Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഷ്യാകപ്പിനിടെ ഇന്ത്യൻ ദേശീയ ഗാനം ആലപിച്ച പാക്ക് ആരാധകൻ ഇതാ – വിഡിയോ

pakistan-fan-singing-indian-national-anthem

ദുബായ്∙ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ മറ്റൊരു ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടത്തിന് അരങ്ങൊരുങ്ങുമ്പോൾ, ആദ്യ മൽസരത്തിനിടെ ഇന്ത്യൻ ദേശീയ ഗാനം ആലപിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ആരാധകന്റെ വിഡിയോ കൊളുത്തിവിട്ട ആവേശം ഇനിയും കെട്ടടങ്ങിയിട്ടില്ല. ദുബായിൽ നടന്ന മൽസരത്തിനു മുന്നോടിയായി ഇന്ത്യൻ ദേശീയ ഗാനം മുഴങ്ങിയ സമയത്താണ് ഇന്ത്യൻ ആരാധകർക്കൊപ്പം ഈ പാക്കിസ്ഥാൻ ആരാധകരും ദേശീയ ഗാനം ആലപിച്ചത്. സമൂഹ മാധ്യമങ്ങളിൽ ഈ വിഡിയോ വൈറലായിരുന്നു.

പാക്കിസ്ഥാൻ പതാകയും പുതച്ച് ഇന്ത്യൻ ദേശീയ ഗാനം ആലപിച്ച ആ പാക്ക് ആരാധകനെ ദേശീയ മാധ്യമങ്ങൾ കണ്ടെത്തിയെന്നതാണ് പുതിയ വിശേഷം. ഇരുപത്തൊൻപതുകാരനായ ആദിൽ താജ് എന്ന പാക്കിസ്ഥാൻകാരനാണ് ഇന്ത്യൻ ദേശീയ ഗാനം ആലപിച്ച് ശ്രദ്ധ കവർന്ന ആ വ്യക്തി.

പാക്കിസ്ഥാനിലെ അബോട്ടാബാദ് സ്വദേശിയായ ആദിൽ താജ്, അഞ്ചു വർഷങ്ങൾക്കു മുൻപാണ് ജോലിക്കായി യുഎഇയിലെത്തിയത്. സഹോദരന്റെ വ്യവസായ സംരംഭത്തിൽ സഹായിക്കാനായിരുന്നു വരവ്. ഇതിനിടെയാണ് ഇന്ത്യ–പാക്ക് മൽസരം കാണാനെത്തിയതും ഇന്ത്യൻ ദേശീയ ഗാനം ആലപിച്ച് ‘വൈറലായതും’.

മൈതാനത്ത് പാക്കിസ്ഥാൻ ദേശീയ ഗാനം ആലപിച്ചപ്പോൾ ഇന്ത്യൻ ആരാധകർ പ്രകടിപ്പിച്ച ആദരവും ബഹുമാനവും കണ്ട് മനസ്സു നിറഞ്ഞാണ് താൻ ഇന്ത്യൻ ദേശീയ ഗാനം ആലപിച്ചതെന്ന് ആദിൽ താജ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ആദിൽ പറഞ്ഞു. ഇന്ത്യ സമാധാനത്തിലേക്ക് ഒരു ചുവടുവച്ചാൽ പാക്കിസ്ഥാൻ രണ്ടു ചുവടു വയ്ക്കുമെന്ന് ഇമ്രാൻ പറഞ്ഞ കാര്യം ആദിൽ ചൂണ്ടിക്കാട്ടി. ഇമ്രാന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ മുൻ ക്രിക്കറ്റ് താരം കൂടിയായ പഞ്ചാബ് മന്ത്രി നവ്ജ്യോത് സിങ് സിദ്ധുവിന്റെ മാതൃകയാണ് ഇക്കാര്യത്തിൽ ആദ്യ ചുവടെന്നും ആദിൽ അഭിപ്രായപ്പെട്ടു. 

related stories