Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാറയുടെ ടീമിനു പോലും ഇന്ത്യയിൽ ടെസ്റ്റ് പരമ്പര ജയിക്കാനായിട്ടില്ല: ഹോൾഡർ

jason-holder ജേസൺ ഹോൾഡർ

ഹൈദരാബാദ്∙ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൽസരത്തിൽ ദയനീയ തോൽവി വഴങ്ങിയതിനു പിന്നാലെ തന്റെ ടീമിനെ ന്യായീകരിച്ച് വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ രംഗത്ത്. ഇതിഹാസ താരം ബ്രയാൻ ലാറ ഉൾപ്പെട്ട ടീമിനു പോലും ഇന്ത്യയ്ക്കെതിരെ പരമ്പര നേടാനായിട്ടില്ലെന്ന് ഹോൾഡർ ചൂണ്ടിക്കാട്ടി. രാജ്കോട്ടിൽ നടന്ന ആദ്യ ടെസ്റ്റിൽ പരുക്കുമൂലം ഹോൾഡർ കളിച്ചിരുന്നില്ല. ഈ മൽസരം മൂന്നാം ദിവസം തന്നെ ഇന്നിങ്സിനും 272 റൺസിനും വിൻഡീസ് തോറ്റിരുന്നു.

രാജ്കോട്ടിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ വെസ്റ്റ് ഇൻഡീസ് ടീം നടത്തിയ ദയനീയ പ്രകടനത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇതിലും മികച്ച ടീമുമായി വന്നിട്ടുപോലും വിൻഡീസിന് ഇന്ത്യയിൽ പരമ്പര നേടാനായിട്ടില്ലെന്ന് ഹോൾഡർ ചൂണ്ടിക്കാട്ടിയത്. ‘ലോകത്തിലെ ഒന്നാം നമ്പർ ടീമിനെതിരെയാണ് ഞങ്ങൾ കളിക്കുന്നത്. അതും അവരുടെ നാട്ടിൽ. 1994നുശേഷം ഇന്ത്യയിൽ വിൻഡീസ് ഒരു ടെസ്റ്റ് മൽസരം പോലും ജയിച്ചിട്ടില്ല എന്നതിന് ചരിത്രം സാക്ഷിയാണ്. ബ്രയാൻ ലാറ ഉൾപ്പെടെയുള്ള ഇതിഹാസ താരങ്ങൾ കളിച്ചിരുന്ന സമയത്തുപോലും ഇതുതന്നെ സ്ഥിതി’ – ഹോൾഡർ പറഞ്ഞു.

വെസ്റ്റ് ഇൻഡീസ് ഇന്ത്യയിൽ ഏറ്റവും ഒടുവിൽ ഒരു ടെസ്റ്റ് പരമ്പര സമനിലയിലാക്കിയത് ലാറയുടെ കാലത്താണ്. 1994ലായിരുന്നു ഇത്. അന്ന് മൊഹാലിയിൽ നടന്ന ടെസ്റ്റിൽ ലാറ നേടിയ 91 റൺസിന്റെ മികവിലാണ് വിൻഡീസ് സമനില സ്വന്തമാക്കിയത്. ലാറ ഇന്ത്യയിൽ കളിച്ചിട്ടുള്ള ഏക ടെസ്റ്റ് പരമ്പരയും ഇതാണ്.

വിൻഡീസ് താരങ്ങൾക്ക് ട്വന്റി20 ക്രിക്കറ്റിൽ മാത്രമാണ് താൽപര്യമെന്ന് വിമർശിച്ച് മുൻ വിൻഡീസ് താരം കൂടിയായ കാൾ ഹൂപ്പർ രംഗത്തെത്തിയിരുന്നു. ആരുടെയും പേരെടുത്തു പറയാതെ ഈ ആരോപണത്തെയും ഹോൾഡർ നേരിട്ടു. ‘ഓരോരുത്തർക്കും അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഈ പരമ്പരയിൽ എനിക്കും ടീമിനും എന്താണു ചെയ്യാനാവുക എന്നതിലാണ് എന്റെ പൂർണ ശ്രദ്ധയും. മറ്റുള്ളവർ എന്തു പറയുന്നു എന്നു നോക്കിയിട്ടു കാര്യമില്ല. അവർക്ക് എപ്പോഴും എന്തെങ്കിലുമൊക്കെ പറയാനുണ്ടാകും’ – ഹോൾഡർ ചൂണ്ടിക്കാട്ടി.

മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ വിമർശകരുടെ വായടപ്പിക്കാനുള്ള എന്തെങ്കിലും സാധ്യതയുള്ളൂവെന്ന് ഹോൾഡർ അഭിപ്രായപ്പെട്ടു. എന്നാൽത്തന്നെ ചിലർ വായടയ്ക്കില്ലെന്നും ഹോൾഡർ പരിഹസിച്ചു. ‘ഈ ടീമിനെക്കുറിച്ച് വിമർശകർ പറയുന്ന പല കാര്യങ്ങളോടും എനിക്കു യോജിപ്പില്ല. അവസാനം കളിച്ച രണ്ടുമൂന്നു പരമ്പരകളിൽ വലിയ ടീമുകളെ ഞങ്ങൾ തോൽപ്പിച്ചിട്ടുണ്ട്. അധികം പരമ്പര വിജയങ്ങൾ സ്വന്തമാക്കാൻ ഞങ്ങൾക്കു സാധിച്ചിട്ടുണ്ടാകില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ ഞങ്ങൾ കളിച്ച നാലോ അഞ്ചോ പരമ്പരകളിൽ രണ്ടെണ്ണമെങ്കിലും ഞങ്ങൾ ജയിച്ചിട്ടുണ്ട്. എന്നിട്ടും ഈ ടീമിനെ ഇങ്ങനെ വിമർശിക്കുന്നതിന്റെ കാരണം പിടികിട്ടുന്നില്ല’ – ഹോൾഡർ പറഞ്ഞു.

ബംഗ്ലദേശിനെപ്പോലെ ഏതെങ്കിലും ഒരു ഫോർമാറ്റിൽ വിൻഡീസ് ശ്രദ്ധ ചെലുത്തണമെന്ന അഭിപ്രായവും ഹോൾഡർ തള്ളിക്കളഞ്ഞു. ‘ഈ അഭിപ്രായത്തോട് എനിക്കു യോജിപ്പില്ല. കഴിഞ്ഞ നാലഞ്ചു വർഷത്തെ ഞങ്ങളുടെ ചരിത്രം പരിശോധിച്ചാൽ ഞങ്ങൾ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ളത് ട്വന്റി20യിലാണ്. പിന്നെ ടെസ്റ്റിലും. കഴിഞ്ഞ 10 വർഷത്തോളമായി ഏകദിനത്തിൽ മികച്ച പ്രകടനം നടത്താനാകാതെ ഞങ്ങൾ കഷ്ടപ്പെടുകയാണ്’ – ഹോൾഡർ ചൂണ്ടിക്കാട്ടി.

ഏകദിന ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസ് ടീമിന്റെ ഏറ്റവും ഒടുവിലത്തെ മികച്ച പ്രകടനം 2004ലെ ചാംപ്യൻസ് ട്രോഫി ജയിച്ചതാണെന്നും ഹോൾഡർ പറഞ്ഞു. അതിനുശേഷം ഏകദിന ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്താൻ വിൻഡീസിന് സാധിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു മൂന്നു വർഷത്തിനിടെ ‍ഞങ്ങൾ കൂടുതൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ളത് ടെസ്റ്റ് ക്രിക്കറ്റിലാണ് – ഹോൾഡർ പറഞ്ഞു.