Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിശീലകൻ എത്തിയില്ല; ഇന്ത്യൻ യുവതാരങ്ങളെ 'കളി പഠിപ്പിച്ച്' ധോണി

dhoni-coaching യുവതാരങ്ങൾക്കു നിർദേശം നൽകുന്ന എം.എസ്. ധോണി (ട്വിറ്റർ ചിത്രം)

ദുബായ്∙ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം വിരാട് കോഹ്‍ലിക്കു നൽകിയെങ്കിലും ധോണി ഗ്രൗണ്ടിൽ ടീമിനു നിർദേശങ്ങൾ നല്‍കുന്നതു പതിവാണ്. നിർണായക അവസരങ്ങളിൽ ധോണിയുടെ ഉപദേശം തേടുന്നതു പലകുറി ടീം ഇന്ത്യയ്ക്കു തുണയായി. ഇപ്പോഴിതാ പരിശീലകന്റെ അഭാവത്തിൽ ജൂനിയർ താരങ്ങളെ കളി പഠിപ്പിക്കുകയാണ് ഇന്ത്യയുടെ മുൻ നായകൻ.

ഏഷ്യ കപ്പിനായി ദുബായിൽ പരിശീലനം നടത്തുന്നതിനിടെയാണ് ധോണി സഹതാരങ്ങളുടെ പരിശീലന ചുമതല കൂടി ഏറ്റെടുത്തത്. ഹോങ്കോങ്ങിനെതിരായ ആദ്യ മൽസരത്തിനു മുൻപ് ഇന്ത്യൻ ടീമിന്റെ പരിശീലന വേളയിലായിരുന്നു സംഭവം. പരിശീലകൻ രവി ശാസ്ത്രിയും മറ്റു സ്റ്റാഫുകളും എത്തിയിരുന്നില്ല. എന്നാൽ നിർണായക സമയത്ത് ധോണി ടീം അംഗങ്ങൾക്കു പരിശീലന മൈതാനത്തു നിർദേശങ്ങൾ നൽകുകയായിരുന്നു. 

ഇന്ത്യന്‍ ടീമിനൊപ്പം എ ടീം ബോളർമാരായ ആവേശ് ഖാൻ, എം. പ്രസിദ്ധ് കൃഷ്ണ, സിദ്ധാർഥ് കൗൾ, ഷഹബാസ് നദീം, മായങ്ക് മാർക്കണ്ഡെ എന്നിവരും യുഎഇയിലുണ്ട്. ബാറ്റ്സ്മാൻമാർക്ക് ആവശ്യമായ തയാറെടുപ്പുകൾക്കു വേണ്ടിയാണ് ബോളർ‌മാരെകൂടി യുഎഇയിലേക്കു കൊണ്ടുപോയത്. പരിശീലന സമയത്ത് ഈ യുവതാരങ്ങൾക്കാണ് ധോണിയുടെ വക 'സ്പെഷല്‍ ക്ലാസ്' കിട്ടിയത്. 

2017 ജനുവരിയിലാണ് ഏകദിന, ട്വന്റി20 ടീമുകളുടെ നായകസ്ഥാനം എം.എസ്. ധോണി ഒഴിഞ്ഞത്. ഇന്ത്യയ്ക്കായി 321 ഏകദിന മല്‍സരങ്ങൾ കളിച്ച ധോണി 10046 റൺസ് ഇതുവരെ നേടിയിട്ടുണ്ട്. പത്ത് സെഞ്ചുറികളും 67 അർധസെഞ്ചുറികളുമാണ് ഏകദിനത്തിന്റെ ധോണിയുടെ സമ്പാദ്യം. ധോണിക്കു കീഴിൽ 2011ൽ ഇന്ത്യ ഏകദിന ലോകകപ്പും 2007ൽ‌ ട്വന്റി20 ലോകകപ്പും ഇന്ത്യ സ്വന്തമാക്കി.

related stories