Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഷ്യ കപ്പിൽ ഇന്ത്യയോട് പൊരുതിത്തോറ്റ് ഹോങ്കോങ്; ധവാന് സെഞ്ചുറി

India ഹോങ്കോങ്ങിനെതിരെ സെഞ്ചുറി നേടിയ ശിഖർ ധവാൻ

ദുബായ് ∙ കളി ഇതല്ല എന്നു ഇന്ത്യയ്ക്കു തോന്നി; അത്രയ്ക്കു  വേണ്ട എന്ന് ഹോങ്കോങ് പറഞ്ഞു. ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയെ വിറപ്പിച്ച് ഹോങ്കോങ് കീഴടങ്ങി. സ്കോർ: ഇന്ത്യ– 50 ഓവറിൽ ഏഴിന് 285. ഹോങ്കോങ്–50 ഓവറിൽ എട്ടിന് 259. 

ശിഖർ ധവാന്റെ (127) സെഞ്ചുറിക്കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. എന്നാൽ ശക്തമായി തിരിച്ചടിച്ച ഹോങ്കോങ് അട്ടിമറിയുടെ അടുത്തെത്തി. ഓപ്പണിങ് വിക്കറ്റിൽ 174 റൺസെടുത്ത നിസാകത് ഖാനും (92) അൻഷുമാൻ റൗത്തുമാണ് (73) ഇന്ത്യയെ വിറപ്പിച്ചത്. എന്നാൽ ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായതോടെ ഹോങ്കോങ് കിതച്ചു. മറ്റൊരു കൂട്ടുകെട്ടിന് അനുവദിക്കാതെ ഇന്ത്യൻ ബോളർമാർ വിക്കറ്റുകൾ വീഴ്ത്തിയതോടെ വിജയത്തിന് ആവശ്യം വേണ്ട റൺറേറ്റും കൂടി. കിൻജിത് ഷാ (17), എഹ്സാൻ ഖാൻ (22) എന്നിവർ മാത്രമാണ് പിന്നീട് ഭേദപ്പെട്ട് കളിച്ചത്. 

നേരത്തെ, ടോസ് നഷ്ടപ്പെട്ടെങ്കിലും ബാറ്റിങിനിറങ്ങിയപ്പോൾ ഇന്ത്യ മുന്നൂറിനപ്പുറമുള്ള ഒരു സ്കോർ സ്വപ്നം കണ്ടിരിക്കണം. എന്നാൽ സ്കോറിങ് അത്ര അനായാസമായിരുന്നില്ല പിച്ചിൽ. 7.4 ഓവറിൽ ധവാനൊപ്പം 45 റൺസ് ചേർത്ത് ക്യാപ്റ്റൻ രോഹിത് ശർമ (23) മടങ്ങി. യോ–യോ ടെസ്റ്റിൽ ഫിറ്റ്നസ് തെളിയിച്ച് ടീമിലേക്കു മടങ്ങിയെത്തിയ റായുഡു (60)അവസരം കള‍‍ഞ്ഞില്ല. 70 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും അടങ്ങുന്നതാണ് റായുഡുവിന്റെ ഇന്നിങ്സ്.രണ്ടാം വിക്കറ്റിൽ ധവാനും റായുഡുവും  ചേർന്നു നേടിയ 116 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിനു അടിത്തറയായത്. 

എന്നാല്‍ ഈ കൂട്ടുകെട്ടിന്റെ ബലത്തില്‍ ഇന്ത്യ കൂറ്റൻ സ്കോറിലെത്തും എന്നു കരുതിയിരിക്കെ റായുഡു എഹ്സാൻ നവാസിന്റെ ബൗൺസർ വിക്കറ്റ് കീപ്പർക്കു തൊട്ടു കൊടുത്ത് മടങ്ങി. ഹോങ്കോങ് സ്ലോ ബോളർമാരുടെ അച്ചടക്കമുള്ള ബോളിങിൽ ഇന്ത്യയുടെ സ്കോറിങും അതോടെ സ്ലോ ആയി. കാർത്തികും (33) ധവാനും മറ്റൊരു സെഞ്ചുറി കൂട്ടുകെട്ടിന് വട്ടം കൂട്ടിയെങ്കിലും തുടരെ മൂന്നു വിക്കറ്റുകൾ വീഴ്ത്തി ഹോങ്കോങ് ബോളർമാർ ബ്രേക്കിട്ടു. 120 പന്തിലാണ് ധവാൻ 127 റൺസെടുത്തത്– 15 ഫോറും രണ്ടു സിക്സും. ധവാന്റെ 14–ാം ഏകദിന സെഞ്ചുറിയാണിത്. 

ധോണിയും ഷാർദൂലും  പൂജ്യത്തിനും ഭുവനേശ്വർ ഒൻപതു റൺസിനും പുറത്തായി. കേദാർ ജാദവ് 27 പന്തിൽ 28 റൺസടിച്ചു. അവസാന പത്ത് ഓവറിൽ 48 റൺ‍സ് മാത്രമാണ് ഹോങ്കോങ് ബോളർമാർ വഴങ്ങിയത്. ഇന്നിങ്സിലെ ആകെ എക്സ്ട്രാസ് അഞ്ചു റൺസ് മാത്രം.

related stories