Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ തോറ്റത് ഇംഗ്ലണ്ടിന്റെ ടീം മികവിനു മുന്നിലല്ല; വീഴ്ത്തിയത് കറൻ: ശാസ്ത്രി

Ravi Shastri, Sam Curran രവി ശാസ്ത്രി, സാം കറൻ

ന്യൂഡൽഹി∙ ഒരു ടീമെന്ന നിലയിലുള്ള ഇംഗ്ലണ്ടിന്റെ മികവിനു മുന്നിലല്ല ഇന്ത്യ തോറ്റതെന്നും ഓൾ റൗണ്ടർ സാം കറന്റെ പ്രകടനമായിരുന്നു രണ്ടു ടീമുകളെയും വേർതിരിച്ചു നിർത്തിയതെന്നും ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രി. പരമ്പരയിൽ ഇന്ത്യ 1–4ന് പരാജയപ്പെട്ടിരുന്നു. എന്നാൽ വിരാട് കോഹ്‌ലിയും സംഘവും കാഴ്ചവച്ച യഥാർഥ പോരാട്ടം സ്കോർലൈനിൽ പ്രതിഫലിക്കുന്നില്ലെന്ന നിലപാടിലായിരുന്നു ശാസ്ത്രി. 

‘‘നമ്മൾ പരാജയപ്പെട്ടുവെന്നു ഞാൻ സമ്മതിക്കും. നന്നായി ശ്രമിച്ചു. എങ്കിലും പ്രശംസിക്കേണ്ടതു പ്രശംസിച്ചേ പറ്റൂ. ഇംഗ്ലണ്ടിനു വേണ്ടി മാൻ ഓഫ് ദ് സീരീസിനെ തിരഞ്ഞെടുക്കാൻ വിരാടിനോടും എന്നോടും ആവശ്യപ്പെട്ടു. ഞങ്ങൾ രണ്ടു പേരും നിർദ്ദേശിച്ച പേര് സാം കറന്റേതാണ്. 

കറൻ തിളങ്ങിയ മൽസരവേളകൾ ശ്രദ്ധിക്കൂ. അതാണു നമുക്ക് തിരിച്ചടിയായത്. ഇംഗ്ലണ്ടിനെക്കാളുപരി കറൻ ആണു നമ്മുടെ പ്രതീക്ഷ തകർത്തത്.’’– ശാസ്ത്രി പറയുന്നു. സാം കറൻ തിളങ്ങിയ നിർണായക ഘട്ടങ്ങളും ശാസ്ത്രി വിശദീകരിക്കുന്നു. ‘‘ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സ് ഇംഗ്ലണ്ട് ഏഴു വിക്കറ്റിന് 87 റൺസിൽ നിൽക്കെയാണ് കറൻ റൺസടിച്ചു കൂട്ടിയത്. നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ആറിന് 86ൽ നിൽക്കെ വീണ്ടും കറന്റെ ഊഴമായി. 

എജ്ബാസ്റ്റണിൽ നമ്മൾ വിക്കറ്റു പോകാതെ 50 റൺസെടുത്തു നിൽക്കെ സാം കറൻ വിക്കറ്റുകൾ നേടി. അതായത് നിർണയാക സമയത്തെല്ലാം റൺസോ വിക്കറ്റോ സ്വന്തമാക്കി കറൻ മൽസരം ഇംഗ്ലണ്ടിന് അനുകൂലമായി തിരിച്ചു. അതു തന്നെയായിരുന്നു രണ്ടു ടീമുകളും തമ്മിലുള്ള വ്യത്യാസം.’’– ശാസ്ത്രി പറയുന്നു. 

ഇംഗ്ലണ്ടിനോടു പരാജയപ്പെട്ടെങ്കിലും ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ‘‘നമ്മൾ എത്ര നന്നായി പൊരുതിയെന്ന് ഇംഗ്ലണ്ടിനറിയാം. 

അവിടത്തെ മാധ്യമങ്ങൾക്കും അതറിയാം. ഇന്ത്യൻ ടീം ആരാധകർക്കും ഇതു ബോധ്യമുണ്ട്. ടീം എന്ന നിലയിൽ ഞങ്ങൾ നടത്തിയ പോരാട്ടത്തെക്കുറിച്ചു ഞങ്ങൾക്കും അറിയാം.’’– ആത്മവിശ്വാസത്തോടെ ശാസ്ത്രി പറയുന്നു.

വിമർശനങ്ങൾ തന്നെ ഒട്ടും ബാധിച്ചിട്ടില്ലെന്നു ശാസ്ത്രി പറയുന്നു. ‘‘ആളുകൾക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാൻ അവകാശമുണ്ട്. ചെയ്യുന്ന ജോലിയെക്കുറിച്ച് അറിയുകയും അത് ആത്മാർഥമായി ചെയ്യുകയും ചെയ്യുമ്പോൾ വിമർശനങ്ങൾ കാര്യമാക്കേണ്ടതില്ല. ആൾക്കാർ എന്തു പറയുന്നു, എന്തു ചെയ്യുന്നു എന്നതിനെക്കുറിച്ചൊന്നും ആശങ്കപ്പെടാറില്ല.  കഴിഞ്ഞ മൂന്നു നാലു വർഷമായി ഈ ടീം ചെയ്തതിനെക്കുറിച്ചും ബോധ്യമുണ്ട്. നാലു വർഷത്തിനിടെ വിദേശത്ത് ഒൻപതു ടെസ്റ്റുകൾ ഇന്ത്യ ജയിച്ചിട്ടുണ്ട്’’. – ശാസ്ത്രി പറഞ്ഞു.