Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാതുവയ്പുകാർ 5 ക്യാപ്റ്റൻമാരെ ഒത്തുകളിക്കു സമീപിച്ചു: ഐസിസിയുടെ വെളിപ്പെടുത്തൽ

asia-cup-captains

ദുബായ്∙ രാജ്യാന്തര ക്രിക്കറ്റിൽ ഇപ്പോഴും ഒത്തുകളി ഭീഷണി നിലനിൽക്കുന്നതായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. കഴിഞ്ഞ 12 മാസത്തിനിടെ മാത്രം ഐസിസിയിൽ സമ്പൂർണ അംഗത്വമുള്ള നാലു രാജ്യങ്ങളുടേത് ഉൾപ്പെടെ അഞ്ചു ക്യാപ്റ്റൻമാരെ വാതുവയ്പുകാർ ഒത്തുകളിക്കാൻ സമീപിച്ചതായും ഐസിസി വെളിപ്പെടുത്തി.

ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗം തലവൻ അലക്സ് മാർഷലാണ് ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ നടത്തിയത്. അതേസമയം, ഈ ക്യാപ്റ്റൻമാരുടെ പേരു വെളിപ്പെടുത്താൻ മാർഷൽ തയാറായില്ല.

വാതുവയ്പുകാർ സമീപിച്ച ക്യാപ്റ്റൻമാരുടെ പേരുകൾ വെളിപ്പെടുത്തുന്നതിനു സാങ്കേതിക ബുദ്ധിമുട്ടുണ്ട്. വാതുവയ്പുകാരെന്ന് സംശയിക്കുന്ന ചിലർ തങ്ങളെ സമീപിച്ചതായി അഞ്ചു ക്യാപ്റ്റൻമാർ ഐസിസിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അതിൽ നാലു പേരും സമ്പൂർണ അംഗത്വമുള്ള ടീമുകളുടെ നായകൻമാരാണ് – മാർഷൽ പറഞ്ഞു.

ഒത്തുകളിക്കു പ്രേരണയുമായി ക്യാപ്റ്റൻമാരെ സമീപിച്ച വാതുവയ്പുകാരിൽ അധികവും ഇന്ത്യക്കാരാണെന്നും മാർഷൽ വെളിപ്പെടുത്തി. എല്ലാവരും ഇന്ത്യയിൽനിന്നാണ് ഒത്തുകളിക്കു ശ്രമിക്കുന്നതെന്ന് ഇതിന് അർഥമില്ല. വാതുവയ്പുകാരിൽ ഏറിയ പങ്കും ഇന്ത്യക്കാരാണെങ്കിലും വാതുവയ്പു ശൃംഖല ലോക വ്യാപകമായി പടർന്നു കിടക്കുകയാണ്. കുറഞ്ഞ സമയത്തിനുള്ളിൽ ഫലം അറിയാമെന്നതിനാൽ ട്വന്റി20 മൽസരങ്ങളാണ് വാതുവയ്പുകാർക്ക് പ്രിയം – മാർഷൽ വെളിപ്പെടുത്തി.

യുഎഇയിൽ പുരോഗമിക്കുന്ന ഏഷ്യാകപ്പിനിടെ ഒത്തുകളി സാധ്യതകൾ േതടി ചില വാതുവയ്പുകാർ അഫ്ഗാനിസ്ഥാൻ താരം മുഹമ്മദ് ഷെഹ്സാദിനെയും സമീപിച്ചതായി അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മാർഷൽ അറിയിച്ചു. ഒക്ടോബറിൽ ഷാർജയിൽ ആരംഭിക്കുന്ന അഫ്ഗാനിസ്ഥൻ പ്രീമിയർ ലീഗിന്റെ പ്രഥമ പതിപ്പിൽ ഒത്തുകളിക്കുന്നതിനാണ് വാതുവയ്പുകാർ ഷെഹ്സാദിനെ സമീപിച്ചത്.