Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശാസ്ത്രി കൽപിക്കും; പ്രസാദ് അനുസരിക്കും: തുറന്നടിച്ച് കിർമാനി

Syed Kirmani കിർമാനി

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് കോച്ച് രവി ശാസ്ത്രിയും ക്യാപ്റ്റൻ വിരാട് കോഹ‌്‌ലിയും പറയുന്നത് അപ്പടി അനുസരിക്കുന്ന ജോലി മാത്രമേ ചീഫ് സിലകടർ എം.എസ്.കെ. പ്രസാദ് ഉൾപ്പെടുന്ന സിലക്‌ഷൻ കമ്മിറ്റിക്കുള്ളുവെന്നു തുറന്നടിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പറും ചീഫ് സിലക്ടറുമായിരുന്ന സയ്യിദ് കിർമാനി. കരുൺ നായരെയും മുരളി വിജയിനെയും ഒഴിവാക്കിയ പശ്ചാത്തലത്തിലാണു സിലക്‌ഷൻ കമ്മിറ്റിയുടെ ഗതികേടു തുറന്നുകാട്ടി കിർമാനി രംഗത്തെത്തിയത്. 

ടെസ്റ്റ് ടീമിൽ നിന്നൊഴിവാക്കുന്നതിനു മുൻപു സിലക്ടർമാർ തങ്ങളെ അറിയിച്ചിരുന്നില്ലെന്നു കരുൺ നായരും മുരളി വിജയും പറഞ്ഞതു വിവാദമായിരുന്നു. എന്നാൽ രണ്ടുപേരോടും ഇക്കാര്യം സംസാരിച്ചിരുന്നുവെന്ന വിശദീകരണവുമായി എം.എസ്.കെ. പ്രസാദ് രംഗത്തെത്തി. ‘‘ രവിശാസ്ത്രിയാണ് മുഖ്യ സിലക്ടർ. ശാസ്ത്രിയും ക്യാപ്റ്റനും സീനിയർ താരങ്ങളുമായി സംസാരിച്ചു ടീമിന്റെ ആവശ്യം സിലക്ടർമാരെ അറിയിക്കുകയാണ് ഇപ്പോൾ നടക്കുന്നത്.

എല്ലാ ബഹുമാനത്തോടെയും പറയട്ടെ, ഇപ്പോഴത്തെ സിലക്‌ഷൻ കമ്മിറ്റിക്ക് ടീമിൽ നിന്നുള്ള നിർദ്ദേശം എതിർക്കാനുള്ള അനുഭവ സമ്പത്തില്ല. ശാസ്ത്രിയും കോഹ്‌ലിയും കളിയിൽ ഇവരെക്കാൾ ഏറെ പരിചയ സമ്പന്നരാണ്. ശാസ്ത്രിയോടും കോഹ്‌ലിയോടും വാദിക്കാനുള്ള കരുത്തില്ലാത്തതുകൊണ്ട് ടീം മാനേജ്മെന്റ് പറയുന്നതു സിലക്‌ഷൻ കമ്മിറ്റി അനുസരിക്കുന്നു.’’– കിർമാനി പറഞ്ഞു.

പ്രസാദിന് ആറു ടെസ്റ്റിന്റെയും 17 ഏകദിനങ്ങളുടെയും അനുഭവ സമ്പത്തേയുള്ളു. സിലക്ടർമാരായ ശരൺദീപ് സിങ്( 2 ടെസ്റ്റ്, 5 ഏകദിനം), ദേവാങ് ഗാന്ധി(4ടെസ്റ്റ്, 3 ഏകദിനം), ജതിൻ പരഞ്ജെ(4 ഏകദിനം), ഗഗൻ ഖോഡ(2 ഏകദിനം) എന്നിവരെല്ലാം അനുഭവ സമ്പത്തിൽ ഏറെ പിന്നിൽ. കോഹ്‌ലിക്ക് 72 ടെസ്റ്റിന്റെയും 211 ഏകദിനങ്ങളുടെയും അനുഭവ സമ്പത്തുണ്ട്.

related stories