Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‍ലി ഇല്ലെങ്കിൽ എന്താ, ഇന്ത്യ അതിശക്തർ തന്നെ: തുറന്നുപറഞ്ഞ് പാക്ക് നായകൻ

sarfraz-kohli ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിക്കൊപ്പം സർഫ്രാസ് അഹമ്മദ്

ദുബായ് ∙ ഇന്ത്യന്‍ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ഇല്ലെങ്കിലും ടീമിന്റെ കരുത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാവില്ലെന്ന് പാക്ക് ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദ്. കോഹ്‍ലി ഇന്ത്യയുടെ ക്യാപ്റ്റനാണ്. ലോകോത്തര ബാറ്റ്സ്മാനാണ്. എന്നാൽ കോഹ്‍ലിയുടെ അഭാവത്തിൽ തന്നെ ഇന്ത്യ വളരെ മികച്ച ഒരു ടീമാണെന്നാണു കരുതുന്നത്– സർഫ്രാസ് പറഞ്ഞു.

ഇന്ത്യയ്ക്കായി കാര്യങ്ങളെല്ലാം നന്നായി ചെയ്യാനുള്ള കളിക്കാർ അവർക്കുണ്ട്. അതുകൊണ്ടുതന്നെ കോഹ്‍ലി ഇല്ലെങ്കിലും ഇന്ത്യയ്ക്കു വലിയ മാറ്റങ്ങളൊന്നും വരാനില്ല. ഇന്ത്യയുടെ ബാറ്റിങ് നിര വളരെയേറെ കരുത്തേറിയതാണ്. അതുകൊണ്ടുതന്നെ പാക്കിസ്ഥാനെതിരെയുള്ളത് ശക്തമായ പോരാട്ടമായിരിക്കും.

പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി കിരീടം നേടിയിട്ട് ഒരു വർഷത്തോളമായി. അതു ചരിത്രമാണ്. ഇപ്പോൾ ഞങ്ങൾ‌ ഗ്രൗണ്ടിലിറങ്ങുന്നത് പുതിയ തന്ത്രങ്ങളും ലക്ഷ്യങ്ങളുമായിട്ടാണ്– പാക്ക് ക്യാപ്റ്റൻ വ്യക്തമാക്കി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏഷ്യ കപ്പിലെ മൽസരം അതിശക്തമായ പോരാട്ടമായിരിക്കുമെന്നാണു മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയും പ്രവചിച്ചത്. ഇന്ത്യയ്ക്കും പാക്കിസ്ഥാനും 50–50 ശതമാനം സാധ്യതയുള്ള മൽസരമായിരിക്കും അത്. വിരാട് കോഹ്‍ലിയുടെ അസാന്നിധ്യം ടീമിനെ ബാധിക്കില്ലെന്നും ഗാംഗുലി വ്യക്തമാക്കി.

ഏഷ്യ കപ്പിൽ ഇന്ത്യ ആറു തവണ കിരീടം നേടിയിട്ടുണ്ട്. പാക്കിസ്ഥാൻ രണ്ടു തവണ മാത്രമാണ് ഏഷ്യ കപ്പ് സ്വന്തമാക്കിയത്. നായകൻ വിരാട് കോഹ്‍ലിയുടെ അഭാവത്തില്‍ രോഹിത് ശർമയാണ് ടീം ഇന്ത്യയെ ഏഷ്യ കപ്പിൽ നയിക്കുന്നത്. തുടർച്ചയായുള്ള മൽസരങ്ങളിൽ ക്ഷീണിതനായതിനാലാണ് കോഹ്‌ലിക്ക് ബിസിസിഐ വിശ്രമം അനുവദിച്ചത്. 

related stories