Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെസ്റ്റിന് ഡ്യൂക് പന്ത് മതിയെന്ന് കോഹ്‍ലി

DUKE-BALL

ഹൈദരാബാദ് ∙ ടെസ്റ്റ് ക്രിക്കറ്റിൽ ലോകമെങ്ങും ഡ്യൂക് ബോൾ ഉപയോഗിക്കണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി. നാട്ടിൽ ഇന്ത്യ ഉപയോഗിക്കുന്ന എസ്ജി പന്തുകൾ ടെസ്റ്റ് ക്രിക്കറ്റിനു പറ്റിയതല്ലെന്നു കോഹ്‍ലി തുറന്നുപറഞ്ഞു. ‘‘ടെസ്റ്റ് ക്രിക്കറ്റിന് ഏറ്റവും പറ്റിയത് ഇംഗ്ലണ്ടിൽ നിർമിക്കുന്ന ഡ്യൂക് പന്തുകളാണ്. കളിയുടെ എല്ലാഘട്ടങ്ങളിലും സ്ഥിരത നിലനിർത്തുന്ന ഇവ സ്പിന്നർമാരെയും തുണയ്ക്കുന്നതാണ്.’’

രാജ്യാന്തര ക്രിക്കറ്റ് സമിതി നിബന്ധനകളൊന്നും വച്ചിട്ടില്ലാത്തതിനാൽ ഇപ്പോൾ ഓരോ രാജ്യവും വ്യത്യസ്ത ബ്രാൻഡ് പന്തുകളാണു ടെസ്റ്റുകളിൽ ഉപയോഗിക്കുന്നത്. നാട്ടിലുണ്ടാക്കുന്ന എസ്ജി പന്തുകളാണ് ഇന്ത്യ തൊണ്ണൂറുകൾ മുതൽ ഉപയോഗിച്ചുവരുന്നത്. ഓസ്ട്രേലിയയും പാക്കിസ്ഥാനും ശ്രീലങ്കയും കൂക്കബൂറയാണ് ഉപയോഗിക്കുന്നത്. എസ്ജി പന്തുകളുടെ നിലവാരക്കുറവിനെ ഓഫ് സ്പിന്നർ രവിചന്ദ്ര അശ്വിനും വിമർശിച്ചിരുന്നു. സീം നിലനിർത്തുന്നതും പെട്ടെന്നു മൃദുവാകാത്തതുമായ ഡ്യൂക് ബോളുകൾ ടെസ്റ്റ് ക്രിക്കറ്റ് ആവേശകരമാക്കുമെന്നും കോഹ്‍ലി പറഞ്ഞു. കൂക്കബൂറ പന്തുകൾ യന്ത്രനിർമിതമാണ്. ഡ്യൂക്കും എസ്ജിയും കൈകൊണ്ടു നിർമിച്ചവയും.