Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഞ്ഞടിച്ച പന്ത് ടീമിനുള്ളിൽ; ആദ്യ രണ്ട് ഏകദിനങ്ങളിൽ ധോണിക്കൊപ്പം രണ്ടാം കീപ്പർ

Rishabh Pant ഋഷഭ് പന്ത് ഹൈദരാബാദിൽ ഇന്ത്യൻ ടീമിനൊപ്പം പരിശീലനത്തിൽ

ഹൈദരാബാദ്∙ അടുത്ത വർഷത്തെ ലോകകപ്പോടെ പരിമിത ഓവർ ക്രിക്കറ്റിൽ നിന്നു വിടവാങ്ങാൻ സാധ്യതയുള്ള മുൻ നായകൻ മഹേന്ദ്ര സിങ് ധോണിക്കു പകരക്കാരനുള്ള അന്വേഷണത്തിനു സിലക്‌ഷൻ കമ്മിറ്റി ഉത്തരം കണ്ടെത്തി: ഋഷഭ് പന്ത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലും വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിലും ബാറ്റിങ്ങിൽ മിന്നും പ്രകടനം കാഴ്ചവച്ച ഋഷഭിനെ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങൾക്കുള്ള ടീമിലാണ് ഉൾപ്പെടുത്തിയത്. ടെസ്റ്റിൽ 114, 92 എന്നിങ്ങനെ തുടർച്ചയായ രണ്ടു മികച്ച സ്കോറുകൾ കണ്ടെത്തിയ പന്ത്, ദിനേഷ് കാർത്തിക്കിനു പകരമാണു ടീമിലെത്തുന്നത്. 

പ്രായമേറും തോറും വിക്കറ്റ് കീപ്പിങ്ങിൽ അസാമാന്യ ഫോമിലേക്കുയരുന്ന ധോണി പക്ഷേ, ബാറ്റിങ്ങിൽ മികച്ച ഫോമിലല്ല. അതുകൊണ്ടു തന്നെ ബാറ്റ്സ്മാൻ എന്ന നിലയിൽ മാത്രം ഋഷഭ് പന്ത് അവസാന ഇലവനിൽ കളിക്കുമെന്നും ആവശ്യമെങ്കിൽ കീപ്പ് ചെയ്യുമെന്നും ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദ് പറഞ്ഞു. വിക്കറ്റ് കീപ്പിങ്ങിൽ ഋഷഭ് പന്തിനുളള മികവു മെച്ചപ്പെടുത്താനും ശ്രമങ്ങളുണ്ടാവും. 

ലോകകപ്പ് വരെ ധോണിയാവും ഫസ്റ്റ് ചോയ്സ് കീപ്പർ എന്നതിൽ മാറ്റമില്ലെന്നു പ്രസാദ് വ്യക്തമാക്കി. 

ദീർഘകാല നിക്ഷേപം എന്ന നിലയ്ക്കാണു പന്തിനെ ടീമിലെടുത്തത്. ‘‘ രണ്ടാം വിക്കറ്റ് കീപ്പറിനുള്ള അന്വേഷണത്തിൽ ദിനേഷ് കാർത്തിക്കിനും അവസരം നൽകിയിരുന്നു. ഇനി ഋഷഭ് പന്തിന് അവസരം നൽകുന്നു. ആവശ്യമായ സമയത്ത് ആരാണു തമ്മിൽ മികച്ചത് എന്നു തീരുമാനിക്കും.’’– പ്രസാദ് പറഞ്ഞു. 

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അവസാന ഏകദിനം കളിച്ച മുഹമ്മദ് ഷാമി ടീമിൽ തിരിച്ചെത്തിയതും ശ്രദ്ധേയമായി. മൂന്നാം സീമർ ആയാണു ഷാമിയെ ടീമിലുൾപ്പെടുത്തിയത്.

 ‘‘ ലോകകപ്പിലെ ആദ്യ മൽസരത്തിനു മുൻപു 18 മൽസരങ്ങളേ ഇന്ത്യ കളിക്കുന്നുള്ളു. ഫാസ്റ്റ് ബോളർമാരെ അതിനു മുൻപു നിശ്ചയിക്കേണ്ടതുണ്ട്. അങ്ങനെയാണു ഷാമി ടീമിലെത്തുന്നത്.’’– പ്രസാദ് പറഞ്ഞു. 

ഏഷ്യ കപ്പിൽ നിന്നു വിശ്രമമെടുത്ത വിരാട് കോഹ്‌ലിയാവും അഞ്ചു മൽസരങ്ങളിലും ടീമിനെ നയിക്കുന്നത്. ഭുവനേശ്വർ കുമാറും ജസ്പ്രിത് ബുമ്രയും പരമ്പരയുടെ രണ്ടാം ഘട്ടത്തിൽ തിരിച്ചെത്തും. 

ആദ്യ രണ്ട് ഏകദിനങ്ങൾക്കുള്ള ടീം: വിരാട് കോഹ്‌ലി, രോഹിത് ശർമ, ശിഖർ ധവാൻ, അമ്പാട്ടി റായുഡു, മനിഷ് പാണ്ഡെ, എം.എസ്. ധോണി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷാമി, ഖലീൽ അഹമ്മദ്, ഷർദുൽ ഠാക്കൂർ, കെ.എൽ. രാഹുൽ.

related stories