Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോരാട്ടങ്ങളുടെ പോരാട്ടം; ഏഷ്യ കപ്പിൽ ഇന്ത്യ– പാക്കിസ്ഥാൻ മൽസരം ഇന്ന്

india-pak 2006 ജനുവരിയിൽ ലഹോറിൽ നടന്ന ടെസ്റ്റിനിടെ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും പതാകകളുമായി ആരാധകർ

ദുബായ് ∙ ഇന്ത്യയും പാക്കിസ്ഥാനും എവിടെ ക്രിക്കറ്റ് കളിച്ചാലും ആരാധകർക്കു പെരുന്നാളാണ്. ഷാർജയിലോ ദുബായിയിലോ ആണെങ്കിൽ അതു വലിയ പെരുന്നാളാണ്! ഇന്ത്യക്കാരുടെയും പാക്കിസ്ഥാൻകാരുടെയും ‘രണ്ടാം വീടാണ്’ ദുബായ് നഗരം എന്നതു കൊണ്ടു തന്നെ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഇന്ന് രോഹിത് ശർമയുടെയും സർഫ്രാസ് അഹമ്മദിന്റെയും ടീമുകൾക്കു ‘ഹോം ഗ്രൗണ്ടാ’ണ്. ഏഷ്യ കപ്പിലെ മൽസരക്രമം രൂപപ്പെടുത്തുമ്പോൾ തന്നെ ദുബായ് ആസ്ഥാനമായുള്ള രാജ്യാന്തര ക്രിക്കറ്റ് കൗൺ‌സിൽ ഉറപ്പു വരുത്തിയത് ഇന്ത്യ–പാക്കിസ്ഥാൻ മൽസരമാണ്. കാര്യങ്ങളെല്ലാം ഐസിസിയും ആരാധകരും ആഗ്രഹിച്ച പോലെ നടക്കുകയാണെങ്കിൽ രണ്ടു ടീമുകളും ഇനിയും ഏറ്റുമുട്ടാൻ സാധ്യതയുണ്ട്– ഒന്നും രണ്ടുമല്ല, മൂന്നു വട്ടം!

രണ്ടു ടീമുകളും അവസാനമായി കണ്ടുമുട്ടിയത് 2017 ചാംപ്യൻസ് ട്രോഫി ഫൈനലിൽ ലണ്ടനിലെ ഓവൽ മൈതാനത്തു വച്ചാണ്. ഇന്ത്യ മറക്കാനാഗ്രഹിക്കുന്ന മൽസരമാണ് അത്. പാക്ക് യുവതാരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ ഫഖർ സമാന്റെ സെഞ്ചുറിയിൽ നാലു വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ നേടിയ 338 റൺസിനെ പിന്തുടർന്ന ഇന്ത്യ മുഹമ്മദ് ആമിറിന്റെയും ഹസൻ അലിയുടെയും പേസിലും ഷദബ് ഖാന്റെ സ്പിന്നിലും തകർന്നു പോയി. 30.3 ഓവറിൽ 158നു പുറത്ത്. ഇന്ത്യൻ തോൽവി 180 റൺസിന്.

ഇന്ത്യയ്ക്കു മറക്കാനുള്ളത് ആ തോൽവി മാത്രമല്ല. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിലേറ്റ പരാജയം കൂടിയാണ്. കണക്കുകളിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും മുൻതൂക്കമുണ്ട്. ഇരു ടീമുകളും പരസ്പരം ആകെ 196 മൽസരങ്ങൾ കളിച്ചതിൽ പാക്കിസ്ഥാൻ 86 മൽസരങ്ങൾ ജയിച്ചു. ഇന്ത്യ 67 കളികളും. എന്നാൽ ഏഷ്യ കപ്പിൽ ഇന്ത്യ പൊടിക്കു മുന്നിൽ നിൽക്കുന്നു.12 കളികളിൽ ഇന്ത്യ ആറെണ്ണം ജയിച്ചപ്പോൾ പാക്കിസ്ഥാൻ അഞ്ച്. ഒരു കളി ഫലമില്ലാതെ പോയി.

ഇന്ത്യ ടീം ഇവരിൽ നിന്ന്:

രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ, കെ.എൽ രാഹുൽ, അമ്പാട്ടി റായുഡു, മനീഷ് പാണ്ഡ, കേദാർ ജാദവ്, എം.എസ് ധോണി (വിക്കറ്റ് കീപ്പർ), ഹാർദ്ദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുമ്ര, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, ശാർദ്ദൂൽ ഠാക്കൂർ, ദിനേഷ് കാർത്തിക്, ഖലീൽ അഹ്മദ്.

പാക്ക് ടീം ഇവരിൽ നിന്ന്:

സർഫ്രാസ് അഹ്മദ് (ക്യാപ്റ്റൻ–വിക്കറ്റ് കീപ്പർ), ഫഖർ സമാൻ, ഇമാമുൽ ഹഖ്, ബാബർ അസം, ഷാൻ മസൂദ്, ശുഐബ് മാലിക്, ഹാരിസ് സൊഹൈൽ, ഷദബ് ഖാൻ, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഹസൻ അലി, ജുനൈദ് ഖാൻ, ഉസ്മാൻ ഖാൻ, ഷഹീൻ അഫ്രീദി, ആസിഫ് അലി, മുഹമ്മദ് ആമിർ.