Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിർഭാഗ്യം വീണ്ടും വിനയായി; ‘കപ്പിനും ചുണ്ടിനുമിടയിൽ’ രണ്ടാം മൽസരവും അഫ്ഗാൻ തോറ്റു

Mahmudullah അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലദേശ് താരം മഹ്മദുല്ലയുടെ ബാറ്റിങ്.

അബുദാബി ∙ ആവേശം അവസാന പന്തു വരെ നീണ്ട പോരാട്ടത്തിൽ വിജയലക്ഷ്യത്തിനു മൂന്നു റൺസ് അകലെ അഫ്ഗാനിസ്ഥാൻ പൊരുതിവീണു. ബംഗ്ല പേസർ മുസ്തഫിസുർ റഹ്മാൻ എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ എട്ടു റൺസ് വേണ്ടിയിരുന്ന അഫ്ഗാനു നേടാനായത് അഞ്ചു റൺസ് മാത്രം. സ്കോർ ബംഗ്ലദേശ് 50 ഓവറിൽ 7 വിക്കറ്റിന് 249; അഫ്ഗാനിസ്ഥാൻ 50 ഓവറിൽ 7 വിക്കറ്റിന് 246. നിർണായക മൽസരത്തിലെ ജയത്തോടെ ബംഗ്ലദേശ് ഫൈനൽ പ്രതീക്ഷകൾ സജീവമാക്കിയപ്പോൾ തോൽവി പിണഞ്ഞ അഫ്ഗാൻ ടൂർണമെന്റിനു പുറത്തായി.

ഹസ്മത്തുല്ല ഷാഹിദി (71), മുഹമ്മദ് ഷഹ്സാദ് (51), അസ്ഗർ അഫ്ഗാൻ (39), മുഹമ്മദ് നബി (28 പന്തിൽ 38) എന്നിവരുടെ പോരാട്ടം പാഴായി.അർധസെഞ്ചുറികളുമായി ബംഗ്ല ഇന്നിങ്സിന്റെ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ മഹ്മദുല്ലയുടെയും(74) ഇമ്രുൽ കേയീസിന്റെയും (72 നോട്ടൗട്ട്) ബാറ്റിങ് മികവാണു ബംഗ്ലദേശിനെ മാന്യമായ സ്കോറിലെത്തിച്ചത്. അഞ്ചിന് 87 എന്ന അവസ്ഥയിൽ ഉഴറുമ്പോൾ കൈകോർത്ത ഇരുവരും ചേർന്നു നേടിയത് 128 റൺസ് കൂട്ടുകെട്ട്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തിട്ടും അഫ്ഗാനിസ്ഥാൻ ബോളർമാർക്കു മുന്നിൽ ബംഗ്ലദേശ് താരങ്ങൾക്കു തുടക്കത്തിൽ കാലിടറി. ലിറ്റൺ ദാസും (41) മുഷ്ഫിഖുർ റഹ്മാനും (33) പുറത്തായതിനു ശേഷമായിരുന്നു കേയീസും മഹ്മദുല്ലയും ചേർന്നു ബംഗ്ല ഇന്നിങ്സിനെ കൈപിടിച്ചുയർത്തിയത്.

related stories