Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആറു വിക്കറ്റ് പ്രകടനവുമായി ഉമേഷ് യാദവ്; വെസ്റ്റ് ഇൻഡീസ് ആദ്യ ഇന്നിങ്സിൽ 311 ന് പുറത്ത്

umesh-yadav-celebrtions ആറു വിക്കറ്റ് വീഴ്ത്തി ഉമേഷ് യാദവിന്റെ ആഹ്ലാദം. ട്വിറ്റർ ചിത്രം

ഹൈദരാബാദ് ∙ ആദ്യ ടെസ്റ്റിലെ ഇന്നിങ്സ് തോൽവിയിൽനിന്നുള്ള പാഠങ്ങൾ രണ്ടാം ടെസ്റ്റിലെ പോരാട്ടവീര്യത്തിനുള്ള ഇന്ധനമാക്കിയ വെസ്റ്റ് ഇൻഡീസിന് ആദ്യ ഇന്നിങ്സിൽ ഭേദപ്പെട്ട സ്കോർ. 101.4 ഓവറിൽ 311 റൺസിന് വെസ്റ്റ് ഇൻഡീസ് ആദ്യ ഇന്നിങ്സിൽ പുറത്തായി. ഏഴു വിക്കറ്റിന് 295 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ വിൻഡീസിലെ മൂന്നു താരങ്ങളെയും ഉമേഷ് യാദവ് പുറത്താക്കുകയായിരുന്നു. വെസ്റ്റ് ഇൻഡീസിന്റെ ആറു വിക്കറ്റുകളാണ് ഉമേഷ് യാദവ് വീഴ്ത്തിയത്. ദേവേന്ദ്ര ബിഷൂ (20 പന്തിൽ രണ്ട്), റോസ്റ്റൻ ചേസ് (189 പന്തിൽ 106), ഗബ്രിയേൽ (പൂജ്യം) എന്നിവരാണ് രണ്ടാം ദിനം പുറത്തായ വെസ്റ്റ് ഇൻഡീസ് താരങ്ങൾ. 

കുൽദീപ് യാദവിന്റെ പന്തുകൾക്കു മുന്നിൽ മുൻനിര തകർന്നടിഞ്ഞെങ്കിലും റോസ്റ്റൻ ചേസിന്റെ സെഞ്ചുറി പോരാട്ടമാണ് വിൻഡീസിനെ കൈപിടിച്ചുയർത്തിയത്. പരുക്കു മാറി ടീമിലേക്കു മടങ്ങിയെത്തിയ നായകൻ ജെയ്സൺ ഹോൾഡർ (52) ചേസിനു മികച്ച പിന്തുണ നൽകി. നവംബറിലെ ഓസ്ട്രേലിയൻ പര്യടനം മുന്നിൽക്കണ്ടു യുവ പേസർ ഷാർദൂൽ ഠാക്കൂറിനെ പരീക്ഷിച്ച ഇന്ത്യയുടെ കണക്കുകൂട്ടലുകൾ നാലാം ഓവറിൽത്തന്ന പിഴച്ചു. ബോളിങ്ങിനിടെ തുടയ്ക്കു പരുക്കേറ്റ് മുടന്തിക്കൊണ്ടു കളംവിട്ട ഷാർദൂലിനു പിന്നീടു പന്തെറിയാനായില്ല. എന്നാൽ, ഷാർദൂലിന്റെ അഭാവം മുതലാക്കാൻ വിൻഡീസ് മുൻനിരയ്ക്കു കഴിഞ്ഞില്ല. 11–ാം ഓവറിൽ പവലിനെ (22) ജഡേജയുടെ കൈകളിലെത്തിച്ച അശ്വിൻ ഇന്ത്യൻ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടു. കുൽദീപിന്റെ ഗൂഗ്ലിയിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി ബ്രാത്ത്‌വൈറ്റും (14) മടങ്ങി. മികച്ച തുടക്കം ലഭിച്ച ഹോപ്പിനെ (36) ഉമേഷ് വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ വിൻഡീസ് വീണ്ടും അപകടം മണത്തു. 

india-west-indies-ashwin-wicket

ആദ്യ ദിനം ലഞ്ചിനുശേഷം ഹെറ്റ്മയറിനെയും ആംബ്രിസിനെയും കുൽദീപ് വീഴ്ത്തിയതോടെ അഞ്ചിനു 113 എന്ന നിലയിൽ തകർന്ന വിൻഡീസിനെ ചേസ് – ഡോവ്രിച്ച് സഖ്യം കരയ്ക്കടുപ്പിക്കുന്നതാണു പിന്നീടു കണ്ടത്. ആറാം വിക്കറ്റിൽ 69 റൺസ് ചേർത്ത കൂട്ടുകെട്ട് ഉമേഷ് പൊളിച്ചു. റിവ്യുവിലൂടെയാണ് ഡ്രോവിച്ചിനെതിരെ (30) എൽബി വിധി സ്വന്തമാക്കിയത്. എന്നാൽ, പിന്നീടു ഹോൾഡർ ക്രീസിലെത്തിയതോടെയാണു കഥ മാറുന്നത്. അശ്വിനെതിരെ കരുതലോടെ കളിച്ച സഖ്യം ജഡേജയുടെയും കുൽദീപിന്റെയു മോശം പന്തുകളെ തിരഞ്ഞുപിടിച്ച് അതിർത്തി കടത്തി. 

സെഞ്ചുറി കൂട്ടുകെട്ടു തികച്ച സഖ്യം (104 റൺസ്) വിൻഡീസിനു മികച്ച സ്കോർ സമ്മാനിക്കുമെന്നു തോന്നിച്ചെങ്കിലും ആദ്യദിനം അവസാനിക്കാൻ അര മണിക്കൂർ ബാക്കിയുള്ളപ്പോൾ‌  ഉമേഷിന്റെ ഷോട്ട് ബോൾ ഉയർത്തി അടിക്കാനുള്ള ഹോൾഡറുടെ ശ്രമം വിക്കറ്റ് കീപ്പർ‌ പന്തിന്റെ ഗ്ലൗസിൽ അവസാനിച്ചു. രണ്ടാം ദിനം റോസ്റ്റൻ ചേസ് സെഞ്ചുറി പൂർത്തിയാക്കി. എന്നാൽ ചേസ് ഉൾപ്പെടെ മൂന്നു താരങ്ങളും ഉമേഷ് യാദവിനു മുന്നിൽ കുടുങ്ങിയപ്പോൾ വെസ്റ്റ് ഇൻഡീസ് ആദ്യ ഇന്നിങ്സിൽ 311 ന് പുറത്ത്.

umesh-yadav-celebration

∙ ഇന്ത്യൻ നിരയിൽ താക്കൂറിന് അരങ്ങേറ്റം

യുവതാരം ഷാർദുൽ താക്കൂറിന് അരങ്ങേറ്റത്തിന് അവസരം നൽകിയാണ് ഇന്ത്യ രണ്ടാം ടെസ്റ്റ് കളിക്കുന്നത്. മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചാണ് താക്കൂറിനെ ടീമിൽ ഉൾപ്പടുത്തിയത്. ഇന്ത്യൻ ടീമിൽ മറ്റു മാറ്റങ്ങളില്ല. ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കുന്ന 294–ാമത്തെ താരമാണ് താക്കൂർ. ഈ വർഷം മാത്രം ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന അഞ്ചാമത്തെ താരവുമായി യുവതാരം. ഇതിനു മുൻപ് 2013ലാണ് ഒരു കലണ്ടർ വർഷത്തിൽ ഇന്ത്യയ്ക്കായി അഞ്ചു താരങ്ങൾ അരങ്ങേറിയിട്ടുള്ളത്. അന്ന് മുഹമ്മദ് ഷാമി, രോഹിത് ശർമ, അജിങ്ക്യ രഹാനെ, ശിഖർ ധവാൻ, ഭുവനേശ്വർ കുമാർ എന്നിവരാണ് അരങ്ങേറ്റം കുറിച്ചത്.

അതേസമയം, വിൻഡീസ് ടീമിൽ ക്യാപ്റ്റൻ ജേസൺ ഹോൾഡർ തിരിച്ചെത്തി. കീമോ പോളിനു പകരക്കാരനായാണ് ഹോൾഡറിന്റെ വരവ്. ഷേമാൻ ലെവിസിനു പകരം ജോമൽ വാറികനും വിൻഡീസ് ടീമിൽ ഇടംപിടിച്ചു.

related stories