Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ താരങ്ങൾ സാങ്കേതികമായി മികച്ചവർ, ഞങ്ങൾ അത്ര പോരാ: സർഫ്രാസ്

sarfaraz-pak-captain പാക്കിസ്ഥാൻ നായകൻ സർഫ്രാസ് അഹമ്മദ്.

ദുബായ്∙ ഏഷ്യാകപ്പ് ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാം മൽസരത്തിലും ഇന്ത്യയോടു തോറ്റതിനു പിന്നാലെ ഇന്ത്യൻ താരങ്ങളെ പുകഴ്ത്തി പാക്കിസ്ഥാൻ നായകൻ സർഫ്രാസ് അഹമ്മദ് രംഗത്ത്. രോഹിത് ശർമയും ശിഖർ ധവാനും ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾ സാങ്കേതികമായി വളരെ മികച്ചവരാണെന്ന് സർഫ്രാസ് ചൂണ്ടിക്കാട്ടി. പാക്കിസ്ഥാൻ താരങ്ങൾക്ക് അത്ര മികവു പോരെന്നും മൽസരശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കവെ സർഫ്രാസ് തുറന്നു സമ്മതിച്ചു.

വളരെ കഠിനമായ മൽസരമായിരുന്നു ഇത്. ഞങ്ങൾ നന്നായി ബാറ്റു ചെയ്തെങ്കിലും പ്രതീക്ഷിച്ചതിലും 20–30 റൺസ് കുറച്ചേ നേടാനായുള്ളൂ. ഇന്ത്യയ്ക്കെതിരായ മൽസരത്തിൽ സംഭവിച്ചതുപോലെ ക്യാച്ചുകൾ കൈവിട്ടാൽ ഒരു മൽസരവും ഞങ്ങൾക്കു ജയിക്കാനാകില്ല. ഫീൽഡിങ്ങിന്റെ കാര്യത്തിൽ കഠിനാധ്വാനം ചെയ്തേ തീരൂ – സർഫ്രാസ് പറഞ്ഞു.

എവിടെയാണ് പിഴവു സംഭവിക്കുന്നതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പിച്ച് ബാറ്റിങ്ങിന് അത്ര അനുകൂലമൊന്നുമായിരുന്നില്ല. പുതിയ ബാറ്റ്സ്മാന് നിലയുറപ്പിക്കാൻ വളരെ ബുദ്ധിമുട്ടുള്ള സാഹചര്യമായിരുന്നു. ക്യാച്ചുകൾ കൈവിട്ടതോടെ ആ സാധ്യത മുതലെടുക്കാൻ ഞങ്ങൾക്ക് സാധിക്കാതെ പോയി – സർഫ്രാസ് ചൂണ്ടിക്കാട്ടി.‌‌

ഇന്ത്യൻ നിരയിൽ മികച്ച ഫോമിൽ കളിക്കുന്ന ഒരുപിടി ബാറ്റ്സ്മാൻമാരുണ്ട്. ആദ്യം തന്നെ വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനായിരുന്നു ശ്രമം. ഇതേക്കുറിച്ച് ബോളർമാരുമായി സംസാരിക്കുകയും ചെയ്തു. രോഹിത് ശർമയേയും ശിഖർ ധവാനേയും പോലുള്ള ബാറ്റ്സ്മാൻമാർ നിലയുറപ്പിച്ചു കഴിഞ്ഞാൽ എതിർ ടീമിന് തിരിച്ചുവരവ് ബുദ്ധിമുട്ടാകും. ഇന്ത്യൻ താരങ്ങൾ സാങ്കേതികമായി വളരെ ഉയർന്നവരാണ്. ഞങ്ങൾക്ക് സാങ്കേതികത്തികവിന്റെ കാര്യത്തിൽ പോരായ്മകളുണ്ട്. ഫൈനലാകുമ്പോഴേക്കും ടീം മെച്ചപ്പെടുമെന്ന് ഉറച്ച വിശ്വാസമുണ്ട്. അടുത്ത കളിയിൽ ഞങ്ങൾക്ക് ജയിച്ചേ തീരൂ. ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കും – സർഫ്രാസ് വ്യക്തമാക്കി.

related stories