ്മിറ്റിയുടെ യോഗത്തിൽ ടോസ് വിഷയം ചർച്ചയ്ക്കു വന്നിരുന്നു. ടെസ്റ്റിൽ ടോസ് ഒഴിവാക്കണമോ എന്നതായിരുന്നു ചർച്ചാവിഷയം. എന്നാൽ, ടോസിന് ടെസ്റ്റ് ക്രിക്കറ്റിൽ വലിയ സ്ഥാനമുണ്ടെന്നു ചൂണ്ടിക്കാട്ടി അനിൽ കുംബ്ലെ അധ്യക്ഷനായ കമ്മിറ്റി ടോസ് തുടരാനാണ് തീരുമാനിച്ചത്.

∙ ടോസിലും റൂട്ടിന് റെക്കോർഡ്

കളത്തിലെ മറ്റു റെക്കോർഡുകൾക്കു പുറമെ ടോസിലും ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ ഒരുപിടി റെക്കോർഡുകൾ സ്വന്തമാക്കി. 20 വർഷത്തിനിടെ അഞ്ച് ടെസ്റ്റ് പരമ്പരയിലെ എല്ലാ ടോസും നേടുന്ന ആദ്യ ക്യാപ്റ്റനാണ് ജോ റൂട്ട്. 1998–99 സീസണിലെ ആഷസ് പരമ്പരയിൽ ഓസീസ് നായകൻ മാർക്ക് ടെയ്‌ലറാണ് ഏറ്റവും ഒടുവിൽ ഈ നേട്ടം കൈവരിച്ചത്. ഇന്ത്യയ്ക്കെതിരെ ഒരു പരമ്പരയിൽ എല്ലാ ടോസും ജയിക്കുന്ന ആദ്യ ഇംഗ്ലണ്ട് നായകനുമായി റൂട്ട്. എല്ലാ രാജ്യങ്ങളെയും പരിഗണിച്ചാൽ മൂന്നാമത്തെ മാത്രം ക്യാപ്റ്റനും.

വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻമാരായിരുന്ന ജോൺ ഗോദാർദ് (1948–49), ക്ലൈവ് ലോയ്ഡ് (1982–83) എന്നിവരാണ് മുൻപ് ഇന്ത്യയ്ക്കെതിരെ അഞ്ചു ടെസ്റ്റുകളുള്ള പരമ്പരയിലെ എല്ലാ ടോസും ജയിച്ചത്. ലാലാ അമർനാഥ്, കപിൽ ദേവ് എന്നിവരായിരുന്നു അന്നത്തെ ഹതഭാഗ്യരായ ഇന്ത്യൻ ക്യാപ്റ്റൻമാർ. അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയിൽ എല്ലാ ടോസും നേടിയ ഒരു ക്യാപ്റ്റനും ഇന്ത്യയ്ക്കുണ്ട്. ഇംഗ്ലണ്ടിനെതിരെ 1963–64ൽ മൻസൂർ അലി ഖാൻ പട്ടൗഡിയാണ് ഈ നേട്ടം കൈവരിച്ചത്.

ടോസും സഹായിച്ചു, ഇംഗ്ലണ്ടിനെ!

പരമ്പര സ്വന്തമാക്കുന്നതിൽ ടോസും ഇംഗ്ലണ്ടിനെ സഹായിച്ചിട്ടുണ്ട് എന്നത് ഉറപ്പാണ്. അത് ഇന്ത്യൻ താരങ്ങളുടെ മോശം പ്രകടനത്തിന് ന്യായീകരണമാകുന്നില്ലെങ്കിലും. പരമ്പരയിലെ അഞ്ചു ടെസ്റ്റുകളിലും സംഭവിച്ചത് എന്ത് എന്ന് പരിശോധിക്കാം.

∙ എജ്ബാസ്റ്റണിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് തിരഞ്ഞെടുത്തത് ബാറ്റിങ്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും, നാലാം ഇന്നിങ്സ് ബാറ്റിങ്ങിന്റെ സമ്മർദ്ദം താങ്ങാനാകാതെ ഇന്ത്യ തോൽവിയേറ്റു വാങ്ങി. 194 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ വെറും 162 റൺസിന് പുറത്തായി. ഇംഗ്ലണ്ടിന് 31 റൺസ് ജയം.

∙ ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ ടോസ് കിട്ടിയപ്പോൾ റൂട്ട് തിരഞ്ഞെടുത്തത് ബോളിങ്ങാണ്. പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത് ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ 107 റൺസിനാണ് ഇംഗ്ലണ്ട് ബോളർമാർ എറിഞ്ഞിട്ടത്. ക്രിസ് വോക്സ് കന്നി ടെസ്റ്റ് സെഞ്ചുറിയുമായി നിറഞ്ഞുനിന്ന മൽസരത്തിൽ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ നേടിയത് 396 റൺസ്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ 130 റൺസിന് എറിഞ്ഞുവീഴ്ത്തിയ ഇംഗ്ലണ്ട് ഇന്നിങ്സിനും 159 റൺസിനും ജയിച്ചു. പരമ്പരയിൽ അവരുടെ ഏറ്റവും വലിയ വിജയം. ഇന്ത്യ ഒട്ടും പോരാടാതെ കീഴടങ്ങിയ ഏക മൽസരവും.

∙ ട്രെന്റ് ബ്രിജിൽ നടന്ന മൂന്നാം ടെസ്റ്റിലും ടോസ് ലഭിച്ചെങ്കിലും ബോൾ ചെയ്യാനുള്ള റൂട്ടിന്റെ തീരുമാനം ഇംഗ്ലണ്ടിനെ തിരിച്ചടിച്ചു. ഒന്നാം ഇന്നിങ്സിൽ 329 റൺസ് നേടിയ ഇന്ത്യ, ഇംഗ്ലണ്ടിനെ 161 റൺസിന് പുറത്താക്കി. ഹാർദിക് പാണ്ഡ്യയുടെ അഞ്ചു വിക്കറ്റ് പ്രകടനമായിരുന്നു ഇന്ത്യൻ ബോളിങ്ങിന്റെ സവിശേഷത. രണ്ടാം ഇന്നിങ്സിൽ 352 റൺസെടുത്ത് കൂറ്റൻ ലീഡ് സ്വന്തമാക്കിയ ഇന്ത്യ, ഇംഗ്ലണ്ടിനെ 317 റൺസിന് പുറത്താക്കി 203 റൺസിന്റെ കൂറ്റൻ വിജയം നേടി.

∙ സതാംപ്ടണിൽ നടന്ന നാലാം ടെസ്റ്റിൽ ടോസ് നേടിയ റൂട്ട്, ഇക്കുറി ബാറ്റിങ് തിരഞ്ഞെടുത്തു. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 246 റൺസെടുത്തപ്പോൾ, ഇന്ത്യ 273 റൺസ് നേടി. രണ്ടാം ഇന്നിങ്സിൽ 271 റൺസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയ്ക്കു മുന്നിൽ ഉയർത്തിയത് 245 റൺസ് വിജയലക്ഷ്യം. ഒരിക്കൽക്കൂടി നാലാം ഇന്നിങ്സിന്റെ സമ്മർദ്ദം താങ്ങാനാകാതെ ഇന്ത്യ 184 റൺസിനു പുറത്തായതോടെ ആതിഥേയർക്ക് 60 റൺസ് വിജയം. പരമ്പരയും.

∙ ഓവലിൽ നടന്ന അഞ്ചാം ടെസ്റ്റിലും ടോസ് റൂട്ടിന്. ബാറ്റിങ് തിരഞ്ഞെടുത്ത ആതിഥേയർ ഒന്നാം ഇന്നിങ്സിൽ 332 റൺസ് നേടി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 292 റൺസിൽ അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ 423 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇംഗ്ലണ്ട്, ഇന്ത്യയ്ക്കു മുന്നിലുയർത്തിയത് 464 റൺസ് വിജയലക്ഷ്യം. തകർച്ചയോടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് ട്രാക്കിലായ ഇന്ത്യ ലോകേഷ് രാഹുൽ, ഋഷഭ് പന്ത് എന്നിവരുടെ മികവിൽ ഇടയ്ക്ക് വിജയപ്രതീക്ഷ ഉയർത്തിയതാണ്. ഒടുവിൽ പക്ഷേ മൽസരം കൈവിട്ടു. തോൽവി 118 റൺസിന്!

related stories