Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയ്ക്ക് ഇന്ന് അഫ്ഗാൻ എതിരാളി; മധ്യനിരയെ സജ്ജമാക്കാനുറച്ച് രോഹിത്

Team India

ദുബായ് ∙ ഏഷ്യാ കപ്പിൽ എല്ലാ കളിയും ജയിച്ചു ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥനെ നേരിടുന്നു. ബോളർമാരുടെയും ശിഖർ ധവാൻ – രോഹിത് ശർമ ഓപ്പണിങ് കൂട്ടുകെട്ടിന്റെയും തകർപ്പൻ ഫോമിൽ എതിരാളികളെ നിലംപരിശാക്കിയാണ് ഇന്ത്യയുടെ മുന്നേറ്റം. വെള്ളിയാഴ്ചത്തെ ഫൈനലിനു മുന്നോടിയായി മധ്യനിരയെ സജ്ജമാക്കാൻ ലക്ഷ്യമിട്ടാവും ഇന്ത്യ ഇന്നിറങ്ങുക. ഇന്നു നടക്കുന്ന പാക്കിസ്ഥാൻ–ബംഗ്ലദേശ് മൽസരത്തിലെ വിജയികളാണു ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.

പാക്കിസ്ഥാനെ തുടർച്ചയായി രണ്ടാംവട്ടവും തകർത്തതിന്റെ ആവേശവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പാക്കിസ്ഥാനെതിരെ രണ്ടാമതു ബാറ്റു ചെയ്യുമ്പോൾ ഏറ്റവും മികച്ച മാർജിനിൽ ഒൻപതു വിക്കറ്റ് ജയത്തോടെയാണ് ഇന്ത്യ ഫൈനൽ ഉറപ്പാക്കിയത്. നിശ്ചിത 50 ഓവറിൽ പാക്കിസ്ഥാനെ 237ൽ ഒതുക്കിയ ഇന്ത്യ രോഹിത് – ധവാൻ കൂട്ടുകെട്ടിന്റെ 201 റൺസിന്റെ റെക്കോർഡ് ഓപ്പണിങ് കൂട്ടുകെട്ട് കരുത്തിലാണ് അനായാസ ജയം സ്വന്തമാക്കിയത്.

സൂപ്പർ ഫോറിലെ രണ്ടു കളികളും തോറ്റു പുറത്തേക്കുള്ള വഴിതെളിഞ്ഞ അഫ്ഗാൻ ഇന്ത്യയ്ക്കെതിരെ ജയത്തോടെ തല ഉയർത്തി കളംവിടാനാവും ശ്രമിക്കുക. തോറ്റ രണ്ടു കളികളിലും അവർ മികച്ച പോരാട്ടം നടത്തിയിരുന്നു. പാക്കിസ്ഥാനെതിരായ കളിയിൽ അവസാന ഓവറിൽ ശുഐബ് മാലിക്കിന്റെ നെഞ്ചുറപ്പാണ് അഫ്ഗാന്റെ ജയം തടഞ്ഞത്. ബംഗ്ലദേശിനെതിരായ മത്സരത്തിൽ അവസാന ഓവറിൽ മുസ്തഫിസുർ റഹ്മാന്റെ ഉജ്വല ബോളിങ് അവർക്കു ജയം തടഞ്ഞു. ആദ്യ റൗണ്ടിൽ അവർ ശ്രീലങ്കയെയും ബംഗ്ലദേശിനെയും തോൽപിച്ചിരുന്നു. റാഷിദ് ഖാന്റെ ബോളിങ് മികവിൽ എതിരാളികളെ വിറപ്പിച്ചിരുന്ന അഫ്ഗാന് ഇപ്പോൾ ഒരു പിടി മികച്ച കളിക്കാരുണ്ട്. ബാറ്റിങ് നിരയും അനുഭവക്കരുത്താർജിച്ചു കഴിഞ്ഞു.

ഹോങ്കോങ്ങിനെതിരായ ആദ്യ മത്സരത്തിലൊഴികെ എല്ലാ കളികളിലും ഇന്ത്യയുടെ ബോളർമാർ എതിരാളികളെ വരിഞ്ഞുമുറുക്കിയിരുന്നു. ഭുവനേശ്വർ, ബുമ്ര, ജഡേജ, കുൽദീപ് യാദവ്, കേദാർ ജാദവ്, ചാഹൽ എല്ലാവരും മികച്ച ഫോമിലാണ്. ബാറ്റിങ്ങിൽ ക്യാപ്റ്റൻ രോഹിത് ശർമയും ഓപ്പണിങ് കൂട്ടാളി ശിഖർ ധവാനും എല്ലാ മത്സരത്തിലും മിന്നുന്ന പ്രകടനം കാഴ്ചവച്ചു. ഇരുവരും ചേർന്ന് ഓപ്പണിങ്ങിൽ 13 സെഞ്ചുറി കൂട്ടുക്കെട്ടുണ്ടാക്കി റെക്കോർഡിലേക്കു കുതിക്കുന്നു. മറ്റു ബാറ്റ്സ്മാൻമാർക്ക് ഇതുവരെ കാര്യമായൊന്നും ചെയ്യേണ്ടിവന്നില്ല. കെ.എം.രാഹുലിനും മനീഷ് പാണ്ഡെയ്ക്കും അവസരം നൽകാനും സാധ്യതയുണ്ട്. 

related stories