Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒൻപത് പാക്ക് താരങ്ങൾക്ക് ‘രണ്ടേകാൽ ഇന്ത്യക്കാർ’; ആവേശമേറ്റും, ദുബായിലെ ഈ ജയം

rohit-dhawan-century പാക്കിസ്ഥാനെതിരെ സെഞ്ചുറി നേടിയ രോഹിത് ശർമയും ശിഖർ ധവാനും.

ദുബായ്∙ 50 ഓവറും ബാറ്റു ചെയ്ത പാക്കിസ്ഥാന്റെ ഒൻപതു ബാറ്റ്സ്മാൻ ചേർന്ന് േനടിയ റൺസ് 237. അതായത് 300 പന്തിൽ 237 റൺസ്. പാക്ക് താരങ്ങൾ എല്ലാവരും ചേർന്നു നേടിയത് അഞ്ചു സിക്സും 11 ബൗണ്ടറിയും. മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമയും ശിഖർ ധവാനും ചേർന്ന് 33.3 ഓവറിൽ നേടിയത് 210 റൺസ്. അതായത് 201 പന്തിൽ 210 റൺസ്. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടിനിടെ പിറന്നത് 23 ബൗണ്ടറിയും അഞ്ചു സിക്സും. ഇവർക്കൊപ്പം അമ്പാട്ടി റായുഡുവിന്റെ ചെറു സംഭാവന കൂടിയായതോടെ ഇന്ത്യയ്ക്ക് വിജയ മധുരം! ചെറുതെന്നു തോന്നുമെങ്കിലും ഇന്ത്യ–പാക്കിസ്ഥാൻ സൂപ്പർ ഫോർ പോരാട്ടത്തിന്റെ രത്നച്ചുരുക്കമുണ്ട്, ഈ കണക്കുകളിൽ.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുത്തപ്പോൾ, 10 ഓവറും മൂന്നു പന്തും ബാക്കിനിൽക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യം കണ്ടത്. രോഹിത് 111 റൺസോടെയും അമ്പാട്ടി റായുഡു 12 റൺസോടെയും പുറത്താകാതെ നിന്നു. ധവാൻ 114 റൺസെടുത്ത് റണ്ണൗട്ടായി. കളിയിലെ കേമനും ധവാൻ തന്നെ. ഏഷ്യാകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. ബാറ്റ്സ്മാൻമാർക്കൊപ്പം ബോളർമാരും തുല്യ സംഭാവനകളുമായി കളം നിറയുന്ന കാഴ്ച, ലോകകപ്പിനൊരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് ശുഭകരമായ വാർത്തയാണ്.

ഓപ്പണിങ് വിക്കറ്റിൽ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടു തീർത്ത രോഹിത്–ധവാൻ സഖ്യത്തിന്റെ പ്രകടനം തന്നെ മൽസരത്തിലെ ഹൈലൈറ്റ്. പാക് ഫീൽഡർമാർ കൈവിട്ടു സഹായിച്ച ക്യാച്ചുകൾ ഇന്ത്യൻ ഓപ്പണർമാരുടെ ഇന്നിങ്സിനെ സഹായിച്ചിട്ടുണ്ട് എന്നതു സത്യമാണ്. എങ്കിലും, കഴിഞ്ഞ ഒരു വർഷത്തിനിടെ ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡിങ് ടീം പാക്കിസ്ഥാനാണെന്ന് സാക്ഷാൽ ഡീൻ ജോൺസ് അഭിപ്രായപ്പെട്ടിട്ട് അധികമായില്ലെന്ന് ഓർക്കണം.

∙ റെക്കോർഡുകൾ അടിച്ചെടുത്ത കൂട്ടുകെട്ട്

ഏകദിന കരിയറിലെ 15–ാം സെഞ്ചുറിയാണ് പാക്കിസ്ഥാനെതിരെ ധവാൻ കുറിച്ചത്. രോഹിത് ആകട്ടെ 19–ാം സെഞ്ചുറിയും. തുടർച്ചയായ മൂന്നാം മൽസരത്തിലും 50 റൺ‌സ് പിന്നിട്ട രോഹിത്–ധവാൻ സഖ്യം, ഇക്കുറി കൂട്ടിച്ചേർത്ത 210 റൺസ് ഒരു റെക്കോർഡു കൂടിയാണ്. ഇന്ത്യ– പാക്ക് മൽസരങ്ങളിലെ ഏറ്റവും മികച്ച ആദ്യ വിക്കറ്റ് കൂട്ടുകെട്ടാണിത്. 1998ൽ സച്ചിൻ തെൻഡുൽക്കർ– സൗരവ് ഗാംഗുലി സഖ്യം സ്ഥാപിച്ച 159 റൺസിന്റെ റെക്കോർഡാണ് സഖ്യം ഇന്നലെ മറികടന്നത്.

rohit-dhawan-vs-pakistan

ഇതിനിടെ ഏകദിനത്തിൽ 7,000 റൺസ് എന്ന നാഴികക്കല്ലും രോഹിത് പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന ഒൻപതാമത്തെ മാത്രം ഇന്ത്യക്കാരനാണ് രോഹിത്. പിന്നാലെ 19–ാം ഏകദിന സെഞ്ചുറി പൂർത്തിയാക്കിയ രോഹിത്, ഇക്കാര്യത്തിൽ ബ്രയാൻ ലാറ, മഹേള ജയവർധനെ, റോസ് ടെയ്‍ലർ എന്നീ ഇതിഹാസ താരങ്ങൾക്ക് ഒപ്പമെത്തി. രാജ്യാന്തര ക്രിക്കറ്റിൽ 300 സിക്സുകൾ എന്ന നേട്ടവും ഇതിനിടെ രോഹിത് സ്വന്തമാക്കി.

∙ കരുതലോടെ തുടക്കം, പിന്നെ വെടിക്കെട്ട്

പാക്കിസ്ഥാൻ ഉയർത്തിയ 238 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി കരുതലോടെയാണ് രോഹിതും ധവാനും തുടങ്ങിയത്. പതിവുപോലെ ധവാനായിരുന്നു കൂടുതൽ ആക്രമണകാരി. പതുക്കെ നിലയുറപ്പിച്ച രോഹിതും അധികം വൈകാതെ ആക്രമണത്തിലേക്കു ചുവടുമാറ്റി. 10–ാം ഓവറിൽ ഇന്ത്യ 50 റൺസ് പിന്നിട്ടു. തുടർച്ചയായ മൂന്നാം മൽസരത്തിലാണ് രോഹിത്–ധവാൻ സഖ്യം ഓപ്പണിങ് വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർക്കുന്നത്. ക്രീസിൽ തുടരുന്തോറും കൂടുതൽ അപകടകാരികളായി മാറിയ ഇരുവരെയും പാക്കിസ്ഥാൻ ഫീൽഡർമാർ ഇടയ്ക്ക് കൈവിടുകയും ചെയ്തു. അവസരം മുതലെടുത്ത ധവാൻ–രോഹിത് സഖ്യം കാര്യമായ പഴുതകൾ നൽകാതെ സ്കോർ 100 കടത്തി. 19.1 ഓവറിലാണ് ഇന്ത്യ 100 പിന്നിട്ടത്.

26–ാം ഓവറിന്റെ അവസാന പന്തിൽ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 150 കടന്നു. ഇതിനു പിന്നാലെ ആദ്യം ധവാൻ തന്നെ സെഞ്ചുറിയിലെത്തി. 95 പന്തിൽ 15 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് ശിഖർ ധവാൻ 15–ാം ഏകദിന സെഞ്ചുറി പൂർത്തിയാക്കിയത്. പുതുമുഖ താരം ഷഹീൻ അഫ്രീദിയുടെ പന്ത് ബൗണ്ടറി കടത്തി സെഞ്ചുറി കടന്ന ധവാൻ, അതേ ഓവറിൽ ഓരോ തവണ കൂടി സിക്സും ബൗണ്ടറിയും നേടി. ഇതിനിടെ ധവാൻ–രോഹിത് സഖ്യം 200 റൺസും പിന്നിട്ടു. 32.4 ഓവറിലാണ് (196 പന്തുകൾ) ഇരുവരും ചേർന്ന സഖ്യം 200 പിന്നിട്ടത്.

rohit-dhawan-century

ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടുത്താതെ തന്നെ വിജയത്തിലെത്തുമെന്ന് കരുതിയിരിക്കെ ധവാൻ നിർഭാഗ്യകരമായ രീതിയിൽ റണ്ണൗട്ടായി. സ്കോർ 210ൽ നിൽക്കെ ഇല്ലാത്ത റണ്ണിനോടിയിറങ്ങിയ ധവാനെ രോഹിത് ശർമ മടക്കി അയച്ചെങ്കിലും തിരിച്ചെത്തും മുൻപേ ശുഐബ് മാലിക്ക് സ്റ്റംപിളക്കി. 100 പന്തിൽ 16 ബൗണ്ടറിയും രണ്ടു സിക്സും സഹിതം 114 റൺസുമായി ധവാൻ കൂടാരം കയറി.

തുടർന്നെത്തിയ അമ്പാട്ടി റായുഡുവിനെ കൂട്ടുപിടിച്ച് രോഹിതും സെഞ്ചുറി പൂർത്തിയാക്കി. 106 പന്തിൽ ഏഴു ബൗണ്ടറിയും മൂന്നു സിക്സും സഹിതമാണ് ഇന്ത്യൻ ക്യാപ്റ്റൻ സെഞ്ചുറി കടന്നത്. ഒടുവിൽ 10 ഓവറും മൂന്നു പന്തുകളും ശേഷിക്കെ ഇന്ത്യ വിജയത്തിലെത്തി. രോഹിത് 119 പന്തിൽ ഏഴു ബൗണ്ടറിയും നാലു സിക്സും സഹിതം 111 റൺസുമായി പുറത്താകാതെ നിന്നു. റായുഡു 18 പന്തിൽ 12 റൺസുമായി കൂട്ടുനിന്നു.

∙ വീര്യം കാട്ടി മാലിക്ക്, സർഫ്രാസ്

തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ചുറി നേടിയ ശുഐബ് മാലിക്കിന്റെ കരുത്തിലാണ് പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുത്തത്. 58 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കി തകർച്ചയെ നേരിട്ട പാക്കിസ്ഥാനെ, ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദിനൊപ്പം നാലാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് (107) തീർത്താണ് മാലിക്ക് കരകയറ്റിയത്. ഇതിനിടെ ഏകദിനത്തിലെ 43–ാം അർധസെഞ്ചുറി പിന്നിട്ട മാലിക്, 90 പന്തിൽ നാലു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 78 റൺസെടുത്തു. 66 പന്തിൽ രണ്ടു ബൗണ്ടറികളോടെ 44 റൺസെടുത്താണ് സർഫ്രാസ് മടങ്ങിയത്.

malik-fifty

ഇവരുടെ കരുത്തിൽ മികച്ച സ്കോറിലേക്ക് കുതിച്ച പാക്കിസ്ഥാനെ, അവസാന ഓവറുകളിലെ തകർപ്പൻ ബോളിങ് പ്രകടനത്തിലൂടെ ഇന്ത്യ 237 റൺസിൽ ഒതുക്കുകയായിരുന്നു. സർഫ്രാസ് അഹമ്മദിനെ പുറത്താക്കി കുൽദീപ് യാദവ് കൂട്ടുകെട്ട് പൊളിച്ചപ്പോൾ, മാലിക്കിനെ ധോണിയുടെ കൈകളിലെത്തിച്ച് ജസ്പ്രീത് ബുമ്ര അപകടമൊഴിവാക്കി. ഭുവനേശ്വർ കുമാറിന്റെ ഒരു ഓവറിൽ രണ്ടു സിക്സും രണ്ടു ബൗണ്ടറിയും നേടി ഭീഷണി സൃഷ്ടിച്ച ആസിഫ് അലിയെ യുസ്‌വേന്ദ്ര ചാഹൽ പുറത്താക്കി.

അവസാന ഓവറുകളിൽ പാക്കിസ്ഥാനെ നിയന്ത്രിച്ചു നിർത്തിയ ഇന്ത്യൻ ബോളർമാർ വിജയലക്ഷ്യം 238 റൺസിൽ ഒതുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര, കുൽദീപ് യാദവ്, യുസേ‍വേന്ദ്ര ചാഹൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

∙ കയ്യടിക്കണം, ബോളർമാർക്കും

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര മുതൽ ഇന്ത്യൻ ക്രിക്കറ്റിൽ കണ്ടുവരുന്ന പ്രകടമായൊരു വ്യത്യാസമുണ്ട്. ബാറ്റ്സ്മാൻമാർക്കൊപ്പമോ അതിലേറെയോ ഇന്ത്യൻ ബോളർമാർ കയ്യടി വാങ്ങുന്നു. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ അപൂർവമായി മാത്രം കണ്ടുവരുന്നൊരു പ്രതിഭാസം. പാക്കിസ്ഥാനെതിരായ രണ്ടാം മൽസരത്തിലും ഇതിനു വ്യത്യാസമുണ്ടായില്ല. 10 ഓവറിൽ 29 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്ര തന്നെ ബോളർമാരിൽ മുൻപൻ. കൈക്കുഴ സ്പിന്‍ ദ്വയമായ യുസ്‍വേന്ദ്ര ചാഹൽ–കുൽദീപ് യാദവ് സഖ്യവും നിർണായക വിക്കറ്റുകൾ പോക്കറ്റിലാക്കി മൂല്യം വെളിപ്പെടുത്തി. വിക്കറ്റ് ലഭിച്ചില്ലെങ്കിലും പാക് ബാറ്റ്സ്മാൻമാരെ സമ്മർദ്ദത്തിലാക്കി ഭുവനേശ്വർ കുമാറും രവീന്ദ്ര ജഡേജയും ഉൾപ്പെടെയുള്ളവർ ശ്രദ്ധ നേടി.

bumrah-wicket-celebration

ഏഷ്യാകപ്പിലെ തുടർച്ചയായ നാലാം മൽസരത്തിലാണ് ഇന്ത്യൻ ബോളർമാർ എതിരാളികളെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കുന്നത്. ആദ്യ മൽസരത്തിൽ കന്നിക്കാരായ ഹോങ്കോങ്ങിനെതിരെ മാത്രമാണ് ഇന്ത്യൻ ബോളർമാർ അൽപമൊന്നു വിയർത്തത്. ഏകദിനത്തിലെ ഒന്നാം നമ്പർ ബോളറായ ജസ്പ്രീത് ബുമ്ര പുറത്തിരുന്ന ഈ മൽസരം, താരത്തിന്റെ പ്രാധാന്യം വെളിവാക്കുകയും ചെയ്തു. അതേസമയം, ബുമ്രയ്ക്ക് പകരം ഈ മൽസരത്തിലൂടെ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ഖലീൽ അഹമ്മദ് പുറത്തെടുത്ത പ്രകടനം, ഇന്ത്യയുടെ ആവനാഴിയിൽ ആയുധങ്ങൾ ഒഴിയുന്നില്ലെന്നതിന്റെ സൂചന കൂടിയായി.

ഒരു വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷം ടീമിലേക്ക് തിരിച്ചെത്തിയ രവീന്ദ്ര ജഡേജ ബംഗ്ലദേശിനെതിരെ പുറത്തെടുത്ത പ്രകടനം താരത്തിന് മാൻ ഓഫ് ദ് മാച്ച് പുരസ്കാരവും നേടിക്കൊടുത്തു. പാക്കിസ്ഥാനെതിരായ ആദ്യ മൽസരത്തിൽ മൂന്നു വിക്കറ്റെടുത്ത് പാർട് ടൈം സ്പിന്നറായി കേദാർ ജാദവും വിജയശിൽപിയായി. ബോളർമാരുടെ കരുത്തിലും ഇന്ത്യ മൽസരങ്ങൾ വിജയിക്കുന്നു. അതും വല്ലപ്പോഴുമല്ല, സ്ഥിരമായിത്തന്നെ!

related stories