Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആകെ കളിച്ചത് ആറു ടൂർണമെന്റ് ഫൈനലുകൾ; എന്നിട്ടും സം‘പൂജ്യ’രായി ബംഗ്ലദേശ്

Bangladesh cricket team ഇന്ത്യയ്ക്കെതിരെ തോൽവിക്കു ശേഷം ബംഗ്ലദേശ് താരങ്ങൾ നിരാശയോടെ.

ഏകദിന പദവി ലഭിച്ചിട്ട് കാലങ്ങളായെങ്കിലും പ്രധാനപ്പെട്ട കിരീടങ്ങളെല്ലാം ബംഗ്ലദേശിന് ഇന്നും കിട്ടാക്കനിയാണ്. മൂന്നോ അതിലധികമോ ടെസ്റ്റ് രാജ്യങ്ങൾ പങ്കെടുത്ത ഒരു ടൂർണമെന്റിൽപ്പോലും ബംഗ്ലദേശിന് ഇനിയും കിരീടം നേടാനായിട്ടില്ല. 2018 ഏഷ്യ കപ്പ് ഉൾപ്പെടെ കളിച്ച ആറു ടൂർണമെന്റുകളുടെ ഫൈനലിലും തോറ്റു മടങ്ങാനായിരുന്നു ബംഗ്ല കടുവകളുടെ വിധി.

ഇക്കുറി ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയെ വീഴ്ത്തി ആദ്യ കിരീടം നേടാമെന്ന മോഹവും പൊലിഞ്ഞതോടെ, ‘പടിക്കൽ കലമുടയ്ക്കുന്നവരെ’ന്ന പേരും വീണിരിക്കുന്നു ബംഗ്ലദേശിന്. യുഎഇയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർക്കാനായെങ്കിലും, പിന്നീടു വന്നവർക്ക് ബാറ്റിങ്ങിൽ ശോഭിക്കാനാകാതെ പോയതാണ് ബംഗ്ലദേശിന് തിരിച്ചടിയായത്. ഒടുവിൽ 48.3 ഓവറിൽ അവർ 222 റൺസിന് പുറത്താവുകയും ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ അവസാനം വരെ വരിഞ്ഞുമുറുക്കിയെങ്കിലും, ഇന്നിങ്സിലെ അവസാന പന്തിൽ സകല സമ്മർദ്ദവും കുടഞ്ഞെറിഞ്ഞ് ഇന്ത്യ വിജയം പിടിച്ചെടുത്തു.

ബംഗ്ലദേശിന്റെ ഫൈനൽ തോൽവികളിലൂടെ:

∙ രണ്ടു വിക്കറ്റ് തോൽവി (2009, ശ്രീലങ്കയും സിംബാബ്‌വെയും ഉൾപ്പെട്ട ത്രിരാഷ്ട്ര ടൂർണമെന്റ്): ശ്രീലങ്കയ്ക്കെതിരെ ധാക്കയിൽ നടന്ന കളിയിൽ ആദ്യം ബാറ്റുചെയ്ത ബംഗ്ലദേശ് 152 റൺസിനു പുറത്തായി. മറുപടി ബാറ്റിങ്ങിൽ ആറു റൺസിനിടെ ശ്രീലങ്കയുടെ അഞ്ചു വിക്കറ്റ് തെറിപ്പിച്ച ബംഗ്ലദേശ് അട്ടിമറി പ്രതീക്ഷ ഉയർത്തിയെങ്കിലും കുമാർ സംഗകാരയും (59), പർവീസ് മെഹറൂഫും (38*) ലങ്കയുടെ രക്ഷകരായി.

∙ രണ്ടു റൺസ് തോൽവി (2012 ഏഷ്യ കപ്പ്) : നാട്ടിൽ നടന്ന ഫൈനലിൽ ബംഗ്ലദേശിന്റെ എതിരാളികൾ പാക്കിസ്ഥാൻ. വിജയലക്ഷ്യമായ 236 റൺസ് പിന്തുടർന്ന ബംഗ്ലദേശ് തമിം ഇഖ്ബാലിലൂടെയും (60), ഷാക്കിബ് അൽ ഹസനിലൂടെയും (68) തകർത്തടിച്ചു തുടങ്ങിയെങ്കിലും പിന്നീടു തുടരെ വിക്കറ്റുകളെടുത്ത് പാക്കിസ്ഥാൻ തിരിച്ചടിച്ചു. അവസാന ഓവറിൽ ബംഗ്ല വിജയത്തിന് ഒൻപതു റൺസ്. സ്ട്രൈക്ക് ലഭിക്കാതിരുന്ന മഹ്മദുല്ലയ്ക്കു (17*) ടീം രണ്ടു രണ്ടു റൺസിനു തോൽക്കുന്നതു കണ്ടു നിൽക്കാനേ സാധിച്ചുള്ളു.

∙ എട്ടു വിക്കറ്റ് തോൽവി (2016 ഏഷ്യ കപ്പ് ട്വന്റി20):  മഴമൂലം 15 ഓവറായി വെട്ടിച്ചുരുക്കിയ കളിയിൽ ഇന്ത്യയ്ക്കെതിരെ ബംഗ്ലദേശ് അഞ്ചു വിക്കറ്റിന് 120 റൺസെടുത്തു. എന്നാൽ ശിഖർ ധവാനും (60), വിരാട് കോഹ്‌ലിയും (41*), എം.എസ് .ധോണിയും (20*)തകർത്തടിച്ചതോടെ ഇന്ത്യ ലക്ഷ്യംകണ്ടു.

∙ 79 റൺസ് തോൽവി (2018 ത്രിരാഷ്ട പരമ്പര): ആദ്യ രണ്ടു കളികളും ജയിച്ച ബംഗ്ലദേശിനെ പിന്നീടു സിംബാബ്‌വെയും ശ്രീലങ്കയും തോൽപ്പിച്ചു. തപ്പിത്തടഞ്ഞ് ഫൈനലിലേക്ക്. ലങ്കൻ‌ സ്കോറായ 221 റൺസ് പിന്തുടർന്ന ബംഗ്ലദേശ് 41.1 ഓവറിൽ 142 റൺസിനു പുറത്തായി. ലങ്കൻ വിജയം 79 റൺസിന്. ‌

∙ നാലു വിക്കറ്റ് തോൽവി (2018 നിദഹാസ് ട്രോഫി ട്വന്റി 20 ടൂർണമെന്റ്): ഫൈനലിനു മുൻപുള്ള നോക്കൗട്ട് മൽസരത്തിനിടെ ശ്രീലങ്കൻ നായകൻ തിസ്സര പെരേരയോട് ബംഗ്ല താരങ്ങൾ തട്ടിക്കയറിയതിനു കുപ്രസിദ്ധമായ ടൂർണമെന്റ്. 

കലാശക്കളിയിൽ ബംഗ്ലദേശിന്റെ പോരാട്ടം ഇന്ത്യയോട്. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് സബീർ റഹ്മാന്റെ (50 പന്തിൽ 77) ബാറ്റിങ് മികവിൽ എട്ടു വിക്കറ്റിന് 166 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ രോഹിത് ശർമയിലൂടെ (56) തിരിച്ചടിച്ച ഇന്ത്യ പിന്നീടു തുടരെ വിക്കറ്റുകൾ നഷ്ടമായതോടെ സമ്മർദത്തിലായി. ജയിക്കാൻ 12 പന്തിൽ 34 റൺസ് വേണ്ടിയിരുന്ന ഇന്ത്യ ദിനേശ് കാർത്തികിന്റെ (എട്ടു പന്തിൽ 29*) ബാറ്റിങ് വെടിക്കെട്ടിൽ അവസാന പന്തിലെ സിക്സോടെ മൽസരം സ്വന്തമാക്കി.

related stories