Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെസ്റ്റ്: പിടിമുറുക്കി പാക്കിസ്ഥാൻ; ഹാരിസ് സൊഹെയ്‌ലിന് കന്നി സെഞ്ചുറി

Haris Sohall സെഞ്ചുറി നേടിയ സൊഹെയ്‌ലിന്റെ ആഹ്ലാദം

ദുബായ് ∙ സ്പിന്നർമാരെ പ്രണയിച്ചു തുടങ്ങിയ പിച്ചിൽ 13 ഓവർ പരുക്കില്ലാതെ പിടിച്ചുനിന്ന ഓസ്ട്രേലിയയ്ക്കായി വിധി ഇന്നു കാത്തുവച്ചിരിക്കുന്നത് എന്താവാം? ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം, പാക്കിസ്ഥാന്റെ സ്കോറായ 482ന് മറുപടിയായി ഓസ്ട്രേലിയ വിക്കറ്റു കളയാതെ 30 റൺസിലാണ്

സ്കോർ: പാക്കിസ്ഥാൻ ഒന്നാം ഇന്നിങ്സ്: 482 ഓൾഔട്ട്, ഓസ്ട്രേലിയ– വിക്കറ്റു കളയാതെ 30 റൺസ്. 

പാക്കിസ്ഥാന്റെ ഒന്നാം ഇന്നിങ്സ് സ്കോറിന് 450 റൺസ് അകലെയാണിപ്പോഴും സന്ദർശകർ. ഉസ്മാൻ ഖവാജയും (17) ടെസ്റ്റ് അരങ്ങേറ്റക്കാരൻ ആരോൺ ഫിഞ്ചും (13) ഇന്നു കളി പുനരാരംഭിക്കുമ്പോൾ പിച്ചിന്റെ സ്വഭാവം നിർണായകമാവും. ലെഗ് സ്പിന്നർ യാസിർ ഷാ, ഓഫ്സ്പിന്നർമാരായ മുഹമ്മദ് ഹഫീസ്, ബിലാൽ ആസിഫ് എന്നിവരുടെ പന്തുകൾ നേരിടാൻ ഓസീസ് ബാറ്റ്സ്മാന്മാർക്കു സാധിച്ചില്ലെങ്കിൽ രണ്ടു ടെസ്റ്റുകളുടെ പരമ്പരയിൽ ആദ്യത്തേതിന് ആതിഥേയർ അവകാശികളാകും. സ്പിന്നർമാർ വിക്കറ്റു കൊയ്യുമെന്നതിന്റെ അടയാളങ്ങളെല്ലാം പിച്ചിലുണ്ട്.  

ഇന്നലെ, ഹാരിസ് സൊഹെയ്‌ലിന്റെ കന്നിസെഞ്ചുറിയും (110) ആസാദ് ഷഫീഖിന്റെ (80) അർധസെഞ്ചുറിയുമാണ് മികച്ച സ്കോറിലെത്താൻ പാക്കിസ്ഥാനെ തുണച്ചത്. ഓപ്പണർ മുഹമ്മദ് ഹഫീസ് (126) ആദ്യദിനം സെഞ്ചുറി നേടിയിരുന്നു. ഫ്ലാറ്റ് പിച്ചിൽ ആറുമണിക്കൂർ ക്ഷമാപൂർവം ബാറ്റ് ചെയ്താണു സൊഹെയ്ൽ കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കിയത്. ഇന്നിങ്സിൽ 8 ബൗണ്ടറികളും 2 സിക്സറുകളും. ഷഫീഖിനൊപ്പം 5–ാം വിക്കറ്റിൽ 150 റൺസും സൊഹെയ്ൽ കൂട്ടിച്ചേർത്തു. ഉച്ചഭക്ഷണ സമയത്തു നാലിനു 329 എന്ന നിലയിലായിരുന്നു പാക്കിസ്ഥാൻ. 

ഷഫീഖും സെഞ്ചുറി നേടുമെന്നു കരുതിയെങ്കിലും ഓസീസ് ലെഗ് സ്പിന്നർ മാർനസ് ലബുഷാനെയ്ക്കു വിക്കറ്റ് നൽകി ചായയ്ക്കു തൊട്ടുമുൻപ് കളം വിടേണ്ടി വന്നു. 

പിന്നാലെ കളിയുടെ നഷ്ടമായ നിയന്ത്രണം തിരികെപ്പിടിച്ച ഓസീസ് പാക്കിസ്ഥാന്റെ അവസാന ആറുവിക്കറ്റുകൾ 72 റൺസിനിടെ വീഴ്ത്തി. ബാബർ അസം (4), ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദ് (15) എന്നിവരും ഇതിനിടെ ക്രീസിൽ വന്നുപോയി. 58 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത പീറ്റർ സിഡിലാണ് ഓസീസ് നിരയിൽ തിളങ്ങിയ ബോളർ. പരമ്പരയിലെ രണ്ടാം ടെസ്റ്റ് അബുദാബിയിൽ 16ന് ആരംഭിക്കും.