Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഷ്യാ കപ്പ് ക്രിക്കറ്റ്: നായകൻ രോഹിത്തിനു മുന്നിൽ വലിയ വെല്ലുവിളികൾ

Rohit Sharma രോഹിത് ശർമ

വിരാട് കോഹ്‌ലി കളിക്കുന്നില്ലെന്നതു തന്നെയാണ് ഏഷ്യാ കപ്പ് ട്രോഫിയുടെ പ്രധാന വാർത്ത. ഇന്ത്യയെ സംബന്ധിച്ച് അത്ര ശുഭകരവുമല്ല ഈ വാർത്ത. കോഹ്‍ലി ഇന്ത്യൻ ക്രിക്കറ്റിന് എത്രമാത്രം വേണ്ടപ്പെട്ടവനാണെന്ന് അടിവരയിടുന്നു, അദ്ദേഹമില്ലെന്നറിഞ്ഞപ്പോഴത്തെ പ്രതികരണങ്ങൾ. ആരാധകർക്കു പുറമെ മറ്റു കളിക്കാരും മുൻ കളിക്കാരുമുണ്ട് കോഹ്‌ലിയില്ലാത്തതിന്റെ നിരാശ പങ്കുവയ്ക്കാൻ. ഇടയ്ക്കു ചില ആശ്വാസ നെടുവീർപ്പുകൾ പാക്കിസ്ഥാനിൽനിന്നു വരുന്നില്ലെന്നല്ല. പാക് പേസർ ഹസൻ അലി പറയുന്നത് കോഹ്‌ലിയില്ലാത്തത് തങ്ങളുടെ സാധ്യത വർധിപ്പിക്കുന്നുവെന്നാണ്. എന്നാൽ, ഓപ്പണർ ഫഖർ സമാന് കോഹ്‌ലിയുള്ള ഇന്ത്യയും ഇല്ലാത്ത ഇന്ത്യയും ഒരുപോലെ ശക്തമാണെന്ന അഭിപ്രായമാണ്.

വിരാടിന്റെ അഭാവത്തിൽ ഉപനായകൻ രോഹിത് ശർമയാണ് ഇന്ത്യൻ തേര് തെളിക്കുക. ടെസ്റ്റ് ടീമിൽ ഇടംനേടാതെ അവധി ആഘോഷങ്ങളിലായിരുന്ന ഉപനായകന് ഇത് ഉണരാനുള്ള അവസരം. സഹഓപ്പണർ ശിഖർ ധവാനാണ് രോഹിത്തിന്റെ ഡപ്യൂട്ടി.

ടെസ്റ്റ് കഴിഞ്ഞ് ഉടനെ വണ്ടി പിടിക്കണം

15ന് ടൂർണമെന്റിന്റെ ഉദ്ഘാടന മൽസരത്തിൽ ബംഗ്ലദേശും ശ്രീലങ്കയും ഏറ്റുമുട്ടും. അഫ്ഗാനിസ്ഥാനാണ് ആ ഗ്രൂപ്പിലെ മൂന്നാമത്തെ ടീം. പാക്കിസ്ഥാനും ഹോങ്കോങ്ങും അടങ്ങുന്ന ഗ്രൂപ്പിലാണ് നിലവിലെ ജേതാക്കളായ ഇന്ത്യ. വിശ്രമമില്ലാത്ത മൽസരങ്ങളാണ് നീലക്കുപ്പായക്കാരെ കാത്തിരിക്കുന്നത്. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് തീർന്നയുടനെ ഏഷ്യാ കപ്പിനായി യുഎഇയിലേക്കു തിരിക്കണം. 18ന് ഹോങ്കോങ്ങുമായി ആദ്യ മൽസരം. തൊട്ടടുത്ത ദിവസം തന്നെ പാക്കിസ്ഥാനുമായി ആരാധകർ കാത്തിരിക്കുന്ന പോര്. യോഗ്യതാ മൽസരങ്ങൾ ജയിച്ചു വന്ന ഹോങ്കോങ്ങിന് ഐസിസി താൽക്കാലിക ഏകദിന അംഗീകാരം നൽകിയിട്ടുണ്ട്. അതിനാൽ ഈ മൽസരത്തിലെ റൺസും വിക്കറ്റുമെല്ലാം എണ്ണപ്പെടും.

മധ്യനിരയിൽ ഇഷ്ടംപോലെ അവസരം

കോഹ്‌ലിയുടെ അഭാവത്തിൽ രോഹിത് ശർമയും ശിഖർ ധവാനും കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും. മൂന്നാം നമ്പർ സ്ഥാനത്ത് മിക്കവാറും കെ.എൽ.രാഹുലിനാകും നറുക്കു വീഴുക. പിന്നീട് എത്തും ആടിയുലയുന്ന മധ്യനിര. സമീപകാലത്തൊന്നും ശക്തമായ മധ്യനിരയെ ഇറക്കാൻ ഇന്ത്യയ്ക്കായിട്ടില്ല. ഓരോ സ്ഥാനത്തും ഓരോരുത്തരെ പരീക്ഷിക്കും.
നാളുകൾക്കുശേഷം ടീമിലേക്കു തിരിച്ചെത്തിയ അമ്പാട്ടി റായിഡുവിന് അവസരം ലഭിക്കുമെന്നു തന്നെ പ്രതീക്ഷിക്കാം. ഐപിഎല്ലിൽ മിന്നുന്ന ഫോമിൽ കളിച്ച അമ്പാട്ടിയുടെ ഇംഗ്ലിഷ് ട്രിപ്പ് മുടക്കിയത് യോ യോ പരീക്ഷയാണ്. ഐപിഎല്ലിലെ ഉദ്ഘാടന മൽസരത്തിൽ പരുക്കേറ്റു മടങ്ങിയ കേദാർ ജാദവിനും തിരിച്ചുവരവ് നിർണായകമാണ്. പാർട് ടൈം ബോളർ കൂടിയായ കേദാറിന് മനീഷ് പാണ്ഡെയെ മറികടന്ന് ടീമിലെത്തണം. മഹേന്ദ്രസിങ് ധോണിയുടെ സാന്നിധ്യം

മധ്യനിരയ്ക്ക് കരുത്തു പകരും. അറ്റത്തു തകർക്കാൻ ഹാർദിക് പാണ്ഡ്യയോ ദിനേഷ് കാർത്തിക്കോ ആകും ഇറങ്ങുക. ബോളിങ് വിഭാഗത്തിൽ താരതമ്യേന തലവേദന കുറവാണ്. പരുക്കിൽനിന്നു മോചിതനായി ഭുവനേശ്വർ കുമാർ തിരിച്ചെത്തിക്കഴിഞ്ഞു. ഓസ്‌ട്രേലിയ എയ്‌ക്കെതിരായ മൽസരത്തിൽ ഭുവി ഫോമിലേക്കുയർന്നിരുന്നു. ബുംറ കൂടി ചേരുന്നതോടെ ഓപ്പണിങ്, ഡെത്ത് ബോളിങ്ങിന് മസിൽ പവറാണ്. കൈക്കുഴ മാന്ത്രികൻമാരുടെ സ്പിൻ ദ്വയവും ഇന്ത്യയുടെ കരുത്തു കൂട്ടുന്നു.

കുൽദീപ്- യുസ്‍േവന്ദ്ര ചാഹൽ സഖ്യം യുഎഇയിലും വെന്നിക്കൊടി നാട്ടുമെന്നു പ്രതീക്ഷിക്കാം. ബോളിങ്ങിന് വ്യത്യസ്തത നൽകാൻ അക്ഷർ പട്ടേലും ടീമിലുണ്ട്. പേസ് ബോളിങ് ബാറ്ററിയിൽ ബാക് അപ് ഇടംകയ്യൻ ബോളർ ഖലീൽ അഹമ്മദും ഷാർദുൽ ഠാക്കൂറുമാണ്. ബാറ്റ്‌സ്മാൻമാർ കലമുടയ്ക്കാതിരുന്നാൽ പാക്കിസ്ഥാന്റെ ഭീഷണിയെ മറികടക്കുക രോഹിത്തിനും സംഘത്തിനും ബുദ്ധിമുട്ടാകില്ല. ബംഗ്ലദേശാണ് വേറൊരു ഭീഷണി. ശ്രീലങ്ക സമീപകാലത്തൊന്നും മികച്ച പ്രകടനം നടത്തിയവരല്ല.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.