Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെസിഎയും സ്റ്റേഡിയം അധികൃതരും തർക്കത്തിൽ; തിരുവനന്തപുരം ഏകദിനം ഉപേക്ഷിക്കുമോ?

Karyavattom-Greenfield-Stadium തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയം

കൊച്ചി∙ നവംബർ ഒന്നിനു തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മൽസര നടത്തിപ്പിനെച്ചൊല്ലി സ്റ്റേഡിയം ഉടമകളും കെസിഎയും തമ്മിൽ തർക്കം. സ്റ്റേഡിയത്തിൽ കെസിഎ പണം മുടക്കി പുതിയതായി നിർമിക്കുന്ന നാലു കോർപറേറ്റ് ബോക്സുകൾ വിൽക്കാനും സ്റ്റേഡിയത്തിനു പുറത്തു പരസ്യം ചെയ്യാനുമുള്ള അവകാശം തങ്ങൾക്കു നൽകണമെന്ന സ്റ്റേഡിയം ഉടമകളുടെ വാദം അംഗീകരിക്കാനാവില്ലെന്ന് കെസിഎ ജനറൽബോഡി യോഗം അറിയിച്ചു. ഇക്കാര്യത്തിൽ കടുംപിടിത്തം തുടർന്നാൽ മൽസരം ഉപേക്ഷിക്കേണ്ടിവരുമെന്നു മൽസര നടത്തിപ്പിന്റെ ജനറൽ കൺവീനർ ജയേഷ് ജോർജ് വ്യക്തമാക്കി.

ബിസിസിഐയ്ക്ക് കൂടുതൽ വിഐപി ടിക്കറ്റുകൾ കൊടുക്കാനാണ് 200 പേർക്കിരിക്കാവുന്ന നാലു കോർപറേറ്റ് ബോക്സുകൾ കൂടി രണ്ടാം നിലയിൽ നിർമിക്കാൻ കെസിഎ തീരുമാനിച്ചത്. സ്റ്റേഡിയത്തിന്റെ ഗേറ്റുകളിൽ ഷട്ടറുകൾ, താൽക്കാലിക ബാരിക്കേഡ് എന്നിവയും ഒരുക്കണം. ഇതിനാവശ്യമായ പണം ഇപ്പോൾ മുടക്കാനാവില്ലെന്നും കെസിഎ മുടക്കിയാൽ പിന്നീടു തങ്ങൾക്കു തരാനുള്ള തുകയിൽ നിന്നു കിഴിവുചെയ്തു നൽകാമെന്നുമായിരുന്നു സ്റ്റേഡിയവുമായുള്ള വ്യവസ്ഥ. ഇതനുസരിച്ചു രണ്ടു കോടിയിലേറെ രൂപ മുതൽമുടക്കുള്ള അധിക ജോലികൾ സ്റ്റേഡിയത്തിൽ നടക്കുന്നുണ്ട്. അതിനിടെയാണു അവകാശവാദവുമായി സ്റ്റേഡിയം ഉടമകൾ കെസിഎയ്ക്ക് ഇ-മെയിൽ അയച്ചത്.

സ്പോർട്സ് ഹബ് സ്റ്റേഡിയം കെസിഎ 13 വർഷത്തേക്കു പാട്ടത്തിനെടുത്തിട്ടുണ്ട്. 180 ദിവസമാണ് ഓരോ വർഷവും കെസിഎയ്ക്ക് ഉപയോഗിക്കാവുന്നത്. 4000 രൂപയാണ് ഇതിനുള്ള ദിവസനിരക്ക്. ടിക്കറ്റ് വരുമാനം ഉള്ള മൽസരങ്ങൾക്ക് അതിന്റെ 15% അല്ലെങ്കിൽ കുറഞ്ഞതു 15 ലക്ഷം രൂപ വേറെ നൽകണം. ഈ മൽസരങ്ങളുടെ പരിശീലന ദിവസങ്ങളിലും ഉയർന്ന നിരക്കാണ്. മാത്രവുമല്ല, സ്റ്റേഡിയത്തിന്റെ പിച്ചും ടർഫും പരിപാലിക്കുന്നതും കെസിഎ ആണ്. ഒരു മാസം രണ്ടു ലക്ഷം രൂപയോളമാണ് ഇതിനു ചെലവ്.

related stories