Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ–പാക്ക് പോരാട്ടത്തിലെ ആ ‘സുന്ദര നിമിഷം’ ഇതാ; കയ്യടിച്ച് ക്രിക്കറ്റ് ലോകം

usman-khan-with-yuzvendra-chahal ഉസ്മാൻ ഖാന് ഷൂവിന്റെ ലെയ്സ് കെട്ടിക്കൊടുക്കുന്ന ചാഹൽ.

ദുബായ്∙ ക്രിക്കറ്റ് ലോകത്ത് ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടത്തോളം ആവേശമേറ്റുന്ന മറ്റൊരു പോരാട്ടമുണ്ടാകുമോ? സംശയമാണ്. കായികമായ കാരണങ്ങളേക്കാൾ രാഷ്ട്രീയ കാരണങ്ങൾ മുന്നിട്ടു നിൽക്കുന്ന ഈ ആവേശപ്പോരാട്ടത്തിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഇന്നലെ ദുബായിൽ അരങ്ങേറിയത്. ഇന്ത്യൻ ബോളർമാർ നടത്തിയ ‘മിന്നലാക്രമണത്തിൽ’ തകർന്നടിഞ്ഞ പാക്കിസ്ഥാൻ കാര്യമായ പോരാട്ടം കൂടാതെ മൽസരം അടിയറവു വച്ചെങ്കിലും, താരങ്ങളുടെ സ്നേഹബന്ധം വെളിപ്പെടുത്തുന്ന ഒരു ചിത്രമാണ് ഇപ്പോൾ ക്രിക്കറ്റ് വൃത്തങ്ങളിലെ ചർച്ചാവിഷയം.

മൽസരത്തിനിടെ പാക്ക് താരത്തിന്റെ ഷൂവിന്റെ ലെയ്സ് അഴിഞ്ഞതിനെ തുടർന്ന് അതു കെട്ടിക്കൊടുക്കുന്ന ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചാഹലിന്റെ ചിത്രം നിമിഷങ്ങൾ കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. പാക്കിസ്ഥാൻ ഇന്നിങ്സിലെ 42–ാം ഓവറിലാണ് സംഭവം. ഒൻപതു വിക്കറ്റ് നഷ്ടമായ പാക്കിസ്ഥാൻ ചെറിയ സ്കോറിൽ പുറത്താകുന്നതിന്റെ വക്കിൽ നിൽക്കുന്നു.

ഇതിനിടെയാണ് പാക്ക് നിരയിലെ അവസാന ബാറ്റ്സ്മാനായ ഉസ്‍മാൻ ഖാന്റെ ഷൂവിന്റെ ലെയ്സ് അഴിഞ്ഞുപോയത്. ബോൾ ചെയ്യുകയായിരുന്ന ചാഹൽ ഉടൻ സഹായഹസ്തവുമായെത്തി. ചാഹൽ ഉസ്മാൻ ഖാന് ലെയ്സ് കെട്ടിക്കൊടുക്കുന്ന ദൃശ്യം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ഇന്ത്യ–പാക്ക് പോരാട്ടത്തിനിടയിലെ ‘ഏറ്റവും സുന്ദരമായ ദൃശ്യം’ എന്ന അടിക്കുറുപ്പുമായാണ് ചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്.

related stories