Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10 ഓവറിൽ 10 റൺസ് വഴങ്ങി 8 വിക്കറ്റ്; നദീമിന് ലോകറെക്കോർഡ്

shahabaz-nadeem ഷഹബാസ് നദീം.

ചെന്നൈ ∙ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനത്തിനുള്ള ലോകറെക്കോർഡ് സ്വന്തമാക്കി ജാർഖണ്ഡ് ബോളർ ഷഹബാസ് നദീം. വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാനെതിരെ പത്തു റൺസ് വഴങ്ങി എട്ടു വിക്കറ്റെടുത്ത പ്രകടനമാണ് നദീമിനെ റെക്കോർഡിലെത്തിച്ചത്. മൽസരത്തിൽ നദീം ഹാട്രിക്കും സ്വന്തമാക്കി. ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിന്റെ താരം കൂടിയാണ് നദീം.

20 വർഷങ്ങൾക്കു മുൻപ് 15 റൺസിന് എട്ടു വിക്കറ്റെടുത്ത രാഹുൽ സംഘ്‌വിയുടെ റെക്കോർഡാണ് മറികടന്നത്. 1997–98 സീസണിൽ ഹിമാചൽ പ്രദേശിനെതിരെയാണ് ഡൽഹി താരമായിരുന്ന രാഹുൽ സാങ്‍വി 15 റൺസ് വഴങ്ങി എട്ടു വിക്കറ്റെടുത്തത്. 2001ൽ ഓസ്ട്രേലിയയ്ക്കെതിരായ ഒരു ടെസ്റ്റ് മൽസരത്തിൽ മാത്രമാണ് സാങ്‍വി ഇന്ത്യൻ ജഴ്സിയിൽ കളിച്ചിട്ടുള്ളത്.

അതേസമയം, ദേശീയ ജഴ്സിയിൽ ഇതുവരെ കളിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത ഈ ഇരുപത്തൊൻപതുകാരൻ താരം, ആഭ്യന്തര ക്രിക്കറ്റിൽ ജാർഖണ്ഡിനു വേണ്ടി ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുന്ന താരമാണ്. അടുത്തിടെ ഇംഗ്ലണ്ടിൽ പര്യടനം നടത്തിയ ഇന്ത്യ എ ടീമിലും ഓസ്ട്രേലിയ എയ്ക്കെതിരെ കളിച്ച ഇന്ത്യ എ ടീമിലം നദീം അംഗമായിരുന്നു.

നദീമിന്റെ മാസ്മരിക പ്രകടനത്തിന്റെ കരുത്തിൽ ജാർഖണ്ഡ് രാജസ്ഥാനെ 28.3 ഓവറിൽ വെറും 73 റൺസിന് പുറത്താക്കി. 10 ഓവർ ബോൾ ചെയ്ത നദീം, നാല് മെയ്ഡൻ ഓവറുകളുൾപ്പെടെ വെറും 10 റൺസ് മാത്രം വഴങ്ങിയാണ് എട്ടു വിക്കറ്റെടുത്തത്. മൽസരം ജാർഖണ്ഡ് ഏഴു വിക്കറ്റിനു ജയിച്ചു.