Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധോണിക്കൊപ്പം പന്തും?; വിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീം സിലക്‌ഷൻ ഇന്ന്

rishabh-pant-dhoni ഋഷഭ് പന്ത്, മഹേന്ദ്ര സിങ് ധോണി

ഹൈദരാബാദ്∙ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്നു പ്രഖ്യാപിക്കും. ആദ്യ മൂന്ന് ഏകദിനങ്ങൾക്കുള്ള ടീമാണോ, പൂർണ പരമ്പരയ്ക്കുള്ള ടീമാണോ ഇതെന്നു വ്യക്തമല്ല. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി20യും ഉൾപ്പെടുന്ന പരിമിത ഓവർ പരമ്പര 21ന് ആരംഭിക്കും. 

ബാറ്റിങ്ങിൽ തീർത്തും മങ്ങിയ ഫോമിലാണു മുൻ നായകൻ ധോണി. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പ്  മുന്നിൽ കണ്ട് ഋഷഭ് പന്തിനെക്കൂടി ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്ന് അറിയുന്നു. ടീമിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ സാന്നിധ്യം സംബന്ധിച്ചും ആലോചന നടക്കും. പക്ഷേ, പരമ്പരയിൽ കോഹ്‌ലിക്കു പൂർണമായി വിശ്രമം അനുവദിക്കാൻ സാധ്യതയില്ല. 

ഋഷഭ് പന്തിന്റെ സിലക്‌ഷൻ തന്നെയാവും ഇന്നത്തെ ചർച്ചയിലെ പ്രധാന വിഷയങ്ങളിലൊന്ന്. ധോണിയുടെ കീപ്പിങ് മികവിന് ഒട്ടും മങ്ങലേറ്റിട്ടില്ലെങ്കിലും  ബാറ്റിങ്ങിൽ തുടർച്ചയായി പരാജയപ്പെടുന്നു. ഋഷഭ് പന്ത് തന്നെയാണ് ആ റോളിലേക്കു വരാൻ ഇപ്പോൾ അനുയോജ്യൻ. ‘‘ അടുത്ത ലോകകപ്പ് വരെ ധോണി കളിക്കുമെന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും ഋഷഭ് പന്തിനെ പാകപ്പെടുത്തിയെടുക്കാൻ അവസരം നൽകാവുന്നതാണ്. ആറാം സ്ഥാനത്തോ ഏഴിലോ ഉജ്വലമായി ബാറ്റു ചെയ്തു മൽസരം ഫിനിഷ് ചെയ്യാനുള്ള മിടുക്ക് പന്തിനുണ്ട്.’’– ബോർഡിലെ ഒരു ഉന്നതൻ നിലപാട് വ്യക്തമാക്കി. 

ഇംഗ്ലണ്ടിനെതിരെ ഓവല്‍ ടെസ്റ്റിൽ  സെഞ്ചുറി നേടിയ ഋഷഭ് പന്ത് വിൻഡീസിനെതിരെ രാജ്കോട്ട് ടെസ്റ്റിൽ അതിവേഗത്തിൽ 92 റൺസ് നേടിയിരുന്നു. മികച്ച രണ്ട് ഇന്നിങ്സുകളോടെ ടീമിലേക്കുള്ള സാധ്യത ഋഷഭ് വർധിപ്പിച്ചു. ഒന്നോ രണ്ടോ അവസരങ്ങളിലൊഴികെ നിർണായക സമയത്തെല്ലാം പതറുന്ന ദിനേഷ് കാർത്തിക്കിന്റെ കാര്യത്തിൽ സിലക്ടർമാർക്ക് ഏറെ ആത്മവിശ്വാസമുണ്ടാകാൻ സാധ്യതയില്ല. 

മധ്യനിരയിൽ ചില മാറ്റങ്ങൾക്കും വഴിയൊരുങ്ങുന്നു. പരുക്കേറ്റ കേദാർ ജാദവിനു പരമ്പര നഷ്ടമാകും. ഏഷ്യ കപ്പിൽ മികച്ച പ്രകടനം നടത്തിയ അമ്പാട്ടി റായുഡു ടീമിൽ സ്ഥാനം നിലനിർത്താനാണു സാധ്യത. ടെസ്റ്റ് പരമ്പരയിൽ വിശ്രമം ലഭിച്ച ഭുവനേശ്വർ കുമാറും ജസ്പ്രിത് ബുമ്രയും ടീമിൽ തിരിച്ചെത്തും. മിന്നും പ്രകടനം നടത്തിയ രവീന്ദ്ര ജഡേജയും ടീമിൽ തുടരാനാണു സാധ്യത. മധ്യനിര ബാറ്റ്സ്മാൻമാരിൽ മനീഷ് പാണ്ഡെയ്ക്കു പുറത്തേക്കുള്ള വഴി തെളിഞ്ഞേക്കും. 

related stories