Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ സ്ഥലമില്ല; വിൻഡീസ് ടീമിനെ ദുബായിലേക്ക് ‘ഓടിച്ച്’ ബിസിസിഐ

west-indies-practice-dubai ദുബായിൽ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന വെസ്റ്റ് ഇൻഡീസ് ടീമംഗങ്ങൾ.

ദുബായ്∙ ഇന്ത്യൻ പര്യടനത്തിന് തയാറെടുക്കുന്ന വെസ്റ്റ് ഇൻഡീസിന് ടീമിന്, ഇന്ത്യയിൽ പരിശീലനത്തിന് സ്ഥലമില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). തിരക്കിട്ട ആഭ്യന്തര സീസൺ ചൂണ്ടിക്കാട്ടിയാണ് വിൻഡീസ് ടീമിന് പരിശീലനത്തിന് സ്ഥലം കണ്ടെത്താനാകില്ലെന്ന് ബിസിസിഐ അറിയിച്ചത്. ഇതിനെ തുടർന്ന് വെസ്റ്റ് ഇൻഡീസ് ടീമിന്റെ പരിശീലനം യുഎഇയിലേക്കു മാറ്റി.

രണ്ടു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്നു ട്വന്റി20 മൽസരങ്ങളും ഉൾപ്പെടുന്ന പരമ്പരയ്ക്ക് ഒക്ടോബർ നാലിനാണ് തുടക്കമാകുക. പുതിയ സാഹചര്യത്തിൽ പരമ്പരയ്ക്കായി ഈ മാസം 26നു മാത്രമേ വെസ്റ്റ് ഇൻഡീസ് ടീം ഇന്ത്യയിലെത്തൂ. പരമ്പരയ്ക്ക് രണ്ടാഴ്ച മുൻപെങ്കിലും ഇന്ത്യയിൽ വന്ന് ഒരുക്കം തുടങ്ങാനായിരുന്നു വിൻഡീസ് ടീമിന്റെ പദ്ധതിയെങ്കിലും, പരിശീലനത്തിന് സ്ഥലം കണ്ടെത്തി നൽകുന്നതിലുള്ള ബുദ്ധിമുട്ട് ബിസിസിഐ അറിയിച്ച സാഹചര്യത്തിലാണ് അവർ പരിശീലനം ദുബായിലേക്കു മാറ്റിയത്.

‘ഇന്ത്യയിൽ നേരത്തെയെത്തി പരിശീലനം ആരംഭിക്കാൻ ഞങ്ങൾ പദ്ധതിയിട്ടിരുന്നതാണ്. എന്നാൽ, പരിശീലനത്തിനു മൈതാനം കിട്ടാനില്ലെന്ന് ബിസിസിഐ ഞങ്ങളെ അറിയിക്കുകയായിരുന്നു. ഇന്ത്യയിലായിരുന്നെങ്കിലും പരമ്പരയ്ക്കുള്ള ഒരുക്കം കുറച്ചുകൂടി നന്നാകുമായിരുന്നു. കുറച്ചു ദൂരം സഞ്ചരിച്ചാൽ മതിയല്ലോ’ – വെസ്റ്റ് ഇൻഡീസ് പരിശീലകൻ സ്റ്റുവാർട്ട് ലോ പറഞ്ഞു.

ഐസിസി ഗ്ലോബൽ അക്കാദമിയിലും മൽസരങ്ങൾ നടക്കുന്നുണ്ട്. അങ്ങനെയാണ് മുന്നൊരുക്കത്തിനായി ഇവിടേക്കു പോന്നത്. ഇവിടെ മികച്ച സൗകര്യങ്ങളിൽ തന്നെയാണ് പരിശീലനം – ലോ പറഞ്ഞു.

related stories