Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഷ്യാകപ്പിൽ ഒരു ‘സർപ്രൈസ്’; 200–ാം ഏകദിനത്തിൽ ഇന്ത്യയെ നയിക്കാൻ ധോണി

dhoni-captain മഹേന്ദ്രസിങ് ധോണി.

ദുബായ്∙ നീണ്ട 696 ദിവസങ്ങൾക്കുശേഷം മഹേന്ദ്രസിങ് ധോണി വീണ്ടും ഇന്ത്യയെ നയിക്കുന്നു. ഏഷ്യാകപ്പ് ക്രിക്കറ്റിലെ സൂപ്പർ ഫോർ റൗണ്ടിലെ അവസാന മൽസരത്തിൽ അഫ്ഗാനിസ്ഥാനെതിരായാണ് ധോണിയെ വീണ്ടും ഇന്ത്യൻ ക്യാപ്റ്റനായി നിയോഗിച്ചിരിക്കുന്നത്. ഇതോടെ, രാജ്യാന്തര ക്രിക്കറ്റിൽ 200–ാം ഏകദിനത്തിലാണ് ധോണി ഇന്ത്യയെ നയിക്കുന്നത്. മൽസരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റു ചെയ്യുകയാണ്.

വിരാട് കോഹ്‍ലി പരമ്പരയിൽനിന്നു പിൻമാറിയ സാഹചര്യത്തിൽ ടീമിന്റെ താൽക്കാലിക ക്യാപ്റ്റനായിരുന്ന രോഹിത് ശർമയ്ക്ക് ഇന്ന് വിശ്രമം അനുവദിച്ച പശ്ചാത്തലത്തിലാണ് ക്യാപ്റ്റൻ കൂൾ വീണ്ടും ഇന്ത്യയെ നയിക്കാനെത്തുന്നത്. റിക്കി പോണ്ടിങ്, സ്റ്റീഫൻ ഫ്ലെമിങ് എന്നിവർക്കുശേഷം 200 ഏകദിനങ്ങളിൽ ക്യാപ്റ്റനാകുന്ന ആദ്യ താരമായും ഇതോടെ ധോണി മാറി. 230 മൽസരങ്ങളിലാണ് റിക്കി പോണ്ടിങ് ഓസ്ട്രേലിയയെ നയിച്ചത്. ഫ്ലെമിങ്ങ് ആകട്ടെ 218 ഏകദിനങ്ങളിൽ ന്യൂസീലൻഡിനെയും നയിച്ചു.

ധോണിക്കു കീഴിൽ ഇതിനു മുൻപ് കളിച്ച 199 ഏകദിനങ്ങളിൽ 110 എണ്ണത്തിലും ഇന്ത്യ ജയിച്ചിട്ടുണ്ട്. 74 മൽസരങ്ങൾ തോറ്റപ്പോൾ നാലു മൽസരങ്ങൾ ടൈ ആയി. 11 മൽസരങ്ങൾ ഫലമില്ലാതെ പോയി. 59.57 ശതമാനാണ് ക്യാപ്റ്റനെന്ന നിലയിൽ ധോണിയുടെ വിജയ ശതമാനം.

നീണ്ട കാലത്തെ ഇടവേഴയ്ക്കു ശേഷം ക്യാപ്റ്റനാകുന്ന മൽസരത്തിൽ അടിമുടി മാറിയ ഇന്ത്യൻ ടീമാണ് ധോണിക്കൊപ്പമുള്ളത്. സ്ഥിരം ഓപ്പണർമാരായ രോഹിത് ശർമ, ശിഖർ ധവാൻ എന്നിവരുൾപ്പെടെ, പാക്കിസ്ഥാനെതിരായ മൽസരത്തിൽ കളിച്ച ടീമിൽ അഞ്ചു മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ബോളിങ്ങിലെ കുന്തമുനകളായ ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുമ്ര എന്നിവരും ടീമിലില്ല.

ഒരു ഏകദിന മൽസരത്തിന്റെ മാത്രം പരിചയമുള്ള ഖലീൽ അഹമ്മദ്, അരങ്ങേറ്റ മൽസരം കളിക്കുന്ന ദീപക് ചാഹർ എന്നിവരാണ് അഫ്ഗാനെതിരെ ഇന്ത്യയുടെ ബോളിങ് ആക്രമണം നയിക്കുന്നത്. ഐപിഎല്ലിൽ ധോണിയുടെ ടീമായ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമാണ് ചാഹർ. ഏകദിനത്തിൽ ഇന്ത്യൻ ജഴ്സിയണിയുന്ന 223–ാമത്തെ താരമായും ചാഹർ മാറി. യുസ്‍വേന്ദ്ര ചാഹലിനു പകരം പേസർ സിദ്ധാർഥ് കൗളിനെയാണ് ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടൂർണമെന്റിൽ ആദ്യമായി ലോകേഷ് രാഹുൽ, മനീഷ് പാണ്ഡെ എന്നിവർക്കു അവസരം കിട്ടി.

related stories