Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസീസിനു വിജയതുല്യം, ഈ സമനില; പാക്കിസ്ഥാന് തോൽവിക്കു തുല്യവും!

Usman Khawaja സെ​ഞ്ചുറി നേടിയ ഉസ്മാൻ ഖവാജയുടെ ആഹ്ലാദം

ദുബായ്∙ ജയത്തേക്കാൾ തിളക്കമുള്ള സമനില. ജയത്തിലേക്കു ചുവടുവച്ച പാക്കിസ്ഥാനെ പാക്ക് വംശജനായ ഉസ്മാൻ ഖവാജയുടെ പ്രതിരോധക്കരുത്തിൽ തളച്ച് ഓസ്ട്രേലിയ ഒന്നാം ടെസ്റ്റിൽ സമനില പൊരുതിനേടി. ജയിക്കാൻ 462 റൺസ് വേണ്ടിയിരുന്ന ഓസ്ട്രേലിയ, ഒരു പന്തു ബാക്കി നിൽക്കേ പാക്കിസ്ഥാൻ സമനില സമ്മതിക്കുമ്പോൾ, എട്ടു വിക്കറ്റ് നഷ്ടത്തിൽ 362 റൺസെടുത്തിരുന്നു. കളിയിലെ താരമായ ഖവാജ 141 റൺസെടുത്തു. ട്രാവിസ് ഹെഡും (72) ക്യാപ്റ്റൻ ടിം പെയ്നും (61*) ഖവാജയ്ക്ക് ഉറച്ച പിന്തുണ നൽകി. 

ടെസ്റ്റിലെ ഏഴാം സെഞ്ചുറി നേടി ഖവാജ ആറാമനായി പുറത്താകുമ്പോൾ കളി തീരാൻ ബാക്കിയുണ്ടായിരുന്നത് 14.3 ഓവർ. ലെഗ് സ്പിന്നർ യാസിർ ഷാ മിച്ചൽ സ്റ്റാർക്കിനെയും പീറ്റർ സിഡിലിനെയും പ്രതിരോധിക്കാൻ അനുവദിക്കാതെ മടക്കുമ്പോൾ 12.1 ഓവർ ബാക്കി. നഥാൻ ലയൺ 33 പന്തിൽ അഞ്ചു റൺസുമായി ക്യാപ്റ്റൻ പെയ്ന് പിന്തുണ നൽകി സമനിലയിലേക്ക് നടന്നടുത്തു. 280 റൺസ് ഒന്നാം ഇന്നിങ്സ് ലീഡെടുത്തിട്ടും രണ്ടാം ഇന്നിങ്സിൽ 87ന് മൂന്ന് എന്ന് ഓസീസിനെ പ്രതിരോധത്തിലാക്കിയിട്ടും ജയിക്കാനാവാത്തതിന്റെ നിരാശയിൽ പാക്ക് താരങ്ങൾ ഇഷ്ടമൈതാനം വിട്ടു. 

അവസാനദിനം 136ന് മൂന്ന് എന്ന നിലയിൽ തുടങ്ങി വിക്കറ്റ് കളയാതെ ഉച്ചഭക്ഷണത്തിനു പോകാനായത് ഓസീസിന് ആത്മവിശ്വാസമേകി. എട്ടു മണിക്കൂർ 44 മിനിറ്റ് ക്രീസിൽ നിന്ന് 302 പന്തിൽ 141 റൺസെടുത്ത ഖവാജയുടെ പ്രകടനം ഓസ്ട്രേലിയൻ ക്രിക്കറ്റിന് മറക്കാനാവില്ല. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ മൈക്കൽ ആതർട്ടൻ 1995ൽ ജൊഹാനസ്ബർഗ് ടെസ്റ്റിൽ 645 മിനിറ്റിൽ 185 റൺസുമായി പുറത്താകാതെ നിന്നതിനു പിന്നിൽ ഏറ്റവും ദൈർഘ്യമേറിയ നാലാം ഇന്നിങ്സ് സ്കോറാണ് ഖവാജയുടേത്. 

ആദ്യ ടെസ്റ്റ് കളിക്കുന്ന ട്രാവിസ് ഹെഡ്ഡിനൊപ്പം നാലാം വിക്കറ്റിന് ഖവാജ 132 റൺസ് കൂട്ടിച്ചേർത്താണ് പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കിയത്. പെയ്ൻ മൂന്നു മണിക്കൂറും 39 മിനിറ്റും ബാറ്റു ചെയ്ത് സമനില ഉറപ്പാക്കുകയും ചെയ്തു. ഒന്നാം ഇന്നിങ്സിലും 82 റൺസെടുത്ത ഖവാജയായിരുന്ന ഓസീസിന്റെ ടോപ് സ്കോറർ. 

പരമ്പരയിലെ രണ്ടാം ടെസ്റ്റ് 16ന് അബുദാബിയിൽ നടക്കും. 

സ്കോർ: പാക്കിസ്ഥാൻ 482, ആറിന് 181; ഓസ്ട്രേലിയ 202, എട്ടിന് 362 (ഖവാജ 141, ഹെഡ് 72, യാസിർ ഷാ 114ന് നാല്).

സമനില തെറ്റാതെ ഓസീസ്

ഓസ്ട്രേലിയയുടെ. ക്രിക്കറ്റ് ചരിത്രത്തിൽ മുൻപുമുണ്ടായിട്ടുണ്ട് ‘വിജയകരമായ’ സമനിലകൾ. അവയിൽ ചിലത് ഇതാ:

∙ 2017, വേദി: റാഞ്ചി

എതിരാളികൾ: ഇന്ത്യ

മൂന്നാം ടെസ്റ്റ്. ഒന്നാം ഇന്നിങ്സിൽ 200 ഓവറിലേറെ ബാറ്റ് ചെയ്ത ഇന്ത്യ നേടിയത് 603 റൺസ്. 152 റൺസ് ലീഡുമായി നാലാം ദിവസം കളി തീരുന്നതിനു തൊട്ടുമുൻപ് ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ, തൊട്ടുപിന്നാലെ ഓസ്ട്രേലിയയുടെ 2 വിക്കറ്റുകൾ വീഴ്ത്തി. അഞ്ചാം ദിനമായ പിറ്റേന്നു രാവിലെയും 2 വിക്കറ്റുകൾ കൂടി വീണതോടെ ഇന്ത്യ വിജയം മണത്തുതുടങ്ങി. എന്നാൽ, ഷോൺ മാർഷും പീറ്റർ ഹാൻഡ്സ്കോംബും ചേർന്ന് സമ്മർദ്ദം നിറഞ്ഞ 62 ഓവറുകൾ പിടിച്ചുനിന്ന് കളി സമനിലയിലാക്കി.

∙ 2011 വേദി: കൊളംബോ

എതിരാളികൾ: ശ്രീലങ്ക

മൈക്കൽ ക്ലാർക്ക് ക്യാപ്റ്റനായ ആദ്യ പരമ്പര. 1–0 ലീഡ് നേടിക്കഴിഞ്ഞ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിൽ പെട്ടെന്നാണ് അപകടത്തിൽപ്പെട്ടത്. ആദ്യ ഇന്നിങ്സിൽ 157 റൺസിന്റെ ലീഡ് വഴങ്ങിയ ഓസ്ട്രേലിയ, അഞ്ചാം ദിവസം രാവിലെ നാലിന് 63 എന്ന അപകടകരമായ നിലയിൽ. ശേഷിക്കുന്ന വിക്കറ്റുകൾ വീഴ്ത്തിയാൽ ശ്രീലങ്കയ്ക്ക് എളുപ്പം വിജയം ആഘോഷിക്കാമെന്ന അവസ്ഥ. എന്നാൽ ക്ലാർക്കും വെറ്ററൻ താരം മൈക്ക് ഹസിയും ചേർന്ന് ക്ഷമാപൂർവം ബാറ്റ് ചെയ്തു. ഇരുവരും ചേർന്നു നേടിയ 176 റൺസ് കൂട്ടുകെട്ട് ഓസ്ട്രേലിയയെ തോൽവിയിൽനിന്നു രക്ഷിച്ചു; കളി സമനില.

∙ 2005, വേദി: മാഞ്ചസ്റ്റർ

എതിരാളികൾ: ഇംഗ്ലണ്ട്

ആഷസ് പരമ്പരയിലെ ഓർമിക്കപ്പെടുന്ന മൽസരം. ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ഒന്നുകിൽ 399 റൺസ് നേടി ജയിക്കുക, അല്ലെങ്കിൽ 98 ഓവർ പിടിച്ചുനിന്നു സമനില സ്വന്തമാക്കുക. പോണ്ടിങ്ങും മൈക്കൽ ക്ലാർക്കും ചേർന്നു വിജയത്തിലേക്കു പന്തടിച്ചാണ് തുടങ്ങിയത്. 

ഇടയ്ക്കു വച്ച് ക്ലാർക്ക് പോയി. പോണ്ടിങ് ഒറ്റയ്ക്കായി. ഒരറ്റത്തു വിക്കറ്റുകൾ പൊഴിഞ്ഞപ്പോഴും പോണ്ടിങ് പിടിച്ചുനിന്നു. 169 പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ ക്യാപ്റ്റൻ 156 റൺസ് നേടി പുറത്തായി. അവസാന 24 പന്തുകൾ ബ്രെറ്റ് ലീയും ഗ്ലെൻ മഗ്രോയും ചേർന്നു ഫലപ്രദമായി പ്രതിരോധിച്ചു, സമനില.

∙ 1995, വേദി: മാഞ്ചസ്റ്റർ

എതിരാളികൾ ഇംഗ്ലണ്ട്

മറ്റൊരു ആഷസ്. പരമ്പരയിലെ മൂന്നാം ടെസ്റ്റ്. 449 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഓസീസിനായി മാർക്ക് ടെയ്‌ലറും മൈക്കൽ സ്ലേറ്ററും ചേർന്ന് തുടക്കം ഗംഭീരമാക്കി.

ഇരുവരും സെഞ്ചുറി നേടിയെങ്കിലും ഇടയ്ക്കു കളി കൈവിട്ടു. അവസരം മുതലാക്കിയ ഇംഗ്ലിഷ് ബോളർമാർ 84 റൺസിനിടെ ഏഴു വിക്കറ്റുകൾ വീഴിച്ച് കളി അവരുടെ പക്ഷത്താക്കി. എന്നാൽ, ഷെയ്ൻ വോണും സഹസ്പിന്നർ ടിം മേയും ചേർന്ന് അവസാന 20 ഓവർ ബാറ്റുകൊണ്ട് പിടിച്ചുനിന്നു. കളിക്കു സമനില.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.