Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പകരം വീട്ടാൻ പാക്കിസ്ഥാൻ, വർധിതവീര്യത്തോടെ ഇന്ത്യ; വീണ്ടും സൂപ്പർ പോരാട്ടം

team-india കഴിഞ്ഞദിവസം ബംഗ്ലദേശിനെതിരായ സൂപ്പർ ഫോറിലെ ആദ്യ മൽസരത്തിലെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ.

ദുബായ് ∙ കളിക്കാർക്കും കാണികൾക്കും നെഞ്ചിടിപ്പുയരുന്ന മറ്റൊരു സൂപ്പർ പോരാട്ടത്തിന് അരങ്ങൊരുങ്ങി. ഏഷ്യാ കപ്പ് സൂപ്പർ ഫോർ റൗണ്ടിൽ ഇന്ത്യ ഇന്നു പാക്കിസ്ഥാനെ നേരിടുന്നു. ഇരുകൂട്ടരും ജയത്തിൽ കുറഞ്ഞൊന്നും കൊതിക്കാത്ത മത്സരം. മൂന്നു ദിവസം മുൻപ് പ്രാഥമിക റൗണ്ടിലെ എട്ടു വിക്കറ്റ് പരാജയത്തിനു കണക്കു തീർക്കാനൊരുങ്ങി പാക്കിസ്ഥാൻ. എതിരാളി പാക്കിസ്ഥാനാകുമ്പോൾ വർധിതവീര്യത്തോടെ കളിക്കുന്ന ഇന്ത്യ ഫൈനൽ ഉറപ്പാക്കാൻ ഒരുമ്പെട്ടിറങ്ങുന്നു. കളിമികവിനേക്കാൾ വൈകാരിക മാനങ്ങളുള്ള മത്സരത്തിൽ ഇരുകൂട്ടരും ഇഞ്ചോടിഞ്ച് പൊരുതുമ്പോൾ ആദ്യ മത്സരത്തിൽ കാണാതിരുന്ന ആവേശപ്പോരാട്ടം ഇന്നുണ്ടാകുമെന്ന പ്രതീക്ഷയിൽ കാണികളും.

കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച് തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ആദ്യ മത്സരത്തിൽ ഹോങ്കോങ്ങിനെതിര അൽപമൊന്നു പതറിയെങ്കിലും അടുത്ത രണ്ടു മത്സരങ്ങളിലും ഇന്ത്യ ചാംപ്യൻ ടീമിന്റെ പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റൻ രോഹിത് ശർമ തകർപ്പൻ ഫോമിൽ. സഹ ഓപ്പണർ ശിഖർ ധവാനും അനായാസം റൺസ് നേടുന്നു. അംബാട്ടി റായിഡു, ദിനേശ് കാർത്തിക്, എം.എസ്. ധോണി – ബാറ്റുചെയ്യാൻ അവസരം ലഭിച്ചവരെല്ലാം തിളങ്ങി. ഇന്ത്യയ്ക്കു വെല്ലുവിളി ഉയർത്താനാവുന്ന സ്കോർ ഇതുവരെ എതിരാളികൾക്കു നേടാനായിട്ടില്ല. വിരാട് കോഹ്‍ലിയുടെ അഭാവത്തിൽ ഇന്ത്യയുടെ ബാറ്റിങ് നിര എതിരാളികളെ അമ്പരപ്പിക്കുന്നു.

ബോളിങ്ങിൽ ഭുവനേശ്വറും ബുമ്രയും മികച്ച തുടക്കം നൽകുന്നു. പാക്കിസ്ഥാനെതിരെ സ്പിൻ മികവിൽ കേദാർ ജാദവും ബംഗ്ലദേശിനെതിരെ രവീന്ദ്ര ജഡേജയും വിക്കറ്റുകൾ വാരി. കുൽദീപ് യാദവും യുസ്‍വേന്ദ്ര ചാഹലും എതിരാളികൾക്കു പഴുതു നൽകുന്നില്ല. ടീമിലേക്കു തിരിച്ചെത്തിയ ജഡേജ ബാറ്റിങ് കരുത്തു കാണിക്കാൻ അവസരം പാർക്കുന്നു.

സൂപ്പർ ഫോറിൽ അഫ്ഗാനിസ്ഥാനെതിരെ കഷ്ടിച്ചു രക്ഷപ്പെട്ട പാക്കിസ്ഥാൻ ഇന്ത്യയെ വീഴ്ത്തി എല്ലാം മറക്കാൻ കൊതിച്ചിറങ്ങുകയാണ്. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ തകർത്ത സെഞ്ചുറി ഓർമയിൽ ഓപ്പണർ ഫഖർ സമാൻ ഫോം വീണ്ടെടുക്കാൻ ശ്രമിക്കുന്നു. ഏഷ്യാ കപ്പിലെ കഴി‍ഞ്ഞ കളികളിലെല്ലാം പാക്ക് ബാറ്റിങ് നിര സ്വതസിദ്ധമായ ഫോമിലേക്കുയർന്നില്ല.

പരിചയസമ്പന്നനായ ശുഐബ് മാലിക്കിന്റെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്കെതിരെ വൻതകർച്ചയിൽ നിന്നു കരകയറ്റിയതും അഫ്ഗാനെതിരെ ജയം സാധ്യമാക്കിയതും. ബാബർ അസം, ഇമാം ഉൽ ഹഖ് എന്നിവർ അഫ്ഗാനെതിരായ മത്സരത്തിൽ ഫോം വീണ്ടെടുക്കുന്നതിന്റെ സൂചന നൽകി. ഫാസ്റ്റ് ബോളിങ് കരുത്തിൽ എതിരാളികളെ വിറപ്പിച്ചിരുന്ന പാക്കിസ്ഥാന്റെ ബോളിങ്നിര മികച്ച ഫോമിലല്ല. വിക്കറ്റ് നേടാൻ മുഹമ്മദ് ആമിർ വിഷമിക്കുന്നു. ഹസൻ അലിയും ഉസ്മാൻ ഖാനും വമ്പു പറഞ്ഞത് കളത്തിൽ കാട്ടാനായിട്ടില്ല. ഷഡബ് ഖാന്റെ സ്പിൻ ഏഷ്യയിലെ എതിരാളികൾക്ക് പ്രശ്നമാകുന്നില്ല. 

related stories